മോഷണക്കേസിൽ അറസ്റ്റിലായ അയ്യൂബ്, അബ്ദുല്‍ നാസര്‍

വീടുകളിൽനിന്ന് സ്വർണാഭരണ മോഷണം; പ്രതിയും കൂട്ടാളിയും പിടിയിൽ

മാനന്തവാടി: നാലു വർഷമായി അന്വേഷിച്ച് വരുകയായിരുന്ന നിരവധി മോഷണക്കേസുകളിലെ പ്രതിയെയും കൂട്ടാളിയെയും മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാംമൈൽ കുനിയിൽ അയ്യൂബ് (41), ഇയാളിൽനിന്ന് മോഷണമുതലുകൾ വാങ്ങിയിരുന്ന കോഴിക്കോട് പന്നിയങ്കര ബിച്ച മൻസിൽ അബ്ദുൽ നാസർ എന്ന ആഷിക്ക് (54) എന്നിവരാണ് പിടിയിലായത്.

2006ൽ കോഴിക്കോട് മെഡിക്കൽ കോളജ് സ്റ്റേഷനിൽ അയ്യൂബിന്റെ പേരിൽ മോഷണ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2008ൽ നടക്കാവ് സ്റ്റേഷൻ, ടൗൺ സ്റ്റേഷൻ, ചേവായൂർ സ്റ്റേഷൻ എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പ്രതിയായിരുന്നു.

ഈ കേസുകളിൽ പിടിക്കപ്പെട്ട് ആറു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. 2014ലാണ് ജില്ലയിൽ മോഷണങ്ങൾ ആരംഭിച്ചത്.

അഞ്ചാംമൈൽ നുച്ചിയൻ മൊയ്തുവിന്റെ വീട്ടിൽനിന്ന് പത്തര പവനും ഒന്നേമുക്കാൽ ലക്ഷം രൂപയും മോഷ്ടിച്ചായിരുന്നു തുടക്കം. തുടർന്ന് പുതുശ്ശേരിക്കടവ് അബ്ദുല്ലയുടെ വീട്ടിൽ നിന്ന് എട്ടു പവൻ, 2016ൽ വാരാമ്പറ്റ സ്വദേശി ആയിഷയുടെ വീട്ടിൽനിന്ന് 20 പവനും 34,000 രൂപയും, 2018ൽ എടവക ചുണ്ടമുക്ക് അടുവത്ത് കുഞ്ഞബ്ദുല്ലയുടെ വീട്ടിൽനിന്ന് 28 പവൻ, അഞ്ചാംമൈൽ കാട്ടിൽ ഉസ്മാന്റെ വീട്ടിൽനിന്ന 30 പവൻ എന്നിങ്ങനെ മോഷ്ടിച്ചിരുന്നു.

ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന അയ്യൂബ് ഓട്ടം പോകുന്ന വീടുകൾ നോക്കി വെച്ച ശേഷം മോഷണം നടത്തുകയായിരുന്നു. മോഷണത്തിനുള്ള സാമഗ്രികളും വാഹനത്തിൽ സൂക്ഷിച്ചിരുന്നു. പൊലീസ് പിന്തുടരുന്നുണ്ടെന്ന സംശയം തോന്നിയ ഇയാൾ 2018 ന് ശേഷം ഒളിവിൽ പോയി.

തമിഴ്നാട്, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ റഷീദ് എന്ന പേരിലും മാസ്ക് കച്ചവടക്കാരൻ, ഡ്രൈവർ, ഹോട്ടൽ തൊഴിലാളി എന്നിങ്ങനെ ജോലിയെടുത്തും കഴിഞ്ഞുവരുകയായിരുന്നു. ഇയാളെ കുറിച്ച് രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് തന്ത്രപരമായി എറണാകുളത്ത് വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

മാനന്തവാടി ഡിവൈ.എസ്.പി ചന്ദ്രന്റെ മേൽനോട്ടത്തിൽ സി.ഐ എം.എം. അബ്ദുൽ കരീം, എസ്.ഐ ബിജു ആൻറണി, പ്രബേഷൻ എസ്.ഐ വിഷ്ണുരാജ്, എ.എസ്.ഐ മാരായ എം. സന്ദീപ്, മെർവിൻ ഡിക്രൂസ്, എ. നൗഷാദ്, സീനിയർ സി.പി.ഒമാരായ റോയ് തോമസ്, വി. ബഷീർ, സി.പി.ഒമാരായ കെ.എം. അഫ്സൽ, എം.എ. സുധീഷ്, പി.എസ്. അജീഷ്, ജിക്സൺ ജെയിംസ്, ഡ്രൈവർമാരായ കെ.വി. ബൈജു, ബി. ഇബ്രാഹിം എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ അയ്യൂബിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.

Tags:    
News Summary - Two Arrested For Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.