കൽപറ്റ: ജില്ലയിൽ നടത്തിയ മോട്ടോര്‍ വാഹന പരാതി പരിഹാര അദാലത്ത്- 'വാഹനീയം 2022'ലൂടെ 229 പരാതികള്‍ക്ക് പരിഹാരം. മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള ഓഫിസുകളില്‍ തീര്‍പ്പാക്കാതെ കിടന്നിരുന്ന പരാതികളിലും പുതുതായി ലഭിച്ച അപേക്ഷകളിലും ഗതാഗത മന്ത്രി ആന്റണി രാജു പരാതിക്കാരെ നേരില്‍കേട്ട് പരിഹാരം കണ്ടു.
മന്ത്രിയുടെ പരിഗണനക്ക് വന്ന ആകെ 277 കേസുകളില്‍ 229ഉം തീര്‍പ്പാക്കി. 48 എണ്ണം മാത്രമാണ് കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയത്. ഇത് പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് ആര്.ടി.ഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കല്പറ്റ ജില്ല ഓഫിസില്‍ (കെ.എല്‍ 12) നിന്നുള്ള 230ല്‍ 192 പരാതികളും മാനന്തവാടി സബ് ഓഫിസിലെ (കെ.എല്‍ 72) 26ല്‍ 24 പരാതികളും സുല്‍ത്താന്‍ ബത്തേരി സബ് ഓഫിസിലെ (കെ.എല്‍ 73) 21ല്‍ 13 പരാതികളും തീര്‍പ്പാക്കി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും റോഡ് സേഫ്റ്റി വളന്റിയര്‍മാരും ചേര്‍ന്ന് ഓട്ടോ ഡ്രൈവറായ ബിന്ദുവിന് നിര്‍മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ദാനം മന്ത്രി നിര്‍വഹിച്ചു. റോഡ് സേഫ്റ്റി വളന്റിയര്‍മാര്‍ക്കും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ക്കും അദ്ദേഹം ഉപഹാരം നൽകി.
കലക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന അദാലത്തില്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് കെയംതൊടി മുജീബ്, ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ എസ്. ശ്രീജിത്ത്, അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ പി.എസ്. പ്രമോജ് ശങ്കര്‍, ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ആര്. രജീവ്, ആര്.ടി.ഒ ഇ. മോഹന്‍ദാസ്, എന്‍ഫോഴ്സ്മെന്റ് അനൂപ് വര്‍ക്കി തുടങ്ങിയവര്‍ പങ്കെടുത്തു.
മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് സ്ഥാപിച്ച 726 നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കാമറകൾ സെപ്റ്റംബറോടെ പ്രവർത്തനക്ഷമമാകുമെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ്, ആര്.സി ബുക്ക് തുടങ്ങിയവ നിലവില്‍ ലാമിനേറ്റഡ് കാര്‍ഡുകളായി നല്‍കുന്നത് സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റുന്നതിന് 2004 മുതല്‍ നടക്കുന്ന ശ്രമങ്ങള്‍ നിയമതടസ്സം കാരണം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇവ നിയമതടസ്സങ്ങള്‍ ഇല്ലാത്തവിധം അന്താരാഷ്ട്ര നിലവാരത്തിലുള്ള എലഗന്റ് കാര്‍ഡുകളാക്കാന്‍ നടപടി പൂര്‍ത്തിയായി വരുന്നുണ്ട്. പഴയ ഡ്രൈവിങ് ലൈസന്‍സുകളും ആര്.സികളും ഇന്റര്‍നാഷനല്‍ പെര്‍മിറ്റുകളും വൈകാതെ എലഗന്റ് കാര്‍ഡുകളിലേക്ക് മാറാനാകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.