കാമറകൾ സജ്ജമാണ്; ഇനി സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട!

കൽപറ്റ: ആർ.ടി.ഒ, പൊലീസ് ഉദ്യോഗസ്ഥർ സമീപത്തെങ്ങുമില്ലെന്നു കരുതി റോഡുകളിൽ എന്തുമാവാമെന്ന വിചാരം ഇനി വേണ്ട. അമിത വേഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, യാത്രക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം... നിയമലംഘനം ഏതുമാവട്ടെ, കണ്ടുപിടിച്ച് പിഴ വിധിക്കാൻ ജില്ലയിലെ റോഡുകളിൽ 27 നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്-എ.ഐ) കാമറകൾ സജ്ജമാവുകയാണ്. ഇവയുടെ കൺട്രോൾ റൂമിലെ സർവർ പ്രവർത്തനസജ്ജമാവുന്നതോടെ ജില്ലയിലേതടക്കം സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന കാമറകളും പ്രവർത്തിച്ചുതുടങ്ങും.

കേരളത്തിലെ റോഡുകളിൽ എഴുനൂറോളം കാമറകൾ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ജില്ലയിൽ 27 കാമറകൾ ഒരുങ്ങുന്നത്. മോട്ടോർ വാഹന വകുപ്പിന്‍റെയും പൊലീസിന്‍റെയും നിലവിലുള്ള നിരീക്ഷണ കാമറകൾക്കു പുറമേയാണ് പുതിയവ സ്ഥാപിക്കുന്നത്. നിയമലംഘനം കാമറയിൽ പതിഞ്ഞാൽ നേരിട്ട് ഇതിന്‍റെ സർവറിലേക്കു പോകും. അവിടെനിന്ന് പിഴയടക്കേണ്ട വിവരം വാഹന ഉടമക്ക് എസ്.എം.എസായി ലഭിക്കുമ്പോൾതന്നെ വിവരം പ്രത്യേക കോടതിയിലും എത്തിയിട്ടുണ്ടാവും. അതിനാൽ ശിപാർശയിലൂടെ പിഴ ഒഴിവാക്കാൻ സാധിക്കില്ല.

മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ ഇതുവരെ 25 കാമറകൾ സ്ഥാപിച്ചുകഴിഞ്ഞു. നൂതന സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ നിർമിതബുദ്ധി കാമറകൾ ഓട്ടോമാറ്റിക്കായി നിയമലംഘനങ്ങൾ പിടികൂടും. ഹെൽമറ്റ് ധരിക്കാത്തവരുടെയും ഇരുചക്രവാഹനങ്ങളിൽ രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നവരുടെയും ചിത്രങ്ങൾ കാമറയിൽ പതിയും.

കാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയുകയും വാഹനത്തിന്‍റെ അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ പകർത്തിയെടുക്കുകയും ചെയ്യും. അതിനാൽ, ഡ്രൈവറോ സഹയാത്രികനോ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ പിടിവീഴും. യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കാമറയിലൂടെ പിടികൂടാനാകും. 25 മീറ്റർ പരിധിയിലുള്ള നിയമലംഘനങ്ങൾ വരെ ഒപ്പിയെടുക്കാൻ ഈ നിർമിതബുദ്ധി കാമറകൾക്കു കഴിയും.

ജില്ലയിൽ സ്ഥിരം അപകട മേഖലകളിലും തിരക്കുള്ള സ്ഥലങ്ങളിലുമാണ് കാമറകൾ സ്ഥാപിക്കുന്നത്. കെൽട്രോണിനാണ് ചുമതല. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ കൈനാട്ടിയിലുള്ള ഓഫിസിൽ 24 മണിക്കൂറും കാമറകൾ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടാവും.

ഇവിടെ കണ്ണടക്കാത്ത നിരീക്ഷണം

സുൽത്താൻ ബത്തേരി (2), കൈപ്പഞ്ചേരി, മൊട്ടക്കുന്ന്, കേണിച്ചിറ, നടവയൽ, പനമരം (2), പായോട്, മാനന്തവാടി-തലശ്ശേരി റോഡ്, വയൽക്കര-കാട്ടിക്കുളം, കമ്പളക്കാട്, കമ്പളക്കാട് പള്ളിമുക്ക്, കൈനാട്ടി, കൽപറ്റ, ലക്കിടി, മേപ്പാടി, ചിത്രഗിരി, വടുവൻചാൽ, അമ്പലവയൽ, മുട്ടിൽ, മീനങ്ങാടി, പടിഞ്ഞാറത്തറ (2), തരുവണ, പഴഞ്ചന, കരിമ്പുമ്മൽ.

Tags:    
News Summary - Wayanad now under camera surveillance: Beware drivers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.