മേപ്പാടി: ചോലമല, എളമ്പിലേരി മേഖലയിലെ ജനവാസ മേഖലകളിൽ കാട്ടാന ഭീഷണി തുടരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒമ്പതിന് പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ (67) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന്, കൊലയാളി ആനയടക്കമുള്ള കാട്ടാനകളെ കാട്ടിലേക്ക് തുരത്താനായി കുങ്കിയാനകളുമായി വനംവകുപ്പ് അധികൃതർ തിരച്ചിൽ നടത്തുകയാണ്. വനംവകുപ്പ് അധികൃതർ വന്നു മടങ്ങിയ ശേഷമാണ് മേപ്പാടി ചോലമല പത്താംനമ്പറിലും എളമ്പിലേരി പ്രദേശത്തും കഴിഞ്ഞ ദിവസം രാത്രി വീണ്ടും കാട്ടാനക്കൂട്ടമെത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു.
കുങ്കിയാനകളുമായി ശനിയാഴ്ച വനപാലകർ എത്തിയപ്പോഴേക്കും പ്രദേശത്തെത്തിയ കാട്ടാനകൾ വനത്തിലേക്ക് മടങ്ങിക്കഴിഞ്ഞിരുന്നു. ശേഷം ജീവനക്കാർ മടങ്ങിപ്പോവുകയായിരുന്നു. എന്നാൽ, അതേ ആനകൾതന്നെ രാത്രി എട്ടോടെ തിരിച്ചെത്തിയെന്ന് നാട്ടുകാർ പറയുന്നു. ഞായറാഴ്ച പുലർച്ചയോടെയാണ് ആനക്കൂട്ടം മടങ്ങിയത്. വലിയ നാശനഷ്ടങ്ങളൊന്നുമുണ്ടാക്കിയിട്ടില്ല. ഞായറാഴ്ച രാവിലെ കുങ്കിയാനകളുടെ അകമ്പടിയില്ലാതെ വനപാലകർ രണ്ടു ബാച്ചുകളായി വന മേഖലകളിൽ തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ലെന്നാണ് വിവരം.
ഏതു നേരത്തും ആനകളിറങ്ങി വരുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഒരുവർഷം മുമ്പ് കുഞ്ഞവറാൻ എന്ന തോട്ടം തൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രദേശമാണ് എളമ്പിലേരി. ഇതിനാൽ മനഃസ്സമാധാനത്തോടെ പുറത്തിറങ്ങാനും കിടന്നുറങ്ങാനും കഴിയാതെ ഭീതിയുടെ സാഹചര്യത്തിലാണ് തങ്ങളുള്ളതെന്നും നാട്ടുകാർ പറയുന്നു. വന്യമൃഗശല്യം ഈ നിലയിൽ തുടർന്നാൽ ഭാവിയിൽ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ആനകളെ നാട്ടിലിറങ്ങാത്തവിധം വനത്തിന്റെ വിദൂര ഭാഗത്തേക്ക് തുരത്തുകയെന്ന ലക്ഷ്യം ഇനിയും അകലെയാണെന്നതാണ് മറ്റൊരു യാഥാർഥ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.