‘സർഗം’ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണ ചടങ്ങിൽ ജാസ് ഡ്രം വായിക്കുന്ന നിവേദ്
കൽപറ്റ: അമ്മയുടെ പ്രോത്സാഹനത്തിെൻറ പിൻബലത്തിൽ നിവേദ് ആത്മവിശ്വാസത്തോടെ താളം തീർത്തപ്പോൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത സർഗശേഷിയുടെ പ്രതിഫലനമായി അത്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ സ്റ്റാഫ് നഴ്സുകൂടിയായ അമ്മ ദിവ്യ കൂടെനിന്ന് പിന്തുണ പകര്‍ന്നപ്പോള്‍ തുടക്കത്തിലെ സമ്മർദമെല്ലാം കുടഞ്ഞുകളഞ്ഞ് നിവേദ് ജാസ് ഡ്രമ്മിൽ അതിശയം സൃഷ്ടിച്ചു. സദസ്യരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ പരിഭ്രമമൊന്നുമില്ലാതെ പുഞ്ചിരിയോടെ കാര്യങ്ങളെ നേരിട്ടു.
ആരോഗ്യ വകുപ്പിെൻറയും ആരോഗ്യ കേരളം വയനാടിെൻറയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സർഗം' അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം ജില്ലതല പരിപാടികള്‍ക്കിടയിലാണ് നിവേദ് കാഴ്ചക്കാരുടെ ഓമനയായത്. നൂല്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേകം സജ്ജമാക്കിയ ഇടമായിരുന്നു വേദി. തലച്ചോറിെൻറ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ച്, ചലന വൈകല്യത്തിനും ചിലപ്പോള്‍ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കുന്ന സെറിബ്രല്‍ പാള്‍സി എന്ന രോഗമാണ് നിവേദിന്.
കുഞ്ഞിന് പ്രത്യേകം കഴിവുകള്‍ ഉണ്ടെന്ന് കണ്ടെത്തി, അവനെ സംഗീത വഴിയിലൂടെ നടത്തിച്ചത് അമ്മ ദിവ്യയാണ്. പനമരത്ത് 'റിഥം ഓഫ് വയനാട്' ഇന്‍സ്ട്രുമെൻറല്‍ മ്യൂസിക് സ്കൂള്‍ നടത്തുന്ന പിതാവ് സുധീറിെൻറ പാത പിന്തുടര്ന്ന് മനോഹരമായി ജാസ് ഡ്രം വായിച്ചും നിവേദ് സദസ്സിെൻറ മനം കവര്‍ന്നു. വെല്ലുവിളികളെ അതിജീവിച്ചു വിജയപഥത്തിലേറിയവരുടെ ദിനമായിരുന്നു നൂല്പുഴയില്. 'എട്ടുവര്‍ഷം മുമ്പ് കെട്ടിടത്തിനു മുകളില്‍ നിന്നും വീണതാണ്. സ്പൈനല്‍ കോഡിന് തകരാറാര്‍ സംഭവിച്ചു 16 ദിവസം അബോധാവസ്ഥയില്‍ കിടന്നു. 20 വര്‍ഷം പട്ടാളത്തിലായിരുന്നു. അതിെൻറ നിശ്ചയ ദാര്‍ഢ്യം എനിക്കുണ്ട്.
തളരില്ല എന്നു തീര്‍ച്ചപ്പെടുത്തി മുന്നോട്ടു തന്നെ. അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടെങ്കിലും ഇന്നെനിക്ക് കാറും ബൈക്കും ഓടിക്കാം' - നിശ്ചയദാര്‍ഢ്യത്തോടെ കൃഷ്ണഗിരി തോട്ടാപ്പള്ളിയില്‍ റോയി പറഞ്ഞത് സദസ്സ് ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 40ഓളം ഭിന്നശേഷിക്കാര്‍ പരസ്പരം സംസാരിച്ചും അനുഭവങ്ങള്‍ പങ്കുവെച്ചും പരിപാടിയുടെ ഭാഗമായി. നട്ടെല്ലിന് ക്ഷതമേറ്റ് വീല്‍ചെയറിലായ വെങ്ങപ്പള്ളി സ്വദേശി മോഹനന് വിളക്ക് തെളിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. സുല്‍ത്താന്‍ബത്തേരി വിനായക നഴ്സിങ് കോളജ് വിദ്യാർഥികളുടെ കലാപരിപാടികള്‍ മിഴിവേകി.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ തുടങ്ങിയവരെത്തി ഭിന്നശേഷിക്കാരുമായി സംവദിച്ചു. നട്ടെല്ലിനു ക്ഷതമേറ്റും അല്ലാതെയും വീല്‍ചെയറില്‍ ജീവിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ 'റെയിന്‍ബോ ബീറ്റ്സ്' അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി. ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ച് തിരൂര്‍ ജില്ല ആശുപത്രി ഫിസിക്കല്‍ മെഡിസിന് ആൻഡ് റിഹാബിലിറ്റേഷന്‍ വിഭാഗം മേധാവി ഡോ. ജാവേദ് അനീസ് ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.