ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടഞ്ഞുതന്നെ; വിനോദ ​േ​കന്ദ്രങ്ങളെ ആശ്രയിച്ചിരുന്നവർ ദുരിതത്തിൽ

മേപ്പാടി: ജില്ലയിൽ വനകേന്ദ്രീകൃത വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വാതിലുകൾ അടഞ്ഞുതന്നെ കിടക്കുകയാണ്. കേന്ദ്രങ്ങൾ തുറക്കുന്നത് അനിശ്ചിതമായി നീളുന്നതോടെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ തൊഴിലെടുത്തിരുന്നവരുടെയും അതിനെ ചുറ്റിപ്പറ്റി ഉപജീവനം കണ്ടെത്തിയവരുടെയും പ്രതീക്ഷകളെല്ലാം അസ്തമിച്ചിരിക്കുകയാണ്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ നിയന്ത്രണത്തിലുള്ള വിനോദ കേന്ദ്രങ്ങൾ തുറക്കാനുള്ള ഒരുക്കം നടക്കുമ്പാേഴും വനത്തിനുള്ളിലെ വിനോദ കേന്ദ്രങ്ങൾ തുറക്കാൻ നടപടിയില്ല. കോടതി ഉത്തരവിനെ തുടർന്ന് ഇവ അടച്ചിട്ട് ഒന്നര വർഷം പിന്നിട്ടു.

ജില്ലയിലെ പരിസ്ഥിതി സംഘടന നൽകിയ ഹർജിയെ തുടർന്നാണ് 2019 മാർച്ച് 27ന് ഹൈകോടതി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടക്കാൻ ഉത്തരവിട്ടത്. സൂചിപ്പാറ, ചെമ്പ്രമല, മീൻമുട്ടി, കുറുവ ദ്വീപ് എന്നിവയാണ് കോടതി ഉത്തരവിനെ തുടർന്ന് അടച്ചിട്ടത്. ഇതിനിടെ, കോടതി ഉത്തരവ് പുനഃപരിശോധിക്കുന്നതിനുള്ള പരിശ്രമങ്ങളൊന്നും കാര്യമായി മുന്നോട്ടുപോയിട്ടില്ല. സൂചിപ്പാറയിൽ വനസംരക്ഷണ സമിതിയായിരുന്നു ടൂറിസം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. കേന്ദ്രം അടച്ചതോടെ സൂചിപ്പാറയിലെ 48 ജീവനക്കാർ തൊഴിൽരഹിതരായി. അവരുടെ കുടുംബങ്ങളുടെ വരുമാനവും നിലച്ചു. കേന്ദ്രത്തെ ആശ്രയിച്ച് ജോലി ചെയ്ത് ജീവിച്ചിരുന്ന ടാക്സി തൊഴിലാളികളും പെരുവഴിയിലായി. വിവിധ വ്യാപാരങ്ങൾ നടത്തിയിരുന്ന കച്ചവടക്കാരുടെ ജീവിത മാർഗവും അടഞ്ഞു.

വ്യാപാര സ്ഥാപനങ്ങളെല്ലാം കാടുകയറി നശിക്കുകയാണ്. നൂറുകണക്കിന് കുടുംബങ്ങളുടെ വരുമാന സ്രോതസ്സാണ് കോടതി ഉത്തരവിനെത്തുടർന്ന് അടഞ്ഞത്‌. പ്രവേശന ടിക്കറ്റ് വിൽപനയിലൂടെ വനംവകുപ്പിന് വർഷംതോറും ലഭിച്ചിരുന്ന കോടികളുടെ വരുമാനവും നിലച്ചു. പ്രദേശത്തെ ജനജീവിതത്തെയാകെ ഇത് പ്രതികൂലമായി ബാധിച്ചു. തദ്ദേശീയരും വിദേശികളുമായ നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് നിത്യേന സൂചിപ്പാറയിലെത്തിയിരുന്നത്. പാറക്കെട്ടിനു മുകളിൽനിന്ന് കുതിച്ചെത്തുന്ന വെള്ളച്ചാട്ടത്തി െൻറ വശ്യസൗന്ദര്യവും ചുറ്റിലുമുള്ള നിബിഡവനത്തി​െൻറ പച്ചപ്പും കുളിർമയും ശുദ്ധവായുവും എല്ലാം നഗരങ്ങളുടെ തിരക്കിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് സ്വർഗീയാനുഭൂതി നൽകിയിരുന്ന ഘടകങ്ങളാണ്.

മേപ്പാടിയിൽനിന്ന് 13 കി.മീ. ദൂരം തേയിലത്തോട്ടങ്ങൾക്ക് നടുവിലൂടെ ഇവിടേക്കുള്ള യാത്രയും സഞ്ചാരികൾ ശരിക്കും ആസ്വദിച്ചിരുന്നു. ഒരിക്കൽ വന്നവർക്ക് വീണ്ടും സന്ദർശിക്കാൻ ആഗ്രഹം ജനിപ്പിക്കുന്ന ആകർഷണീയത സൂചിപ്പാറക്കുണ്ട്. ഇതുതന്നെയാണ് മറ്റു ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ അവസ്ഥയും. കോടതി ഉത്തരവ് പുനഃപരിശോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി വനംവകുപ്പ് കേന്ദ്രം തുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - Eco tourism centers still closed; Those who depending tourism centers were in trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.