കൽപറ്റയിൽ ഗതാഗത പരിഷ്‌കാരം മേയ് ഒന്നു മുതല്‍

കല്‍പറ്റ: നഗരത്തില്‍ മേയ് ഒന്നുമുതല്‍ നടപ്പാക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരത്തി‍െൻറ മുന്നോടിയായുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി കല്‍പറ്റ നഗരസഭ. റോഡ് വീതികൂട്ടുന്നതോടൊപ്പം കാല്‍നട യാത്രക്കാര്‍ക്കായി റോഡി‍െൻറ ഇരുവശത്തും നടപ്പാതയും കൈവരികളും സ്ഥാപിക്കുന്നത് അവസാനഘട്ടത്തിലാണ്.

ട്രാഫിക് ഉപദേശക സമിതി നിര്‍ദേശമനുസരിച്ചുള്ള വാഹന പാര്‍ക്കിങ്ങും യാത്രാനിയന്ത്രണ സംവിധാനവും മേയ് ഒന്നു മുതല്‍ നഗരത്തില്‍ നടപ്പാക്കുന്നതോടെ ഗതാഗത തടസ്സം ഇല്ലാതാക്കാനായുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാണ്. റോഡ് വീതികൂട്ടുന്നതി‍െൻറ ഭാഗമായി പൊളിച്ചിട്ടിരുന്ന ഭാഗങ്ങള്‍ ടാര്‍ ചെയ്തുവരുകയാണ്. കല്‍പറ്റ നഗരത്തിലെ ഹൃദയഭാഗമായ പിണങ്ങോട് ജങ്ഷനിലുണ്ടായിരുന്ന ഗതാഗത തടസ്സത്തിന് കാരണമായ ഹൈമാസ്റ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിച്ചു. വലിയ ചരക്കുവാഹനങ്ങളുടെ വരവ് നഗരത്തിലെ ഗതാഗതം നിശ്ചലമാക്കുന്നത് ഇവിടെ നിത്യസംഭവമായിരുന്നു. ഹൈമാസ്റ്റ് ലൈറ്റി‍െൻറ തൂൺ മാറ്റിസ്ഥാപിച്ചതോടെ പിണങ്ങോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രധാന റോഡിലേക്ക് പ്രവേശിക്കാനാവും.

കൈനാട്ടിയില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലായതോടെ ഓട്ടോമാറ്റിക് ട്രാഫിക് സംവിധാനം ഉടനെ നിലവില്‍ വരും. പൊതുമരാമത്ത് വകുപ്പി‍െൻറ റോഡ് സേഫ്റ്റി ഫണ്ടിൽനിന്നുള്ള 14 ലക്ഷം രൂപ ചെലവഴിച്ചാണ് സിഗ്നല്‍ സ്ഥാപിക്കുന്നത്. നിർമാണ ചുമതലയുള്ള കെല്‍ട്രോണ്‍ വൈദ്യുതീകരണം പൂര്‍ത്തിയാക്കി ഓട്ടോമാറ്റിക് സംവിധാനത്തി‍െൻറ സമയക്രമീകരണം നടപ്പാക്കുന്നതോടെ ട്രാഫിക് സിഗ്നല്‍ യാഥാർഥ്യമാവും. അഴുക്കുചാല്‍ പദ്ധതിയും റോഡ് നവീകരണവും നടപ്പാത നിർമാണവും അവസാനഘട്ടത്തിലാണ്.

മേയ് ഒന്നുമുതല്‍ നടപ്പാക്കാനിരിക്കുന്ന ഗതാഗത പരിഷ്‌കാരത്തിന് മുന്നോടിയായി നഗരത്തിലെ റോഡ് വീതികൂട്ടുന്നതടക്കമുള്ള നിമാണങ്ങള്‍ വേഗത്തിലാക്കാനും ഗതാഗത തടസ്സമുണ്ടാവാനിടയുള്ള ഭാഗങ്ങളിലെ ടെലിഫോണ്‍-വൈദ്യുതി തൂണുകൾ മാറ്റാനും നിർദേശം നല്‍കിയിട്ടുണ്ടെന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.