കുന്നമംഗലംവയൽ പ്രദേശം
മേപ്പാടി: പ്രകൃതി ദുരന്ത ഭീഷണിയുടെ പശ്ചാത്തലത്തിൽ മേപ്പാടി കുന്നമംഗലം വയൽ പ്രദേശത്തെ കുടുംബങ്ങൾക്ക് മാറിത്താമസിക്കാനായി മുക്കംകുന്നിൽ നൽകിയ ഭൂമി ഉപയോഗിക്കുന്നില്ലെങ്കിൽ തിരിച്ചെടുക്കുമെന്ന് റവന്യൂ വകുപ്പ്. ഇത് സംബന്ധിച്ച് വൈത്തിരി താലൂക്ക് അധികൃതർ കുന്നമംഗലംവയലിൽ നേരിട്ടെത്തി കുടുംബങ്ങൾക്ക് നോട്ടീസ് നൽകി. 2008ലാണ് കുന്നമംഗലംവയലിലെ ഏതാനും കുടുംബങ്ങൾക്ക് മുക്കംകുന്നിൽ എട്ട് സെന്റ് സ്ഥലം വീതം സർക്കാർ വാങ്ങി നൽകിയത്.
16 വർഷം കഴിഞ്ഞിട്ടും ഇവിടെ താമസിക്കാൻ ആരും തയാറായിട്ടില്ല. മുക്കംകുന്നിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഒരാൾക്ക് എട്ടു സന്റ് വീതം സ്ഥലത്തിന്റെ കൈവശ രേഖ വിതരണം ചെയ്തു എന്നല്ലാതെ ഭൂമി അളന്നു തിരിച്ച് നൽകുക പോലുമുണ്ടായിട്ടില്ലെന്ന് കുടുംബങ്ങൾ പറയുന്നു. അവിടെ അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല. വീട് നിർമിക്കാനുള്ള ധന സഹായവും ആർക്കും ലഭിച്ചിട്ടില്ല.
വീടില്ലാതെ എങ്ങിനെ അവിടെ പോയി താമസിക്കുമെന്നാണ് കുടുംബങ്ങൾ ചോദിക്കുന്നത്. എന്നാൽ, ഭൂമി കൈവശം വെച്ച് സംരക്ഷിക്കുകയോ താമസിക്കുകയോ ചെയ്യാത്തതിനാൽ വിതരണം ചെയ്ത കൈവശരേഖ റദ്ദ് ചെയ്യുമെന്നും സ്ഥലം ഭൂരഹിതർക്ക് പുന:പതിവ് നടത്തണമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഇതോടെ എന്തു ചെയ്യണമെന്നറിയാത്ത നിസ്സഹായാവസ്ഥയിലാണ് പ്രദേശത്തെ കുടുംബങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.