കൽപറ്റ: അനധികൃത മരംമുറിയുമായി ബന്ധപ്പെട്ട് റേഞ്ച് ഫോറസ്റ്റ് ഓഫിസറായിരുന്ന കെ. നീതുവിനെതിരേ സ്വീകരിച്ച അച്ചടക്ക നടപടി സർക്കാർ തീര്‍പ്പാക്കി. സൗത്ത് വയനാട് വനം ഡിവിഷനിലെ സുഗന്ധഗിരിയില്‍ നിക്ഷിപ്ത വനഭൂമിയില്‍ കഴിഞ്ഞ വര്‍ഷമാണ് മരംമുറി നടന്നത്. റേഞ്ച് ഓഫിസറുടെ ഭാഗത്ത് മനഃപൂര്‍വമായ വീഴ്ചയുണ്ടായില്ലെങ്കിലും ജാഗ്രതക്കുറവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക നടപടി തീര്‍പ്പാക്കിയത്.
സുഗന്ധഗിരിയില്‍ ഏലം പ്രോജക്ടിനു കൈമാറിയ വനഭൂമിയിലെ താമസക്കാർക്ക് ഭീഷണിയായ 20 മരങ്ങള്‍ മുറിക്കുന്നതിനു നല്കിയ അനുമതിക്കു മറവില്‍ 107ഓളം മരങ്ങളാണ് വെട്ടിമാറ്റിയത്. ഇതു സംബന്ധിച്ച് ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം ശിപാര്‍ശ ചെയ്തത് അനുസരിച്ചാണ് റേഞ്ച് ഓഫിസര്‍ക്കെതിരെ കുറ്റപത്രം നല്കി അച്ചടക്ക നടപടിയാരംഭിച്ചത്. റേഞ്ച് ഓഫിസര്‍ കുറ്റാരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചിരുന്നു.
ലേലം ചെയ്ത 20 കുറ്റി മരങ്ങള്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാണ് ഫോറം 3 പാസ് അനുവദിച്ചത്. സുഗന്ധഗിരി 1087 ഹെക്ടറിന് മുകളില്‍ വിസ്തൃതിയുള്ളതിനാല്‍ മുഴുവന്‍ സ്ഥലവും പരിശോധിക്കുന്നത് ദുഷ്കരമാണ്. വന്യമൃഗ ആക്രമണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയായിതിനാല് മരംമുറി ശ്രദ്ധയില്‍പ്പെട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് റേഞ്ച് ഓഫിസറുടെ പ്രതിവാദത്തിലുള്ളത്. ഫെബ്രുവരി ഏഴിന് റേഞ്ച് ഓഫിസറിൽനിന്ന് വനം-വന്യജീവി അണ്ടര്‍ സെക്രട്ടറി വിശദീകരണം കേട്ടിരുന്നു. വനസംരക്ഷണത്തിന് കല്പറ്റ സെക്ഷനിലെ ഫീല്‍ഡ് സ്റ്റാഫ് അനധികൃത മരംമുറി വിവരം മൂടിവെക്കുകയാണുണ്ടായതെന്ന് റേഞ്ച് ഓഫിസര്‍ അവകാശപ്പെട്ടു.
കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അനധികൃതമായി മുറിച്ചതില്‍ 160 ക്യുബിക് മീറ്റര്‍ തടി തിരിച്ചുപിടിച്ചു. മരങ്ങള്‍ കടത്താനുപയോഗിച്ച ലോറിയും ക്രെയിനും ട്രാക്ടറും കസ്റ്റഡിയിലെടുത്തു. മുഴുവന്‍ പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. സൗത്ത് വയനാട് ഡി.എഫ്.ഒ വരദൂര്‍ ടിമ്പേഴ്സിനു നല്കിയ ഫോറം 4 പാസ് പ്രകാരമാണ് തടികള്‍ മുറിച്ചുകൊണ്ടുപോയതെന്നും റേഞ്ച് ഓഫിസര്‍ അണ്ടര്‍ സെക്രട്ടറിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് അച്ചടക്ക നടപടി തീര്‍പ്പാക്കി ഉത്തരവായത്. സുഗന്ധഗിരിയിൽ ഭൂരഹിതരായ 450 ഓളം ആദിവാസികൾക്ക് പതിച്ചു നൽകിയ 3000 ഏക്കർ ഭൂമിയിലാണ് മരംകൊള്ള നടന്നത്. മരംമുറിക്കലിന് പിന്നിൽ ഉന്നത ഇടപെടൽ ഉണ്ടായിരുന്നു. എന്നാൽ, സംഭവം പുറത്തുവന്നതോടെ ചില വനം ഉദ്യോഗസ്ഥരെ ബലിയാടാക്കുകയാണെന്ന ആരോപണവും ശക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.