ലക്കിടിയിലെ പ്രവേശന കവാടം
കൽപറ്റ: കേരളത്തിനൊപ്പം നമ്മുടെ സ്വന്തം വയനാടിനും ഇന്ന് പിറന്നാള്‍. 1980 നവംബർ ഒന്നിനാണ് വയനാട് രൂപം കൊണ്ടത്. കോഴിക്കോട് -കണ്ണൂര്‍ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങള്‍ ചേർത്താണ് പന്ത്രണ്ടാമത്തെ ജില്ലയായി വയനാട് പിറവിയെടുക്കുന്നത്. കൽപറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണ് വയനാട്. ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്.
ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്. കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു എന്ന പ്രത്യേകതയും വയനാടിനുണ്ട്. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി, മാനന്തവാടി എന്നിവയാണ് ജില്ലയിലെ താലൂക്കുകള്‍. പിറന്നിട്ട് 43 വർഷമായിട്ടും നിരവധി പ്രശ്നങ്ങളാണ് ജില്ല ഇന്നും അഭിമുഖീകരിക്കുന്നത്.
ഗതാഗത സൗകര്യങ്ങളുടെ കുറവ്, മലയോര ഹൈവേ നിർമാണം, വയനാട് ചുരം പ്രശ്നം-ബദൽ പാത, ടൂറിസം രംഗത്തെ പ്രശ്നങ്ങൾ, വന്യമൃഗ ശല്യം, കുടിവെള്ള പ്രശ്നം, ആദിവാസികളുടെ ജീവിത സാഹചര്യങ്ങൾ, വിദ്യാഭ്യാസ രംഗത്ത് വേണ്ടത്ര ശ്രദ്ധയില്ലായ്മ, ആരോഗ്യ രംഗത്തെ ന്യൂനത തുടങ്ങിയവ ഇന്നും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. മെഡിക്കൽ കോളജ് എന്നത് വയനാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്നു. 2021 ഫെബ്രുവരി 12 ന് മാനന്തവാടി ജില്ല ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തി പ്രഖ്യാപനം വന്നു.
പിന്നാലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ നിയമനവും നടന്നു. എങ്കിലും രോഗികൾക്ക് രണ്ടുവർഷം പിന്നിട്ടിട്ടും കാര്യമായ ഗുണം ലഭിച്ചിട്ടില്ല. വിദഗ്ധ ചികിത്സ ലഭിക്കാൻ ചുരമിറങ്ങേണ്ട സ്ഥിതിയാണ് നിലവിലും. രാത്രിയാത്ര നിരോധനമാണ് മറ്റൊരു വെല്ലുവിളി. ബാവലി- മൈസൂരു സംസ്ഥാന പാതയിൽ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തിയിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു.
വൈകീട്ട് ആറു മുതൽ രാവിലെ ആറുവരെയാണ് നിരോധനം. സുൽത്താൻ ബത്തേരിയിൽ നിന്നും മൈസൂരു ഭാഗത്തേക്ക് പോകാൻ വനത്തിലൂടെയുള്ള യാത്ര രാത്രി ഒമ്പതിനുശേഷം നിരോധിച്ചിരിക്കുകയാണ്. മാനന്തവാടി -മട്ടന്നൂർ വിമാനത്താവള നാലുവരിപ്പാത കടലാസിൽ തന്നെ വിശ്രമിക്കുകയാണ്. നഞ്ചൻകോട് റെയിൽവേ പാതക്കായി സുൽത്താൻബത്തേരി മേഖല കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി.
ഫണ്ടിന്റെ ലഭ്യതക്കുറവുകൊണ്ട് ലൈഫ് ഭവനപദ്ധതി ഇഴയുകയാണ്. നിരവധി വീടുകളാണ് നിർമാണത്തിന്റെ പാതിയിൽ നിൽക്കുന്നത്. ഇതിൽ ആദിവാസി വീടുകളും ഉൾപ്പെടും. കോളജുകളും സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങളും ഉണ്ടെങ്കിലും അടിസ്ഥാന സൗകര്യവും ജീവനക്കാരുടെ കുറവും പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. ഗോത്ര സാരഥി പദ്ധതി നിലച്ചതോടെ ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിച്ചിട്ടുണ്ട്. കാർഷിക മേഖലയിൽ വിലത്തകർച്ച വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നത്. വന്യമൃഗശല്യവും കർഷകർക്ക് വലിയ തോതിലുള്ള ദുരിതമാണ് സമ്മാനിക്കുന്നത്.
ആദിവാസി കോളനികളിൽ ഇന്നും അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയെ തുടർച്ചയായുണ്ടായ രണ്ട് പ്രളയവും കോവിഡും തളർത്തി. സുൽത്താൻബത്തേരിക്ക് മന്ത്രിസഭ അനുവദിച്ച ഗവ. കോളജ് ഇതുവരെ പ്രവർത്തനമാരംഭിച്ചില്ല. ദിവസവും ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ജില്ലയിലേക്ക് ഒഴുകുന്നുണ്ട്. കോടികൾ വരുമാനം ഉണ്ടെങ്കിലും പല സ്ഥലത്തും സഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾക്കുപോലും സംവിധാനമില്ലെന്നതും പരാധീനതകളുടെ നേർ ചിത്രങ്ങളാണ്.
കൽപറ്റ: ജില്ല ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് എന്നിവരുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മലയാള ഭാഷ ഭരണഭാഷ വാരാചരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച രാവിലെ 10.30ന് കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടക്കുന്ന ജില്ലതല ഉദ്ഘാടന ചടങ്ങില്‍ കലക്ടര്‍ ഡോ. രേണുരാജ് അധ്യക്ഷത വഹിക്കും. പ്രഫ. പി.സി. രാമന്‍കുട്ടി മലയാളദിന പ്രഭാഷണം നടത്തും. എ.ഡി.എം എന്‍.ഐ.ഷാജു, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പി. റഷീദ് ബാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ജീവനക്കാർ കവിതകള്‍ ആലപിക്കും.
കൽപറ്റ: 2023 വർഷത്തെ മലയാള ദിനാഘോഷത്തോടും ഭരണഭാഷ വാരാഘോഷത്തോടുമനുബന്ധിച്ച് ജില്ല പൊലീസ് വിവിധ പരിപാടികൾ നടത്തും. ബുധനാഴ്ച രാവിലെ ജില്ല പൊലീസ് ഓഫിസിൽ ജില്ലതല ഉദ്ഘാടനവും ഭരണ ഭാഷ പ്രതിജ്ഞയും ജില്ല പൊലീസ് മേധാവി പദം സിങ് നിർവഹിക്കും. തുടർന്ന്, ഉപന്യാസ മത്സരവും സംഘടിപ്പിക്കും. ഭരണ രംഗത്ത് ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങളും സമാന മലയാള പദങ്ങളും ബോർഡിൽ പ്രദർശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.