അടിസ്ഥാന സൗകര്യങ്ങളില്ലാത്ത വരട്ടിയാൽകുന്ന് കോളനി

അടിസ്ഥാന സൗകര്യങ്ങൾ അകലെ: പരാതി പറഞ്ഞ് മടുത്ത് വരട്ടിയാൽകുന്ന് കോളനിവാസികൾ

കൽപറ്റ: വിവിധ ആവശ്യങ്ങൾക്കായി കോളനിയിൽ എത്തുന്ന അധികൃതർക്ക് മുന്നിൽ വരട്ടിയാൽകുന്ന് കോളനിവാസികള്‍ക്ക് പങ്കുവെക്കാന്‍ ഏറെ സങ്കടങ്ങളുണ്ട്. വാസയോഗ്യമായ വീടില്ലാതെ, വെള്ളമില്ലാതെ രോഗങ്ങളുമായി മല്ലിടുകയാണ് കോളനിവാസികള്‍.

തങ്ങള്‍ നേരിടുന്ന ദുരിതങ്ങളെല്ലാം കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയെത്തിയവരോട് വിവരിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ഇവർ പരിതപിക്കുന്നു. പടിഞ്ഞാറത്തറ പഞ്ചായത്തിലെ ഏഴാം വാർഡ് കുറുമണി പ്രദേശത്ത് സ്ഥിതിചെയ്യുന്ന വരട്ടിയാൽകുന്നിൽ ആകെ 13 വീടുകളാണ് ഉള്ളത്. ഇതിൽ നാൽപതിന് മുകളിൽ ആളുകൾ തിങ്ങിത്താമസിക്കുന്നു.

പണിയ വിഭാഗത്തിൽപെട്ട ഇവർക്ക് കുടിവെള്ളം, വീട് തുടങ്ങിയവ അത്യാവശ്യമാണ്. പതിറ്റാണ്ടുകൾക്കു മുമ്പ് നിർമിച്ച കോളനിയിലെ മിക്ക വീടുകളും കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്.

തറകള്‍ പൊളിഞ്ഞ് ഭിത്തികള്‍ വീണ്ടുകീറിയ നിലയിലാണ്. മേല്‍ക്കൂരക്കും കേടുപാടുകള്‍ സംഭവിച്ചതിനാല്‍ മഴപെയ്താല്‍ വീടുകള്‍ ചോര്‍ന്നൊലിക്കും. ഇതിനുപുറമെ രോഗംകൊണ്ടും കോളനിക്കാര്‍ ദുരിതത്തിലാണ്.

കുടിവെള്ള പദ്ധതി ഇല്ലാതായതോടെ ഏറെ ദൂരം താണ്ടി തലയിൽ ചുമന്നാണ് വെള്ളം കൊണ്ടുവരുന്നത്. അമിത മദ്യപാനവും സ്‌കൂളിൽനിന്ന് കുട്ടികളുടെ കൊഴിഞ്ഞുപോക്കും കൂടുതലുള്ള ഈ പ്രദേശത്തെ വികസനത്തിന് അടിയന്തര കർമപദ്ധതി ആവിഷ്കരിക്കണമെന്ന ആവശ്യം ശക്തമാണ്.

Tags:    
News Summary - varattiyal kunnu colony infrastructure issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.