വിദ്യാർഥി സംഘർഷം; മേപ്പാടി പോളി അനിശ്ചിതകാലത്തേക്ക് അടച്ചു

മേപ്പാടി: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തെ തുടർന്ന് മേപ്പാടി ഗവ. പോളിടെക്നിക് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വിദ്യാർഥി സംഘർഷവുമായി ബന്ധപ്പെട്ട് നാലു പേരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കോളജിലെത്തിയ എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റ് അപർണ ഗൗരിയെ മർദിച്ച കേസിൽ മൂന്നു പേരെയും മേപ്പാടി ഇൻസ്പെക്ടർ എ.ബി. വിപിനിനെ മർദിച്ച കേസിൽ ഒരാളുമാണ് അറസ്റ്റിലായത്.

കെ.ടി. അതുൽ (20), കിരൺ രാജ് (20), മുഹമ്മദ് ഷിബിലി (20) എന്നിവരാണ് അപർണയെ മർദിച്ച കേസിൽ അറസ്റ്റിലായത്. ഇൻസ്പെക്ടർ എ.ബി. വിപിനിനെ മർദിച്ച കേസിൽ കോളജിലെ വിദ്യാർഥിയായ അലൻ ആന്‍റണി (20) ആണ് അറസ്റ്റിലായത്.

അതിക്രമം, മർദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റുചെയ്തവരെ കോടതിയിൽ ഹാജരാക്കി. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ കോളജ് പ്രവർത്തിക്കില്ലെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒന്നിലധികം കേസുകളിലായാണ് കണ്ടാലറിയാകുന്ന 40ഓളം വിദ്യാർഥികളെ പ്രതികളാക്കി മേപ്പാടി പൊലീസ് കേസെടുത്തത്. ഇതിൽ ഉൾപ്പെട്ട നാലുപേരാണ് ഇതുവരെ അറസ്റ്റിലായത്.

മേപ്പാടി സ്റ്റേഷൻ എസ്.എച്ച്.ഒവിപിനെ ആക്രമിച്ചതും എസ്.എഫ്.ഐ ജില്ല ഭാരവാഹിയായ അപർണ ഗൗരിയെ ആക്രമിച്ച കേസുകളിലായി 20 പേർക്കെതിരെയും, യു.ഡി.എസ്.എഫ് കോളജ് യൂനിയൻ ചെയർമാൻ മുഹമ്മദ് സലിം, മൂപ്പൈനാട് ഗ്രാമപഞ്ചായത്തംഗം അസ്കറലി എന്നിവരെ അരപ്പറ്റ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന കേസിൽ 15 എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. കണ്ടാലറിയുന്ന മറ്റുള്ളവർക്കെതിരെയും കേസെടുക്കാനിടയുണ്ട്.

കഴിഞ്ഞ ദിവസമാണ് മേപ്പാടി ഗവ. പോളിടെക്നിക്കിൽ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെ വിദ്യാർഥികൾ ഏറ്റുമുട്ടിയത്. പൊലീസ് ലാത്തിവീശിയിരുന്നു. സംഘർഷത്തിൽ മൂന്നു പൊലീസുകാർക്കും അഞ്ച് വിദ്യാർഥികൾക്കുമാണ് പരിക്കേറ്റത്.

കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ മേപ്പാടി പോളിയുടെ ചരിത്രത്തിലാദ്യമായി ഏഴിൽ ആറു സീറ്റിലും വിജയിച്ച് യു.ഡി.എസ്.എഫ് ഭരണം പിടിച്ചു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. മേപ്പാടി പോളിയിലെ സംഘർഷത്തിന് പിന്നാലെ മേപ്പാടി വിംസ് ആശുപത്രിയുടെ പുറത്തുണ്ടായ സംഘർഷത്തിൽ മൂപ്പൈനാട് 15ാം വാർഡംഗം അഷ്കർ അലിക്ക് പരിക്കേറ്റു. മുഖത്താണ് പരിക്കേറ്റത്. മേപ്പാടി കോളജിലെ യൂനിയൻ ചെയർമാനായി വിജയിച്ച മുഹമ്മദ് സാലിമുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്.

കർശന നടപടിയെടുക്കണം -സി.പി.എം

കൽപറ്റ: മയക്കുമരുന്ന് മാഫിയക്കൊപ്പം ചേർന്ന്‌ മേപ്പാടി പോളിടെക്‌നിക്‌ കോളജിൽ എസ്‌.എഫ്‌.ഐ വനിത നേതാവിനെ വധിക്കാൻ ശ്രമിച്ചവർക്കെതിരെ കർശന നടപടി എടുക്കണമെന്ന്‌ സി.പി.എം ജില്ല സെക്രേട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. മയക്കുമരുന്നിനെതിരെ എസ്‌.എഫ്‌.ഐ സ്വീകരിച്ച കർശന നിലപാടാണ്‌ ഇവരെ പ്രകോപിപ്പിച്ചത്‌.

മുപ്പതിലധികം വരുന്ന സംഘമാണ്‌ എസ്.എഫ്.ഐ ജില്ല വൈസ് പ്രസിഡന്റായ അപർണ ഗൗരിയെ പെൺകുട്ടിയെന്ന പരിഗണനപോലും നൽകാതെ മൃഗീയമായി മർദിച്ചത്‌. വളഞ്ഞിട്ട്‌ മർദിക്കുകയായിരുന്നു.

കാമ്പസിൽ അരാജകത്വം പ്രോത്സാഹിപ്പിച്ച്, മയക്കുമരുന്ന് ഗ്യാങ്ങിനെ മുൻനിർത്തിയാണ് യു.ഡി.എസ്.എഫ് തെഞ്ഞെടുപ്പിനെ നേരിട്ടതെന്നും സി.പി.എം ആരോപിച്ചു. ഇവർക്ക് പിന്തുണ നൽകുകയാണ് മേപ്പാടിയിലെ മുസ്‍ലിം ലീഗും കോൺഗ്രസുമെന്നും സി.പി.എം ആരോപിച്ചു.

എസ്.എഫ്.ഐ ഭീകരാന്തരീക്ഷമുണ്ടാക്കുന്നു -കോൺഗ്രസ്

കല്‍പറ്റ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എസ്.എഫിന്റെ വിദ്യാര്‍ഥികളെ ക്രൂരമായി മർദിച്ച നടപടിയില്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. സര്‍ക്കാറിന്റെ ഒത്താശയോടെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐക്കാര്‍ കലാലയങ്ങളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്.

യു.ഡി.എസ്.എഫിന്റെ വിദ്യാര്‍ഥികളെ പൊലീസ് സഹായത്തോട് കൂടിയാണ് മർദിച്ചവശരാക്കിയത്. ഗുരുതരമായി പരിക്കേറ്റ അവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ പൊലീസ് ഉദ്യോഗസ്ഥന്മാരെയും മർദിച്ച് പരിക്കേല്‍പ്പിക്കുന്ന സംഭവവുമുണ്ടായി.

പൊലീസുകാരില്‍ പലരും ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമകാരികള്‍ മാരകമായ മയക്കുമരുന്നിന് അടിമകളാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കുട്ടികളെ മർദിച്ചതിന് ശേഷം കള്ളക്കേസെടുക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കോണ്‍ഗ്രസും യു. ഡി.എഫും കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ മുന്നറിയിപ്പ് നല്‍കി.

Tags:    
News Summary - student conflict-Meppadi Poly closed indefinitely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.