സഞ്ചരിക്കുന്ന മൃഗാശുപത്രിയിൽ വെറ്ററിനറി സർജൻ പശുക്കളെ പരിശോധിക്കുന്നു
കൽപറ്റ: വളര്‍ത്തുമൃഗങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2020-21 ജനകീയാസൂത്രണ പദ്ധതിയിലൂടെ തുടക്കം കുറിച്ച സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം മൂന്നാം വര്‍ഷത്തിലേക്ക്.
എടവക, തിരുനെല്ലി, വെള്ളമുണ്ട, തവിഞ്ഞാല്‍, തൊണ്ടര്‍നാട് എന്നീ പഞ്ചായത്തുകളിലെ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി തുടങ്ങിയ പദ്ധതി ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനകരമാണ്. ഒരു സാമ്പത്തിക വര്‍ഷം 20.5 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. മാനന്തവാടി ബ്ലോക്കിലെ 21 ക്ഷീരസംഘങ്ങളെയും ആറു മൃഗാശുപത്രികളെയും കോര്‍ത്തിണക്കി തയാറാക്കുന്ന പ്രവര്‍ത്തന കലണ്ടര്‍ അടിസ്ഥാനപ്പെടുത്തിയാണ് സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം.
ബ്ലോക്ക് പഞ്ചായത്ത് ഘടകസ്ഥാപനമായ ഗവ. മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനററി സര്‍ജനാണ് പദ്ധതിയുടെ നിര്‍വഹണ ഉദ്യോഗസ്ഥന്. പ്രത്യേകം സജ്ജീകരിച്ച വാഹനം, വെറ്ററിനറി സര്ജന്, ഡ്രൈവര്‍ കം അറ്റന്‍ഡര്‍, അവശ്യ മരുന്നുകള്‍ എന്നിവയാണ് സഞ്ചരിക്കുന്ന മൃഗാശുപത്രി സംവിധാനത്തിലുള്ളത്. മാസത്തില്‍ രണ്ടായിരത്തോളം മൃഗങ്ങള്‍ക്ക് ചികിത്സ നല്കാന് ഈ സംവിധാനം വഴി കഴിയും.
ഗുരുതരമായ രോഗം ബാധിച്ച കന്നുകാലികളുള്ള വീടുകളില്‍ പോയി ചികിത്സ നല്‍കാനും സംവിധാനത്തിലൂടെ കഴിയുന്നുണ്ട്. പരിശോധനക്ക് ശേഷം മരുന്നുകളും അവിടെ വെച്ച് നല്കുന്നുവെന്നത് ഗുണകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.