വി.ഡി. സതീശൻ, വി.ആർ. അനൂപ്
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാക്കൾക്ക് നൽകുന്ന പരിഗണനയെങ്കിലും കെ.എസ്.യുവിന് കൊടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയാറാകണമെന്ന് കെ.പി.സി.സി വക്താവ് അഡ്വ. വി.ആർ. അനൂപ്. പല്ലി വാലുമുറിക്കുന്നത് പോലെ ഭൂതകാലം ഉേപക്ഷിക്കാൻ മുഖ്യമന്ത്രിക്കും തങ്ങൾക്കും കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘ഹിന്ദു ഐക്യവേദിയോട് പ്രത്യയശാസ്ത്രപരമായി കോൺഗ്രസുകാരന് ഒരിക്കലും യോജിക്കാൻ കഴിയില്ല. ആശയപരമായി അങ്ങേയറ്റം വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ആ സംഘടനയുടെ പ്രതിനിധി മുഖ്യമന്ത്രിയെ കാണുകയും അവർക്ക് അനുഭാവപൂർണ്മായ പ്രതികരണം ഉണ്ടാവുകയും ചെയ്തതായി അവർ പറയുന്നു. അത് ജനാധിപത്യത്തിന്റെ കോണിലൂടെ കാണാം. പക്ഷേ, ഈ സർക്കാറിനെ നിർമിച്ച കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും കെ.പി.സി.സി ജന. സെക്രട്ടറി പി.എം. നിയാസിനും അവരുടെ ബോധ്യങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കണമെന്നത് ഏറ്റവും മിനിമമായ അഭ്യർഥനയാണ്. അത് മുഖ്യമന്ത്രിക്കെതിരായ വിമർശനമേയല്ല.
ഇത്തരം വിഷയങ്ങൾ ഉന്നയിക്കുമ്പോൾ കെ.സി. വേണുഗോപാലിന്റെ ആളുകളാണ് എന്ന തരത്തിൽ സൈബർ ആക്രമണം ഞങ്ങൾ നേരിടുന്നുണ്ട്. വേണുഗോപാൽ അന്യഗ്രഹ ജീവിയൊന്നുമല്ല. ഇന്ത്യയിലെ കോൺഗ്രസിനെ നയിക്കുന്ന സംഘടന ചുമതലയുള്ള ജന. സെക്രട്ടറിയാണ്. വി.ഡി. സതീശൻ ഞങ്ങളുടെ നേതാവായിരിക്കുന്നത് പോലെ തന്നെ അദ്ദേഹവും ഞങ്ങളുടെ നേതാവാണ്.
കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണാൻ കെ.എസ്.യു പ്രസിഡന്റിനും കെ.പി.സി.സി ജന. സെക്രട്ടറിക്കും കാണാനുള്ള അവസരം നിഷേധിക്കരുത്. ഹിന്ദുഐക്യവേദിയുടെ നേതാക്കൾക്ക് കിട്ടുന്ന പരിഗണനയെങ്കിലും അവർ അർഹിക്കുന്നുണ്ട് എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ഞങ്ങളൊക്കെ കെ.എസ്.യുവിൽനിന്ന് വരുന്ന ആൾക്കാരാണ്. ഒരു സ്ഥാനത്തെത്തി എന്നുകരുതി പല്ലി അതിന്റെ വാല് മുറിച്ചുകളയുന്നത് പോലെ ഭൂതകാലം മുറിച്ചുകളയാൻ ബഹുമാന്യനായ മുഖ്യമന്ത്രിക്കും ഞങ്ങൾക്കും കഴിയില്ല’ -അനൂപ് പറഞ്ഞു.
‘ബഹുമാന്യനായ കേരളത്തിന്റെ മുഖ്യമന്ത്രി എപ്പോഴും ആവർത്തിച്ചു പറയുന്ന ഒരു വാചകം ഞാൻ എല്ലാവരുടെയും മുഖ്യമന്ത്രിയാണ് എന്നതാണ്. ആ കാര്യത്തിൽ ഒരു സംശയവുമില്ല. അത് നല്ല സമീപനമാണ്.അദ്ദേഹം എല്ലാവരുടെയും മുഖ്യമന്ത്രിയാണ്. എല്ലാവരുടെയും ആകേണ്ടതുണ്ട്. അതുപോലെതന്നെ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിക്കും അവരുടെ ആവശ്യങ്ങൾ പറയുമ്പോൾ, പരാതികൾ ബോധിപ്പിക്കാനുള്ള ഒരു സംവിധാനം കൂടി ഉണ്ടാകണം. അതല്ലെങ്കിൽ അത് പ്രവർത്തകരെ നിരാശപ്പെടുത്തും.
ഒരു മനുഷ്യൻ എല്ലാം നേടിയിട്ടും ആത്മാവ് നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോജനം എന്ന് പറയുന്നത് പോലെ ആത്യന്തികമായി കോൺഗ്രസ് പാർട്ടിയുടെയും പ്രവർത്തകരുടെയും അധ്വാനത്തിന്റെ ഫലം കൂടിയാണ് വി.ഡി. സതീശൻ ഗവൺമെന്റ് എന്ന് പറയുന്നത്. അവരുടെ മനസ്സിനെ വേദനപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകരുത് എന്നാണ് എല്ലാ കോൺഗ്രസുകാരും ആഗ്രഹിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സംഘപരിവാർ ബന്ധമുണ്ട് എന്നുള്ള പരാതി പറയാൻ കെപിസിസി ജനറൽ സെക്രട്ടറിയായ പി എം നിയാസ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചക്ക് സമയം ചോദിച്ചപ്പോൾ അദ്ദേഹത്തിന് അനുവദിച്ചു കിട്ടിയില്ല. ഇപ്പോൾ കെഎസ്‍യു പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സമാനമായ പരാതി പറയാൻ മുഖ്യമന്ത്രിയെ ബന്ധപ്പെട്ടപ്പോൾ ഇതുവരെ അനുവദിച്ചു കിട്ടിയിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്.
അപ്പോൾ എല്ലാവരുടെയും മുഖ്യമന്ത്രി എന്ന് പറയുന്ന കേരളത്തിന്റെ മുഖ്യമന്ത്രി, കെപിസിസിയുടെ ജനറൽ സെക്രട്ടറിക്കും കെഎസ്‍യുവിന്റെ സംസ്ഥാന പ്രസിഡന്റിനും സമയം അനുവദിച്ചു നൽകുന്നില്ല.
വർഗീയ വിദ്വേഷ പരാമർശം നടത്തിയതിന് കേസുള്ള ഹിന്ദു ഐക്യവേദിയുടെ നേതാവ് ആർവി ബാബു പറയുന്നത് അദ്ദേഹത്തിൻറെ കാര്യങ്ങൾ അനുഭാവപൂർവ്വം മുഖ്യമന്ത്രി കേട്ടു എന്നാണ്. അപ്പോൾ ഒരു കോൺഗ്രസ് പ്രവർത്തകന്റെ സ്പിരിറ്റോടുകൂടി ചോദിക്കുന്ന ഒരു ചോദ്യം എന്ന് പറയുന്നത് ആർവി ബാബുവിനും ശശികലക്കും പോലും മുഖ്യമന്ത്രിയുടെ അടുത്ത് വിഷയങ്ങൾ അവതരിപ്പിക്കാൻ കഴിയുമ്പോൾ കെപിസിസി ജനറൽ സെക്രട്ടറിക്കും കെഎസ്‍യു സംസ്ഥാന പ്രസിഡന്റിനും എന്തുകൊണ്ട് സമയം നൽകുന്നില്ല എന്ന ചോദ്യം ന്യായമാണ്.
വിഡി സതീശൻ തന്നെ കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ ഒക്കെ കാലത്ത് നടത്തിയ സദുദ്ദേശപരമായ വിമർശനങ്ങൾ നമ്മുടെ മുന്നിലുണ്ട്. അതേ പാതയിൽ ഓരോ കോൺഗ്രസുകാരനും സതീശനെ മാതൃകയാക്കി ഇത്തരം സദുദ്ദേശപരമായ വിമർശനങ്ങളുമായി തിരുത്താൻ വേണ്ടി രംഗത്തു വരും. അത് പാർട്ടിയെ സംബന്ധിച്ച് ഗുണകരമാണ്. അതാണ് വിഡി സതീശൻ പറഞ്ഞതുപോലെ ഒരു നെഹ്റുവിയൻ ജനാധിപത്യ സങ്കല്പം എന്ന് പറയുന്നത്.
വിമർശനങ്ങളോട് അദ്ദേഹം പോസിറ്റീവ് ആയിട്ട് പ്രതികരിക്കും എന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. സർക്കാറിന്റെ നയങ്ങൾ കെ.എസ്.യുവിന്റെ യൂണിറ്റ് അല്ല അത് തീരുമാനിക്കുന്നത്. പക്ഷേ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റിനും ഓരോ പ്രവർത്തകന എല്ലാ കാലത്തും അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. ചരിത്രം പരിശോധിച്ചാൽ അറിയാം, മഹാനായ ആർ ശങ്കർ തൊട്ട് കെ കരുണാകരനും എ കെ ആന്റണിയും വരെയുള്ള എല്ലാ നേതാക്കന്മാരും മുഖ്യമന്ത്രിമാരായിരിക്കെ കെ.എസ്.യു അതിന്റെ ആവശ്യങ്ങളും വിമർശനങ്ങളും ഉന്നയിച്ചിട്ടുണ്ട്. തിരുത്തേണ്ട സന്ദർഭങ്ങളിൽ തിരുത്തിയിട്ടുണ്ട്, അത് സ്വാഭാവികമാണ്’ -അനൂപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.