മാനന്തവാടി: മലയോര ഹൈവേ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരത്തിൽ വെള്ളിയാഴ്ച മുതൽ ഗതാഗതനിയന്ത്രണമേർപ്പെടുത്തുമെന്ന് നഗരസഭ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗരത്തിലെ ഗാന്ധിപാർക്കു മുതൽ കെ.ടി. കവല വരെയുള്ള ഭാഗത്തുള്ള പണി വെള്ളിയാഴ്ച മുതൽ തുടങ്ങും. എരുമത്തെരുവ് ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ബ്ലോക്ക് ഓഫിസ് റോഡുവഴി ബസ് സ്റ്റാൻഡ് ഭാഗത്തേക്കു പ്രവേശിക്കണം.
ബസുകൾ സ്റ്റാൻഡിൽ ആളുകളെ ഇറക്കിയ ശേഷം താഴെയങ്ങാടി റോഡുവഴി പോസ്റ്റ് ഓഫിസ് കവലയിൽ പ്രവേശിച്ച് ചൂട്ടക്കടവ്- ഫാ.ജി.കെ.എം. സ്കൂൾ റോഡുവഴി തിരിച്ചു പോകണം. നാലാംമൈൽ, കല്ലോടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിൽ പ്രവേശിച്ചശേഷം നഗരം ചുറ്റാതെ അതുവഴി തന്നെ തിരിച്ചുപോകണം. മൈസൂരു റോഡ്, കൊയിലേരി ഭാഗങ്ങളിൽ നിന്നു വരുന്ന വാഹനങ്ങൾ സെന്റ് ജോസഫ്സ് റോഡുവഴി ബസ് സ്റ്റാൻഡ് ഭാഗത്ത് എത്തുകയും അതുവഴി തന്നെ തിരിച്ചുപോവുകയും ചെയ്യണം. റോഡുപണി കഴിയുന്നതുവരെ സെന്റ ജോസഫ്സ് റോഡു വഴി ടു വേയായി വാഹനങ്ങൾ കടത്തിവിടും.
ഗാന്ധിപാർക്കിൽ നിന്നുള്ള വാഹനങ്ങൾക്ക് വൺവേ ആയി ക്ലബ്ബുകുന്ന് റോഡിലൂടെ ചൂട്ടക്കടവ് റോഡിൽ പ്രവേശിക്കാം. തവിഞ്ഞാൽ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ താഴെയങ്ങാടി റോഡുവഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കുകയും അതുവഴി തന്നെ തിരിച്ചുപോവുകയും ചെയ്യണം.
മൈസൂരു റോഡിൽനിന്ന് കൽപറ്റ ഭാഗത്തേക്കു പോകേണ്ട ഭാര വാഹനങ്ങൾ ചെറ്റപ്പാലം- വള്ളിയൂർക്കാവ് ബൈപാസ് വഴി മാനന്തവാടി- കൈതയ്ക്കൽ റോഡിൽ പ്രവേശിക്കണം. തലപ്പുഴ ഭാഗത്തേക്കുള്ള ലോറികൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ചെറ്റപ്പാലം ബൈപാസ് വഴി എരുമത്തെരുവ് വഴി കടന്നുപോകണം. മലയോര ഹൈവേയുടെ പ്രവൃത്തി പൂർത്തിയാക്കുന്നതുവരെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് സൗകര്യപ്രദമായ സ്റ്റാൻഡ് ഉപയോഗിക്കാം.
ചൂട്ടക്കടവ് റോഡിൽ നിലവിൽ പാർക്കു ചെയ്യുന്ന ജീപ്പുകൾ അൽപം താഴേക്കു മാറി തവിഞ്ഞാൽ ഭാഗത്തേക്കുള്ള റോഡരികിലേക്ക് മാറ്റി പാർക്കു ചെയ്യണം.
നഗരസഭ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.വി.എസ്. മൂസ, കൗൺസിലർമാരായ പി.വി. ജോർജ്, എം. നാരായണൻ, വി.യു. ജോയി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.