കല്പറ്റ: വിലക്കുറവും ഉൽപാദനച്ചെലവിലെ വർധനവും കാരണം ചെറുകിട കര്‍ഷകര്‍ തേയില കൃഷി ഉപേക്ഷിക്കുന്നു. ഒരു കിലോ തേയിലക്ക് 15 രൂപക്കു മുകളിലാണ് ശരാശരി ഉത്പാദനച്ചെലവ്. എന്നാൽ ഇപ്പോഴത്തെ വിപണി വില 12 രൂപ മാത്രമാണ്. മുൻ വർഷം 20 രൂപ വരെ ലഭിച്ച സ്ഥാനത്താണ് ഇത്രയും വിലക്കുറവ്. 2021 ൽ 27 രൂപ വരെ കിലോക്ക് ലഭിച്ചിരുന്നു.
വിലക്കുറവ് കാരണം നിരവധി ചെറുകിട കർഷകർ ജില്ലയിൽ തേയില കൃഷി ഉപേക്ഷിച്ചു കഴിഞ്ഞു. പല കർഷകരും തേയിലച്ചെടി പിഴുതി മാറ്റി പകരം മറ്റു കാർഷിക വിളകൾക്ക് നിലമൊരുക്കാൻ തുടങ്ങി.
വടുവന്‍ചാല്‍, ചുള്ളിയോട്, മക്കിയാട്, അമ്പലവയല്‍, മേപ്പാടി, പേരിയ തുടങ്ങിയ പ്രദേശങ്ങളിലാണ് ചെറുകിട തേയില കൃഷിക്കാര്‍ കൂടുതലുള്ളത്. വയനാട് സ്മോള്‍ സ്കെയില്‍ ടീ ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്കനുസരിച്ച് ജില്ലയില്‍ ഏകദേശം 6,000 ചെറുകിട തേയില കര്‍ഷകരാണുള്ളത്. 50 സെന്റ് മുതല്‍ ഭൂമിയിലാണ് ഇവര്‍ തേയില കൃഷി ചെയ്യുന്നത്. വൻതോതിലാണ് ഈയടുത്തായി തേയിലയുടെ ഉൽപാദനച്ചെലവിൽ വർധനയുണ്ടായത്. കൂലി ഗണ്യമായി വർധിച്ചു.
വളത്തിനും കീടനാശിനികൾക്കും വില വർധിച്ചു. അതേസമയം, തേയിലക്കാകട്ടെ കർഷകർക്ക് ന്യായമായ വില ലഭിക്കുന്നുമില്ല. വിവിധ നിലവാരത്തിലുള്ള തേയിലപ്പൊടിക്ക് വിപണികളില്‍ ഉയര്‍ന്ന വില ഉണ്ടെങ്കിലും ഇതിന്റെ ഗുണം കർഷകരിലെത്തുന്നില്ല.
പച്ചത്തേയിലക്ക് കിലോഗ്രാമിനു 15 രൂപയെങ്കിലും ലഭിക്കുന്നില്ലെങ്കില്‍ ബാധ്യതയിലേക്ക് കൂപ്പുകുത്തുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഒരു കിലോഗ്രാം പച്ചത്തേയില വിളവെടുക്കുന്നതിനു മാത്രം ആറു മുതല്‍ എട്ടുവരെ രൂപ കൂലി നല്‍കണം. തണല്‍ ക്രമീകരണം, കള നീക്കല്‍, വളം-കീടനാശിനി പ്രയോഗം എന്നിവക്കുള്ള ചെലവ് കിലോഗ്രാമിനു അഞ്ച് രൂപയിലധികം വരും.
സാധാരണ ഏക്കറിന് 4,000 തേയിലച്ചെടികളെന്ന തോതിലാണ് നടുന്നത്. ചെടികള്‍ പൂര്‍ണ വളര്‍ച്ചയെത്തുന്ന മുറക്ക് മാസം 600 മുതല്‍ 700 വരെ കിലോഗ്രാം തേയിലച്ചപ്പ് ലഭിക്കും.
ചപ്പ് കൈകള്‍കൊണ്ട് നുള്ളിയെടുക്കുന്ന കൃഷിയിടങ്ങളില്‍ കാലാവസ്ഥ ഉള്‍പ്പെടെ അനുകൂല സാഹചര്യങ്ങളാണെങ്കിൽ മാസം രണ്ടു തവണ വിളവെടുക്കാനാകും. ചപ്പ് വെട്ടിയെടുക്കുന്ന തോട്ടങ്ങളില്‍ മാസം ഒരു പ്രാവശ്യമേ വിളവെടുപ്പ് നടത്താനാകൂ. മുന്‍ വര്‍ഷങ്ങളില്‍ തേയിലച്ചപ്പിനു മെച്ചപ്പെട്ട വില ലഭിച്ചത് കര്‍ഷകര്‍ക്ക് പ്രതീക്ഷയായിരുന്നു. ചപ്പ് കിലാഗ്രാമിന് 2021 ആഗസ്റ്റില്‍ 23, സെപ്റ്റംബറില്‍ 27, ഒക്ടോബറില്‍ 24, നവംബറില്‍ 23 രൂപ വില ലഭിച്ചിരുന്നു.
2022ല്‍ മഴക്കാലം ഒഴികെ മാസങ്ങളില്‍ പച്ചത്തേയില കിലോഗ്രാമിനു 20 രൂപ വരെ വില ലഭിച്ചു. ചെറുകിട കര്‍ഷകരില്‍ പലരും ഇടനിലക്കാര്‍ മുഖേനയാണ് തേയിലച്ചപ്പ് ഫാക്ടറികളില്‍ ലഭ്യമാക്കുന്നത്. ഫാക്ടറി മാനേജ്മെന്റുകള്‍ നല്കുന്ന വിലയില്‍ കമീഷന് കഴിച്ചുള്ള തുകയാണ് ഇടനിലക്കാര്‍ കര്‍ഷകർക്ക് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.