കൽപറ്റ: ഉരുൾദുരന്ത ഭൂമിക്കടുത്ത് 900 കണ്ടിയിൽ വർഷങ്ങളായി ഡ്രൈവറായി ജോലിചെയ്യുകയാണ് ഈ കുടുംബനാഥൻ. ജോൺ മത്തായി കമീഷൻ കുറ്റി നാട്ടിയത് വില്ലേജ് റോഡിൽ ഇദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നതിന്റെ കേവലം മൂന്ന് മീറ്റർ അകലെ. അതിനാൽ, പ്രായമായ മാതാവും 14 വർഷമായി കിടപ്പിലായ ഭാര്യയുമുള്ള ഇദ്ദേഹം ഇപ്പോൾ സർക്കാർ ആനുകൂല്യത്തിനെല്ലാം പുറത്താണ്. ഗോ സോൺ (ഭാവിയിൽ പ്രശ്നസാധ്യത ഇല്ലാത്ത സ്ഥലം) ഏരിയയിൽപെടുത്തിയ ഇദ്ദേഹത്തിന്റെ വീട്ടിലെത്തണമെങ്കിൽ നോ ഗോ സോൺ (പ്രശ്നസാധ്യതയുള്ള സ്ഥലം) ഏരിയയിലൂടെ പോകണമെന്നു മാത്രം. വീട്ടിലേക്ക് പോകാനുള്ള റോഡുപോലും ഇല്ലെങ്കിലും സർക്കാറിന്റെ പുനരധിവാസ പട്ടികയിൽ ഈ കുടുംബത്തിന് ഇടം നൽകിയിട്ടില്ല.
ഉരുൾദുരന്തത്തിന് ശേഷം മേഖലിൽ ടാക്സി വാഹനങ്ങൾക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഓട്ടം കിട്ടിയാലായി. അതുകൊണ്ടു വേണം വീട്ടുചെലവിനും മരുന്നിനുമെല്ലാം പണം കണ്ടെത്താൻ. ദുരന്തത്തിന്റെ ആദ്യം മൂന്ന് മാസം സർക്കാർ കനിഞ്ഞ് ഇവർക്ക് 300 രൂപ ദിനബത്ത ലഭിച്ചു. അത് കഴിഞ്ഞപ്പോൾ ദുരന്തബാധിതരിൽ 522 പേരെ ഒഴിവാക്കിയ കൂട്ടത്തിൽ ഈ കുടുംബവും ഉൾപ്പെട്ടു. ദുരന്തവും നഷ്ടവും ഏറ്റുവാങ്ങേണ്ടിവന്ന ഹതഭാഗ്യരിൽ സർക്കാറും പടിക്കുപുറത്ത് നിർത്തിയ അനേകരിൽ ഒരാളാണ് ഇദ്ദേഹവും കുടുംബവും.
പടവെട്ടിക്കുന്നിലെ 27 കുടുംബങ്ങളാണ് ഗോ സോൺ പരിധിയിൽപെടുത്തി പുനരധിവാസ പട്ടികക്ക് പുറത്തായത്. ഇവർക്ക് സ്വന്തം വീടുകളിലേക്ക് പോകാൻ വഴി പോലുമില്ലെന്ന് അറിയാത്തവരല്ല ഭരണകൂടം. സ്കൂൾ റോഡ് ഉരുളെടുത്തപ്പോൾ ഇവരുടെ വീടുകൾ ഒറ്റപ്പെട്ടു. കോടികൾ ചെലവഴിച്ച് റോഡ് നിർമിച്ചുകൊടുക്കാമെന്നാണത്രേ സർക്കാർ പറയുന്നത്. എന്നാൽ, ആ ചെലവഴിക്കുന്ന കോടികളിൽ ചെറിയൊരംശം ഉപയോഗിച്ച് ദുരന്തമേഖലയിൽനിന്ന് തങ്ങളെ രക്ഷിച്ച് പുനരധിവാസത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഇവർ മുട്ടാത്ത വാതിലുകളില്ല. മറ്റൊരു ദുരന്തസാധ്യത ഏറെയുള്ള മേഖലയിൽ വന്യമൃഗ ശല്യവും അതിരൂക്ഷമാണ്. എന്നിട്ടും ഭരണകൂടം മാത്രം കണ്ണുതുറക്കുന്നില്ല.
റാട്ടാപ്പാടിയിലേയും മുണ്ടക്കൈയിലേയും 54 കുടുംബങ്ങൾ ഇപ്പോഴും സർക്കാർ പുനരധിവാസത്തിന് പുറത്തുണ്ട്. ഇവരുടെ വീടുകൾ ഗോ സോൺ ഏരിയയിലെന്നതുതന്നെ കാരണം. എന്നാൽ, ഈ കുടുംബങ്ങളും നോ ഗോ സോണിൽപെട്ട ബെയ്ലി പാലത്തിലൂടെയാണ് പുറത്തേക്കും അകത്തേക്കും പോകേണ്ടത്. മഴയൊന്ന് കനത്താൽ ബെയ്ലി പാലത്തിലൂടെയുള്ള യാത്രപോലും ഈ കുടുംബങ്ങൾക്കെല്ലാം നിഷിദ്ധമാകും. കഴിഞ്ഞ ദിവസം ഗോ സോണിൽപെട്ട സ്ഥലത്തെ ഉന്നതിയിലെ കുടുംബങ്ങൾക്കുവേണ്ടി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതാണ് അൽപമെങ്കിലും ആശ്വാസം. അപ്പോഴും ഒറ്റപ്പെട്ട ഏതാനും കുടുംബങ്ങൾ ദുരന്തമേഖലയിൽ ജീവൻ പണയപ്പെടുത്തി അന്തിയുറങ്ങണമെന്നാണ് ഭരണകൂടത്തിന്റ തിട്ടൂരം.
ഉരുൾ ദുരന്തത്തിനിരയായി തൊഴിലില്ലാതായ 1655 പേർക്ക് ലഭിച്ചിരുന്ന ദിനബത്ത മൂന്നുമാസം കഴിഞ്ഞതോടെ 1133 പേർക്കായി ചുരുക്കിയതോടെ പല കുടുംബങ്ങളും പട്ടിണിയിലും അർധ പട്ടിണിയിലുമായി. എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്നവരാണ് പലരും. ബെയ്ലി പാലം കടക്കാതെ എസ്റ്റേറ്റിലേക്ക് പോകാൻ വഴിയില്ല. മഴ ശക്തമായാൽ ഭരണകൂടം ബെയ്ലി പാലം അടക്കും. ചിലപ്പോൾ അപ്പുറത്ത് റോഡിൽ വെള്ളം കയറും. മുന്നൂറോളം കുടുംബങ്ങളാണ് ഇത്തരത്തിൽ തൊഴിലെടുക്കാനാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. ഇവർക്ക് മഴക്കാലം കഴിയുന്നതുവരെയെങ്കിലും ദിനബത്ത പുനരാരംഭിക്കണമെന്ന ആവശ്യത്തിന് വാഗ്ദാനങ്ങളല്ലാതെ നടപടികൾ ചുവപ്പ് നാടയിൽ വിശ്രമിക്കുകയാണ്.
തദ്ദേശ വകുപ്പ് തയാറാക്കിയ സമഗ്ര മൈക്രോ പ്ലാൻ പ്രകാരം 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചതെന്നാണ് കണ്ടെത്തിയിരുന്നത്. ഇതിൽ 1879 പേരുടെ ഉപജീവനമാർഗം പൂർണമായി ഇല്ലാതായെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതൊന്നും പരിഗണിക്കാതെ ജോൺ മത്തായി കമീഷൻ റിപ്പോർട്ട് അവസാന വാക്കാക്കി ഉരുൾമേഖലയെ ഗോ സോൺ, നോ ഗോൺ തിരിച്ച് ഗോ സോൺ മേഖലയിലുള്ളവർക്ക് എല്ലാ സർക്കാർ ആനുകൂല്യങ്ങളും നിഷേധിക്കുകയായിരുന്നു.
വീടുകളിലേക്ക് വഴിയില്ലാത്ത കുടുംബങ്ങളെ പുനരധിവസിപ്പിക്കുമെന്ന് മന്ത്രി ഉൾപ്പെടെ നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിനകം പ്രസിദ്ധീകരിച്ച മൂന്ന് ഗുണഭോക്തൃ പട്ടികകളിലും ഈ കുടുംബങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. ഒരു വർഷമാകുമ്പോഴും അന്തിമ പുനരധിവാസ പട്ടിക പുറത്തിറക്കാൻ പോലും സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.