കമ്പിക്കുരുക്കിൽപെട്ട് പുള്ളിപ്പുലി ചത്ത സംഭവവുമായി അറസ്റ്റ് ചെയ്തയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സേവ് ദ പീപ്പിൾ ഭാരവാഹികൾ ഗൂഡല്ലൂർ ആർ.ഡി.ഒക്ക് നിവേദനം നൽകുന്നു

പുള്ളിപ്പുലി ചത്ത സംഭവം: നിരപരാധിയെ അറസ്റ്റ് ചെയ്തതായി പരാതി

ഗൂഡല്ലൂർ: പന്നിക്കുവെച്ച കമ്പിക്കുരുക്കിൽ കുടുങ്ങി പുള്ളിപ്പുലി ചത്ത സംഭവവുമായി ബന്ധപ്പെട്ട് വനപാലകർ നിരപരാധിയെ അറസ്റ്റ് ചെയ്തതായി പരാതി. വയനാട് സ്വദേശി അനീഷ് രാജനെ (39) അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്ത സംഭവത്തിൽ സേവ് ദ പീപ്പിൾ ഭാരവാഹികൾ പ്രതിഷേധവുമായി രംഗത്തെത്തി.

ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രത്യേക സെല്ലിനും ഗൂഡല്ലൂർ ഡി.എഫ്.ഒ, ജില്ല കലക്ടർ, ആർ.ഡി.ഒ എന്നിവർക്കും നിവേദനം നൽകി. ചേരമ്പാടി അത്തിച്ചാൽ ഭാഗത്തെ മാത്യുവിന്റെ സ്വകാര്യ തോട്ടത്തിലാണ് അഞ്ചുവയസ്സുള്ള പെൺപുള്ളിപ്പുലി കമ്പിക്കുരുക്കിൽ കുടുങ്ങിയത്.

ഉടമ മാത്യുവാണ് മറ്റൊരാൾ മുഖേന വനപാലകർക്ക് വിവരം നൽകിയത്. ഏറെ വൈകിയാണ് വനപാലകർ സംഭവസ്ഥലത്ത് എത്തിയതും പുലിക്കുള്ള രക്ഷാപ്രവർത്തനം നടത്തിയതും. കൃത്യസമയത്ത് ചികിത്സ നൽകാത്തതുമൂലം പുള്ളിപ്പുലി രണ്ട് ദിവസത്തിനു ശേഷം ചത്തു. ഇതിന് ഉത്തരവാദികൾ വനപാലകരാണ് എന്നാണ് സേവ് ദ പീപ്പിൾ ആരോപിക്കുന്നത്.

ഇതിനിടെ അമ്മായിയപ്പന്റെ വീട്ടിലേക്ക് വന്ന വയനാട്ടിൽ താമസിക്കുന്ന മരുമകൻ അനീഷ് രാജനെ (39) അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയുമായിരുന്നു. തങ്ങളെ റേഞ്ച് ഓഫീസിൽ കൊണ്ടു വിടണം എന്ന് പറഞ്ഞ് അനീഷ് രാജന്റെ വാഹനത്തിൽ വനപാലകരും കയറി ഓഫിസിൽ എത്തിച്ചപോൾ അദ്ദേഹത്തെ തടഞ്ഞുവെച്ച് പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

അറസ്റ്റ് വിവരം വീട്ടുകാരെയോ ബന്ധുക്കളെയോ അറിയിച്ചതുമില്ലെന്നും ഇവർ പറയുന്നു. അതേസമയം മൃഗസംരക്ഷണത്തിന് ഉത്തരവാദികളായ വനപാലകരും സംഭവത്തിൽ കുറ്റക്കാരാണെന്നും ഇവർക്കെതിരെയും നടപടി വേണമെന്നും ആവശ്യപ്പെട്ടു.

യഥാർഥത്തിൽ കമ്പിക്കുരുക്ക് വെച്ചത് ആരാണെന്ന് ഇവർക്കുമറിയില്ല. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതെ നിരപരാധിയെ ആണ് അറസ്റ്റ് ചെയ്തത്. അതിനാൽ ഉടൻ അനീഷ് രാജനെ വിട്ടയക്കണമെന്നും ഭാരവാഹികളായ ഡോ. എൽജോ തോമസ്, ഷാജി ചെളി വയൽ, കെ. വേലായുധൻ എന്നിവർ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Leopard death incident-arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.