കൽപറ്റ: വയനാടൻ കാപ്പിയെ കാർബൺ ന്യൂട്രൽ മാനദണ്ഡപ്രകാരമുള്ള ഉൽപന്നമാക്കി, ലോകോത്തര നിലവാരത്തോടെ കൂടുതൽ ഉൽപാദനവും ആഗോള വിപണനവും ലക്ഷ്യമിട്ട് 'ക്ലൈമറ്റ് സ്മാർട്ട് കോഫി' പദ്ധതി ജില്ലയിൽ നടപ്പാക്കുന്നു. ജില്ലയിലെ ഒരോ പ്രദേശത്തെയും കാലാവസ്ഥക്ക് അനുസൃതമായി ആഗോള മാനദണ്ഡങ്ങൾക്ക് വിധേയമായുള്ള ഉൽപാദനം ഉറപ്പാക്കിയാണ് പദ്ധതി നടപ്പാക്കുക. കാപ്പി ഉൽപാദനം വർധിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് കൂടുതൽ വരുമാനമുണ്ടാക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി രണ്ടുദിവസങ്ങളിലായി പുത്തൂർവയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ നടന്ന നയരൂപവത്കരണ ശിൽപശാലയിൽ വിവിധ വിഷയങ്ങൾ ചർച്ചയായി.
വയനാടൻ കാപ്പിയുടെ മികവ് അന്താരാഷ്ട്രതലത്തിൽ ബോധ്യപ്പെടുത്താൻ ശാസ്ത്രീയ പദ്ധതികൾ ആവിഷ്കരിക്കുമെന്നും കാർബൺ ബഹിർഗമനം തീരെ ഇല്ലാതാക്കി കാർബൺ ന്യൂട്രലായ 'സ്മാർട്ട് കോഫി' തയാറാക്കി അന്താരാഷ്ട്ര വിപണിയിലെത്തിക്കുമെന്നും വിദഗ്ധർ പറഞ്ഞു. വിപണി കീഴടക്കാൻ അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തണമെന്ന് നെതർലാൻഡ്സിലെ ഗ്രോണിംഗൻ സർവകലാശാല പ്രഫസർ ഡോ. പി.വി. അരവിന്ദ് പറഞ്ഞു. പ്രകൃതിദത്തമായ കാപ്പിയെന്ന നിലയിൽ ഉൽപന്നത്തിന്റെ മൂല്യം ഉയർത്തണം. ഇതിനായി പുതിയതരം ഉൽപാദനരീതിയും വിപണന രീതിയും നടപ്പാക്കും. കാർബൺ ബഹിർഗമനില്ലാതാക്കാൻ കാപ്പിത്തോട്ടങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിച്ച് അതിന്റെ ചോലയിൽ വളരുന്ന കാപ്പി എന്ന നിലയിൽ ബ്രാൻഡ് ചെയ്യപ്പെടുന്നത് വയനാടൻ കാപ്പിക്ക് വലിയ അംഗീകാരമായി മാറുമെന്ന് കേരള പ്ലാനിങ് ബോർഡംഗം ജിജു പി. അലക്സ് പറഞ്ഞു.
ഗവേഷണം, പരസ്പര സഹകരണം, ഉൽപാദന ശൃംഖല വിപുലീകരണം, ധനസഹായ സ്രോതസ്സുകൾ കണ്ടെത്തൽ, കർഷകർക്കുള്ള പരിശീലനം, വിവരശേഖരണം, ഉൽപാദനത്തിന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ എന്നിവയെല്ലാം അന്തരാഷ്ട്ര വിപണി കീഴടക്കുന്നതിൽ പ്രധാനമാണ്. ആത്യന്തികമായി കർഷകരുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നതെന്ന് കെ ഡിസ്ക് സെക്രട്ടറി പി.പി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ ഡിസ്ക്), കോഫി ബോർഡ്, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി, കേരള കാർഷിക സർവകലാശാല, എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രം, വിദേശ സർവകലാശാലകൾ തുടങ്ങിയവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച സമാപിച്ച ശിൽപശാലയിൽ കാർഷിക മേഖലയിലെ വിദഗ്ധർ, ശാസ്ത്രജ്ഞർ, ജനപ്രതിനിധികൾ, പ്ലാനിങ് ബോർഡ് അംഗങ്ങൾ, കാർഷിക ഉൽപന്ന -വിപണനമേലയിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.