വൈഫൈ 23 സി.എസ്.ആര് കോണ്‍ക്ലേവിൽ ജില്ല കലക്ടര്‍ ഡോ. രേണുരാജ് സംസാരിക്കുന്നു
കൽപറ്റ: വൈഫൈ 23 കോണ്‍ക്ലേവില്‍ ജില്ലയുടെ വിവിധ മേഖലകളുടെ ശാക്തീകരണത്തിനായുള്ള വിഷയാവതരണം ശ്രദ്ധനേടി. 46 മേഖലകളെ അടിസ്ഥാനമാക്കിയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വിഷയങ്ങള്‍ അവതരിപ്പിച്ചത്. 56 കോടി രൂപയുടെ അനിവാര്യ പദ്ധതികളാണ് വിവിധ വകുപ്പുകള്‍ സി.എസ്.ആര് ഏജന്‍സികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ വീല്‍ചെയറുകള്‍, ആധുനിക ചക്രക്കൃസേരകള്, ആദിവാസി മേഖലകളില്‍ ആവശ്യമായ മെഡിക്കല്‍ യൂനിറ്റുകള്‍ ഉപകരണങ്ങള്‍, ഫിസിയോ തെറപ്പി യൂനിറ്റുകള്‍, ടെലി മെഡിസിന് യൂനിറ്റുകള്‍ തുടങ്ങിയവയെല്ലാം കോണ്‍ക്ലേവില്‍ വിശദീകരിച്ചു. ജില്ലയിലെ അരിവാൾ രോഗികള്‍ക്കായുള്ള പ്രത്യേക പരിചരണത്തെക്കുറിച്ചും ഇവര്‍ക്കായുള്ള ചികിത്സ പദ്ധതികള്‍, ഇതിനായുള്ള ചെലവുകള്‍ എന്നിവയെല്ലാം ആയുർവേദ വിഭാഗം പ്രതിനിധി കോണ്‍ക്ലേവിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ആരോഗ്യവും പോഷകാഹാരം എന്നീ വിഭാഗത്തില്‍ 15 പ്രോജക്ടുകള്‍ അവതരിപ്പിച്ചു. ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തനായുള്ള പദ്ധതികളെക്കുറിച്ച് കുടുംബശ്രീ മിഷനും പട്ടികവര്‍ഗവികസന വകുപ്പും വിഷയം അവതരിപ്പിച്ചു. പ്രാക്തന വിഭാഗങ്ങളുടെ ഉന്നമനത്തിനും കുട്ടികളുടെ വിദ്യാലയങ്ങളല് നിന്നുള്ള കൊഴിഞ്ഞുപോക്ക് വയനാടിന്റെ സുസ്ഥിര ടൂറിസം വികസനത്തിനായുള്ള ഏഴുപ ദ്ധതികളാണ് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍, ടൗണ്‍പ്ലാനിങ്, വനംവകുപ്പ്, ജില്ല ദുരന്തനിവാരണ അതോറിറ്റി, ശുചിത്വമിഷന് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചത്. ടൂറിസം കേന്ദ്രങ്ങളിലെ മാലിന്യസംസ്കരണം, ഉത്തരവാദിത്ത ടൂറിസത്തിന്റെ വ്യാപനം തുടങ്ങിയവയും കുടിവെള്ള കിയോസ്ക്കുകള്‍ തുടങ്ങിയ സൗകര്യങ്ങളും അനിവാര്യമാണ്.
ജില്ലയിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിനും വനം വന്യജീവി സംരക്ഷണത്തിനും സാമൂഹിക പ്രതിബദ്ധത പദ്ധതിയിലൂടെ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ വനംവകുപ്പ് കോണ്‍ക്ലേവില്‍ വിശദീകരിച്ചു. ജില്ലയിലെ മാലിന്യ സംസ്കരണത്തിനുള്ള മാതൃക പദ്ധതികള്‍, കാമറ നിരീക്ഷണ സംവിധാനം എന്നിവയെക്കുറിച്ചും കോണ്‍ക്ലേവില്‍ വിഷയാവതരണം നടന്നു. കാര്‍ഷിക അനുബന്ധ മേഖലകളില്‍ അനിവാര്യമായ പദ്ധതികളെക്കുറിച്ച് പ്രിയദര്‍ശിനി തേയില എസ്റ്റേറ്റ്, അമ്പലവയല്‍ ആര്.എ.ആര്.എസ്, എക്സൈസ്, കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് എന്നിവര്‍ ചേര്‍ന്ന് ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയിലെ വിദ്യാഭ്യാസ, അടിസ്ഥാന മേഖലയില്‍ സി.എസ്.ആര് ഫണ്ടില്‍ നടപ്പിലാക്കാന്‍ കഴിയുന്ന 11 പദ്ധതികള്‍ സാമൂഹിക ക്ഷേമ വകുപ്പ്, കോളജ് വിദ്യാഭ്യാസ വകുപ്പ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ല ദുരന്തനിവാരണ അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ചു.
വിവിധ പദ്ധതികളില്‍ ലക്ഷങ്ങളുടെ സഹായ വാഗ്ദാനങ്ങളുമായി വിവിധ കോർപറേറ്റ് പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുത്തു. വയനാടിന് ലക്കിടിയില്‍ ആകര്‍ഷകമായ ഗേറ്റ് താജ്ഗ്രൂപ്പ് ഒരുക്കും. വൈഫൈ 23ല്‍ താജ് വയനാട് ഉടമ മോഹനകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. നാനാമേഖലയിലുള്ള ജില്ലയുടെ സമഗ്രവികസനമാണ് വൈഫൈ 23 കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ല കലക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.