കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ് പുനരധിവാസത്തിന് അര്‍ഹരായ ഗുണഭോക്താക്കളുടെ രണ്ടാംഘട്ട 2-എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ ലിസ്റ്റില്‍ 87 ഗുണഭോക്താക്കളാണ് ഉള്‍പ്പെട്ടത്.
രണ്ടാംഘട്ട കരട് 2-എ ലിസ്റ്റിലുള്‍പ്പെട്ട 81 ഗുണഭോക്താക്കളും കരട് പട്ടിക പ്രകാരം ലഭിച്ച അപേക്ഷകളിലും ആക്ഷേപങ്ങളിലും ഗുണഭോക്തൃ പട്ടികയിലേക്ക് തെരഞ്ഞെടുക്കാനുള്ള മാനദണ്ഡ പ്രകാരം കണ്ടെത്തിയ ആറ് പേരെയും ഉള്‍പ്പെടുത്തി തയാറാക്കിയ അന്തിമ പട്ടികയിലാണ് 87 ഗുണഭോക്താക്കളുള്ളത്. ദുരന്ത പ്രദേശത്ത് വിദഗ്ധ സമിതി രേഖപ്പെടുത്തിയ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളില്‍ സ്ഥല പരിശോധന നടത്തിയാണ് 81 പേരുള്‍പ്പെട്ട കരട് 2-എ ലിസ്റ്റ് തയാറാക്കിയത്.
കലക്ടറേറ്റ്, മാനന്തവാടി സബ് കലക്ടറുടെ ഓഫിസ്, വൈത്തിരി താലൂക്ക് ഓഫിസ്, വെള്ളരിമല വില്ലേജ് ഓഫിസ്, മേപ്പാടി ഗ്രാമപഞ്ചായത്തിലും ജില്ല ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും വെബ്സൈറ്റുകളിലും പൊതുജനങ്ങള്‍ക്ക് അന്തിമ പട്ടിക പരിശോധിക്കാം. അന്തിമ പട്ടികയില്‍ ആക്ഷേപം, പരാതി ഉള്ളവര്‍ക്ക് ദുരന്ത നിവാരണ (എ) വകുപ്പില്‍ നല്‍കാമെന്ന് ജില്ല ദുരന്ത നിവാരണ വിഭാഗം ചെയര്പേഴ്സൻ കൂടിയായ ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ അറിയിച്ചു.
കൽപറ്റ: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 29 ഗുണഭോക്താക്കള്‍ സമ്മതപത്രം നല്കി. ഗുണഭോക്തൃ പട്ടികയിലുള്‍പ്പെട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലെ 29 ആളുകളാണ് ഇതു വരെ സമ്മതപത്രം നല്‍കിയത്.
ടൗണ്‍ഷിപ്പില്‍ വീടിനായി 26 പേരും സാമ്പത്തിക സഹായത്തിനായി മൂന്ന് പേരുമാണ് സമ്മതപത്രം നല്‍കിയത്. ടൗണ്‍ഷിപ് ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാര്‍ച്ച് 24 വരെ സമ്മതപത്രം നല്‍കാം. ടൗണ്‍ഷിപ്പില്‍ വീട് വേണോ, സാമ്പത്തിക സഹായം വേണോ എന്നത് സംബന്ധിച്ച ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20ന് പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.