സൂചിപ്പാറ വിനോദസഞ്ചാര കേന്ദ്രം
മേപ്പാടി: സന്ദർശകരുടെ എണ്ണത്തിൽ കുറവു വരുത്തിയതും പ്രവേശന ഫീസ് ഇരട്ടിയാക്കിയതും സൂചിപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തെ പ്രതിസന്ധിയിലാക്കിയെന്ന് ആക്ഷേപം. കുറുവ വനസംരക്ഷണ സമിതി ജീവനക്കാരൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സൂചിപ്പാറ അടക്കമുള്ള വനംവകുപ്പിന്റെ കീഴിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഹൈകോടതി നിയന്ത്രണം ഏർപ്പെടുത്തിയത്.
അനുവദിക്കപ്പെട്ട 500 പേരുടെ സന്ദർശനം കഴിഞ്ഞ് എന്നും രാവിലെ 11 മണിയോടെ കേന്ദ്രം അടക്കുകയാണ്. നിരവധി സന്ദർശകരാണ് ഇതുമൂലം നിത്യവും പ്രവേശനം കിട്ടാതെ നിരാശരായി മടങ്ങുന്നത്. ഇതോടെ പ്രദേശത്തെ ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും പ്രതിസന്ധിയിലായെന്ന് പരാതി ഉയർന്നു.
ഹൈകോടതി ഉത്തരവനുസരിച്ച് എട്ടു മാസം അടച്ചിട്ടശേഷം 2024 നവംബർ ഒന്നിനാണ് സൂചിപ്പാറ വീണ്ടും തുറന്നത്. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 75 രൂപയായിരുന്നത് 150 രൂപയാക്കി വർധിപ്പിച്ചതോടൊപ്പം പ്രതിദിന സന്ദർശകരുടെ എണ്ണം 1200ൽനിന്ന് 500 ആക്കി കുറച്ചുകൊണ്ടാണ് തുറക്കാൻ ഹൈകോടതി ഉത്തരവിറക്കിയത്.
ഇത് വരുമാനത്തിൽ കുറവ് വരുത്തിയതിനൊപ്പം സന്ദർശകർ പ്രവേശനം കിട്ടാതെ തിരിച്ചു പോകുന്ന അവസ്ഥയുമുണ്ടാക്കി. ഇവിടെ പ്രവർത്തിക്കുന്ന ഹോട്ടലുകലും പ്രതിസന്ധിയിലായി. പ്രത്യക്ഷമായും പരോക്ഷമായും സൂചിപ്പാറയെ ആശ്രയിച്ചിരുന്ന മറ്റ് നിരവധി പേരുടെ വരുമാനത്തെയും ഇത് പ്രതികൂലമായി ബാധിച്ചു.
ജില്ലയിൽ വനംവകുപ്പിന് കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങൾ. സ്വകാര്യ ഉടമസ്ഥതയിലുള്ള കേന്ദ്രങ്ങളിൽ നിയന്ത്രണങ്ങളില്ല. തീരുമാനത്തിനെതിരെ പുന:പരിശോധന ഹരജി നൽകാവുന്നതാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. എന്നാൽ, അങ്ങനെയൊരു ഹരജി ഫയൽ ചെയ്യാൻ വനംവകുപ്പ് തയാറാകാത്തതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.