കൽപറ്റ: ജില്ലയിൽ സർവിസ് വയറുകളുടെ ക്ഷാമം കാരണം അപേക്ഷകർക്ക് വൈദ്യുതി കണക്ഷൻ നൽകാനാവാതെ കെ.എസ്.ഇ.ബി. ജില്ലയിലെ വിവിധ വൈദ്യുതി സെക്ഷൻ ഓഫിസുകളിൽ നിരവധി അപേക്ഷകളാണ് സർവിസ് വയറുകൾ ഇല്ലാത്തത് കാരണം കെട്ടിക്കിടക്കുന്നത്. സ്റ്റോറിൽ നിന്ന് സർവിസ് വയർ വിതരണം ചെയ്യാത്തതാണ് ക്ഷാമത്തിന് കാരണം. കൽപറ്റ സെക്ഷൻ ഓഫിസിൽ 24 അപേക്ഷകളിൽ കണക്ഷൻ കൊടുക്കാനുണ്ട്. മേപ്പാടിയിൽ അഞ്ചും വെള്ളമുണ്ടയിൽ 10ഉം അപേക്ഷകളിൽ വൈദ്യുതി കണക്ഷൻ നൽകാനായിട്ടില്ല. ജില്ലയിലെ പല സെക്ഷൻ ഓഫിസുകളിലും ഇതു തന്നെയാണ് അവസ്ഥ.
ഇത് കാരണം അപേക്ഷകർ നിരന്തരം ഓഫിസുകൾ കയറിയിറങ്ങുകയാണ്. അതേസമയം, മറ്റ് സെക്ഷനുകളിൽ നിന്നും സർവിസ് വയർ എത്തിച്ച് ചില ഓഫിസുകൾ അടിയന്തര കണക്ഷൻ നൽകുന്നുമുണ്ട്. കൽപറ്റ മുനിസിപ്പൽ പ്രദേശമായതിനാൽ അപേക്ഷകൾ ഏറെയാണ്. കഴിഞ്ഞ മാസം 26 മുതലുള്ള അപേക്ഷകളിൽ ഇവിടെ കണക്ഷൻ നൽകാനുണ്ട്.
സാമ്പത്തിക പ്രതിസന്ധിയാണ് സർവിസ് വയറുകളുടെ ദൗർലഭ്യത്തിന് കാരണമെന്നാണ് വിവരം. അധികം പണം നൽകി വൈദ്യുതി വാങ്ങേണ്ട സാഹചര്യം വന്നതോടെ ആവശ്യത്തിന് മെറ്റീരിയലുകൾ വാങ്ങാൻ ഫണ്ട് ലഭ്യമാവാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നാണ് അറിയുന്നത്. താത്ക്കാലിക കണക്ഷനുകളടക്കം വീടുപണിക്കും മറ്റും അപേക്ഷ നൽകിയ ഉപഭോക്താക്കളാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. അതേ സമയം, സ്റ്റോറിൽ സർവിസ് വയറുകൾ എത്തിയതായും ക്വാളിറ്റി ടെസ്റ്റ് ഉൾെപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാവാത്തതിനാലാണ് വിതരണം ചെയാനാവാത്തതെന്നുമാണ് പറയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.