Representational image
കൽപറ്റ: വാഹനാപകടക്കേസിൽ പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്ന് ആരോപിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി. കഴിഞ്ഞ മൂന്നിന് കൽപറ്റ വുഡ് ലാൻഡ് ഹോട്ടലിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തന്റെ പരാതി പരിഗണിക്കാതെ പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്ന് കാണിച്ച് അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ആകാശ് നാരായണൻ എന്നയാളുടെ പിതാവ് പി. നാരായണനാണ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
അപകടത്തിൽ ആകാശ് നാരായണൻ കാലിനും കൈക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പരിക്കേറ്റ് ദിവസങ്ങളായി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. അപകടം സംബന്ധിച്ച് പിറ്റേദിവസം തന്നെ കൽപറ്റ പൊലീസ് സ്റ്റേഷനിലെത്തി നാരായണൻ പരാതി നൽകുകയും അപകടത്തിൽപ്പെട്ട ബൈക്ക് സ്റ്റേഷനിൽ ഹാജരാക്കുകയും ചെയ്തിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് പൊലീസിൽ പല തവണ അന്വേഷണം നടത്തിയെങ്കിലും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല.
അതേസമയം കഴിഞ്ഞ 14ന് എതിർകക്ഷിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തന്റെ മകനെതിരേ ഏകപക്ഷീയമായി എഫ്.ഐ.ആർ തയാറാക്കുകയായിരുന്നു. യഥാർഥ പ്രതിയെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തിലാണ് പൊലീസ് തന്റെ മകനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തതെന്നും നാരായണൻ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിലെ ദൃക്സാക്ഷികളെ ചോദ്യം ചെയ്യുകയോ സംഭവസ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയോ തെളിവുകൾ ശേഖരിക്കുകയോ ചെയ്യാതെ ഏകപക്ഷീയമായാണ് കൽപറ്റ പൊലീസ് നടപടി സ്വീകരിച്ചതെന്നും പരാതിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.