കൽപറ്റ: വയനാട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുറത്തിറക്കിയ പട്ടിക കെ.പി.സി.സി റദ്ദാക്കി. ഞായറാഴ്ചയാണ് കെ.പി.സി.സി വയനാട്ടിലെ 36 മണ്ഡലങ്ങളിലെയും പ്രസിഡന്റുമാരുടെ പട്ടിക പുറത്തിറക്കിയത്. എന്നാൽ, മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആളുകളെ പ്രഖ്യാപിച്ചതും സാമുദായിക പ്രാതിനിധ്യം പാലിക്കാത്തതും വ്യാപക പരാതിക്ക് ഇടയാക്കിയിരുന്നു. പ്രസിഡന്റുമാരുടെ പട്ടികക്കെതിരെ കെ.പി.സി.സിക്കും എ.ഐ.സി.സിക്കുമടക്കം പരാതി ലഭിച്ചു.
പട്ടിക തയാറാക്കാൻ നിയമിച്ച ജില്ലയിലെ ഏഴംഗ ഉപസമിതി ഏകകണ്ഠമായി 34 ആളുടെ പേരുകളാണ് കെ.പി.സി.സിക്ക് നൽകിയത്. തർക്കമുണ്ടായ മുള്ളൻകൊല്ലി, പുൽപള്ളി മണ്ഡലങ്ങൾ കെ.പി.സി.സി നേരിട്ട് പരിഹരിക്കുകയുമായിരുന്നു. തുടർന്നാണ് പട്ടിക പുറത്തിറക്കിയത്. എന്നാൽ, ഉപസമിതി ഏകകണ്ഠമായി നൽകിയ പട്ടികയിൽനിന്ന് എട്ടോളം പ്രസിഡന്റുമാരുടെ പേരുകൾ വെട്ടിമാറ്റി പകരം മറ്റുചില പേരുകളാണ് പ്രസിദ്ധീകരിച്ച പട്ടികയിലുള്ളതെന്ന് പാർട്ടിക്കുള്ളിൽ തന്നെ ആക്ഷേപമുണ്ട്.
ജില്ലയിൽ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ സാമുദായിക പ്രാതിനിധ്യം പാലിച്ചിട്ടില്ലെന്ന് വ്യാപകമായി ആക്ഷേപമുയർന്നിരുന്നു. 36 പ്രസിഡന്റുമാരിൽ രണ്ടുപേർ മാത്രമാണ് മുസ്ലിം സമുദായത്തിൽ നിന്നുണ്ടായത്; ജസീർ പള്ളിവയൽ -മുപ്പൈനാട്, കെ. മുജീബ് -ചീരാൽ. മാനന്തവാടി മണ്ഡലത്തിലെ 12 പേരിൽ ഒരാൾപോലും പട്ടികയിൽ ഇടം നേടിയില്ല. എടവക മണ്ഡലം പ്രസിഡന്റായി ജില്ലതല സമിതി ഏകകണ്ഠമായി അംഗീകരിച്ച ഇബ്രാഹിം മുതുവോടനെ കെ.പി.സി.സി ഒഴിവാക്കിയതായും ആക്ഷേപമുണ്ട്.
ജില്ലയിൽ 40 ശതമാനം ജനസംഖ്യയുള്ള ന്യൂനപക്ഷവിഭാഗത്തെ കോൺഗ്രസ് അവഗണിച്ചതായും പരാതിയുണ്ട്. ജില്ലയിൽ കൂടുതലുള്ള എസ്.ടി വിഭാഗത്തിനും വേണ്ട പരിഗണന നൽകിയിട്ടില്ല. നിലവിൽ ഒരു മണ്ഡലത്തിൽ മാത്രമാണ് ഈ വിഭാഗത്തെ പ്രതിനിധാനംചെയ്ത് പ്രസിഡന്റുള്ളത്. മണ്ഡലം പ്രസിഡന്റുമാരുടെ പട്ടിക മരവിപ്പിച്ചുവെന്നതരത്തിൽ വന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ജില്ല കോൺഗ്രസ് പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ പറഞ്ഞു. പട്ടികയിൽ ചില അപാകതകളുണ്ട്. ചില മണ്ഡലങ്ങളിൽ തർക്കങ്ങളുണ്ട്. അത് കെ.പി.സി.സി പരിഹരിച്ച് വീണ്ടും പട്ടിക ഉടൻ ഇറക്കുമെന്നും എൻ.ഡി. അപ്പച്ചൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.