കൽപറ്റ: ജില്ല കലക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ജില്ലതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കുള്ള പദ്ധതികള്‍ കാര്യക്ഷമവും സമയബന്ധിതവുമായി നടപ്പാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. ഗോത്ര വര്‍ഗ സങ്കേതങ്ങളിലെ വീട്, റോഡ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അതത് വകുപ്പുകള്‍ അടിയന്തരമായി പരിഹരിക്കാനാണ് നിർദേശം. സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണേണ്ടവയാണെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കാനും നിർദേശം കൊടുത്തിട്ടുണ്ട്.
ഫോറസ്റ്റ് വാച്ചര്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തുടങ്ങിയ തസ്തികകളിലെ പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട പരാതികള്‍ കേരള പബ്ലിക്ക് സര്‍വിസ് കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തും. വിദ്യാർഥികളുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.പട്ടികവര്‍ഗക്കാരുടെ ഒരു വീട്ടില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സാഹചര്യമുണ്ട്. ഇവര്‍ക്ക് ഒരു റേഷന്‍ കാര്‍ഡ് മാത്രമാണുള്ളതെങ്കില്‍ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഇവര്‍ക്ക് ഒന്നിലധികം കാര്‍ഡുകള്‍ അനുവദിക്കുന്നതിന് നിയമ തടസ്സമുണ്ടോ എന്ന് പരിശോധിക്കാന്‍ ജില്ല സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയിൽ യഥാസമയം ചികിത്സ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തും. പി.എച്ച്.എസ്.സികളിലും സബ് സെന്ററുകളിലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. പോഷകാഹാര കുറവ് പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. പട്ടികവര്‍ഗ കോളനികളില്‍ വിവിധ വകുപ്പുകളുടെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ നിർദേശിച്ചിട്ടുണ്ട്.
അനാവശ്യ സാങ്കേതിക നിയമ തടസ്സങ്ങള്‍ ഉന്നയിച്ച് ആനുകൂല്യങ്ങള്‍ തടയുന്ന പ്രവണത അവസാനിപ്പിക്കണം. ഇതര സംസ്ഥാനങ്ങളിലേക്ക് കാര്‍ഷിക ജോലിക്കായി കൊണ്ടുപോകുന്ന പട്ടികവര്‍ഗ വിഭാഗത്തിലെ ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ കൊണ്ടു പോകുന്നവര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയോ തൊഴില്‍ വകുപ്പിനെയോ അറിയിക്കണമെന്നുമാണ് കലക്ടർ യോഗത്തിൽ നിർദേശിച്ചിരിക്കുന്നത്. ഈ നിർദേശങ്ങളെല്ലാം അതത് വകുപ്പിലുള്ള ഉദ്യോഗസ്ഥർ പരിഹരിച്ച് നടപ്പാക്കുമോയെന്നതാണ് ചോദ്യചിഹ്നമായി ബാക്കിയാവുന്നത്.
ആദിവാസികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വളരെ ആഴത്തിൽ ഉള്ളതും ബഹുമുഖമായിട്ടുള്ളതുമാണ്. അതിൽ അടിസ്ഥാനപരമായി പരിഹരിക്കേണ്ടത് ആദിവാസികളുടെ ഭൂമി പ്രശ്നമാണ്. ഇവരുടെ ഭൂരാഹിത്യത്തിൽ നിന്നാണ് എല്ല പ്രശ്നങ്ങളുടെയും തുടക്കം. മണ്ണിൽ പണിയെടുക്കുന്ന കർഷകരായിട്ടും അവർക്ക് കൃഷി ചെയ്യാൻ സ്വന്തമായി ഭൂമിയില്ല. മറ്റു ഭൂവുടമകളുടെ കൂലിക്ക് പണിയെടുക്കേണ്ട അവസ്ഥയാണ്.
യഥാർഥത്തിൽ കുടകിലടക്കം തൊഴിലിനു പോകേണ്ടിവരുന്നത് അവർക്ക് ഭൂമിയില്ലാത്തുകൊണ്ടു കൂടിയാണ്. മലയോര മേഖലയിലെ കർഷകരെ പരിശോധിച്ചാൽ ശരാശരി ഒരേക്കറെങ്കിലും ഭൂമിയുള്ളവർ ഇടത്തരം ജീവിതം നയിക്കുന്നവരാണ്. അവർ പശുവിനെയോ, കോഴിയോ ആടോ എന്തിനെയെങ്കിലും വളർത്തി ഉപജീവനം കാണാം. അങ്ങനെ പരിശോധിക്കുമ്പോൾ ആദിവാസികൾ, തോട്ടംതൊഴിലാളികൾ, ദലിതർ എന്നിവർ ഭൂരഹിതരായി നിൽക്കുന്നതുകൊണ്ട് തന്നെ അവരുടെ ജീവിതം അടിത്തട്ടിൽതന്നെ കിടക്കുകയാണ്.
യഥാർഥത്തിൽ ആദിവാസികളുടെ ഭൂമി പ്രശ്നം പരിഹരിക്കുന്നതിലൂടെയാണ് അവർക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാവുക. ആദിവാസി വിഭാഗങ്ങളുടെ ഇടയിൽതന്നെ ഭൂമിയുള്ളവരുണ്ട്. കുറിച്യർ, കുറുമർ ഭൂസ്വത്തുള്ളവരാണ്. പണിയ, അടിയ വിഭാഗങ്ങളെ വെച്ചു നോക്കുമ്പോൾ അവർക്ക് മെച്ചപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. അവർ കൃഷി ചെയ്യുന്നു. കാർഷിക വൃത്തിക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നതുകൊണ്ടു തന്നെ അവർക്ക് വിദ്യാഭ്യാസം, ആരോഗ്യം എന്നി കാര്യങ്ങളിലും ശ്രദ്ധചെലുത്താൻ കഴിയുന്നു. സർക്കാർ തലത്തിൽ ജോലി നേടിയെടുക്കാനും കഴിഞ്ഞിട്ടുണ്ട്.
എന്നാൽ, പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലുള്ള ആളുകൾക്ക് അതിന് സാധിച്ചിട്ടില്ല. സർക്കാർ ആദിവാസികൾക്ക് വേണ്ടി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളും വികസന പദ്ധതികളുമെല്ലാം ശരിയായ രീതിയിൽ ആദിവാസികളിൽ എത്തപ്പെടുന്നില്ല. യാഥാർഥത്തിൽ ഭൂമി പ്രശ്നത്തിൽ തുടങ്ങി സർക്കാർ നൽകുന്ന ആനുകൂല്യങ്ങളിൽ വരെ നടന്നിട്ടുള്ള വഞ്ചനാപരമായ സമീപനങ്ങളാണ് ആദിവാസികളുടെ ജീവിതം ഇത്ര ദുരിതത്തിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.