ശ്രീ​നാ​ഥ് ച​ന്ദ്ര​ൻ

സന്തോഷ് ട്രോഫി ക്യാമ്പ്; വയനാടിന്‍റെ 'ശ്രീ'ആകാൻ ശ്രീനാഥ്

കൽപറ്റ: നിശ്ചയദാർഢയവും കഠിനപ്രയത്നവും ചിട്ടയായ പരിശീലനവും ഒത്തുചേർന്നപ്പോൾ ശ്രീനാഥ് ചന്ദ്രനു മുന്നിൽ മറ്റെല്ലാ പരിമിതികളും നിഷ് പ്രഭമായി. ചെറുപ്പം തൊട്ടേ ഫുട്ബാൾ ജീവശ്വാസമായി കൊണ്ടുനടന്ന ശ്രീനാഥ് ചന്ദ്രൻ വെല്ലുവിളികളെയെല്ലാം അതിജീവിച്ച് കേരളത്തിന്‍റെ സന്തോഷ് ട്രോഫി സെലക് ഷൻ ക്യാമ്പിലെത്തിയിരിക്കുകയാണിപ്പോൾ.

സെലക് ഷൻ ക്യാമ്പിനൊടുവിൽ സന്തോഷ് ട്രോഫി ടൂർണമെന്‍റിനായുള്ള കേരള ടീമിൽ വയനാടിന്‍റെ ശ്രീ ആയി ശ്രീനാഥ് ചന്ദ്രൻ ഉണ്ടാകുമോയെന്നാണ് ഏവരും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

സെലക് ഷൻ ക്യാമ്പിൽ മികച്ച പ്രകടനം നടത്തി കേരള ടീമിൽ ഇടംപിടിക്കുകയെന്ന ലക്ഷ്യത്തിലാണിപ്പോൾ 21കാരനായ ശ്രീനാഥ് ചന്ദ്രൻ. മണിയങ്കോട് മാനിവ‍യൽ കോളനിയിലെ ചന്ദ്രന്‍റെയും സീതയുടെയും മകനായ ശ്രീനാഥ് ചന്ദ്രൻ നിലവിൽ വയനാട് യുനൈറ്റഡ് എഫ്.സി പിണങ്ങോടിന്‍റെ വിശ്വസ്ത താരമാണ്.

സന്തോഷ് ട്രോഫി ക്യാമ്പിലെത്തുമ്പോൾ ശ്രീനാഥിന്‍റെ പരിശീലകർക്കും ഇത് അഭിമാന നിമിഷമാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ചെറുപ്പംമുതലേ ഫുട്ബാളിനു പിറകെ പാഞ്ഞ ശ്രീനാഥ് മുണ്ടേരി ഹൈസ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം ഫുട്ബാൾ കളിച്ചുകൊണ്ടാണ് പരിശീലിച്ചിരുന്നത്.

ജില്ല ടീം അംഗമായിരുന്ന മുണ്ടേരി സ്വദേശി റഫീഖ്, ശ്രീനാഥിന്‍റെ കഴിവ് തിരിച്ചറിഞ്ഞ് പരിശീലനം നൽകുകയായിരുന്നു. തുടർന്നുള്ള കളികളിലെ മികവ് ശ്രീനാഥിനെ വയനാട് യുനൈറ്റഡ് എഫ്.സി ക്ലബിലെത്തിച്ചു. അവിടെനിന്നും പരിശീലകരായ സനൂജ് രാജിന്‍റെയും ഡെയ്സൺ ചെറിയാന്‍റെയും കീഴിലുള്ള പരിശീലനത്തിൽ ശ്രീനാഥ് തന്നിലെ ഫുട്ബാളറെ കൂടുതൽ മികവുറ്റതാക്കി.

മണിയങ്കോട്ട് വീടിന് സമീപത്തെ വയലില്‍ പന്തു തട്ടിത്തുടങ്ങിയ ശ്രീനാഥിനെയും കൂട്ടുകാരെയും ഫൈവ്‌സിലും സെവന്‍സിലും ഒക്കെ കൊണ്ടുപോയി പോരാടാനുള്ള കരുത്തു പകര്‍ന്നത് ശിവന്‍ മണിയങ്കോടായിരുന്നു. വയനാട് യുനൈറ്റഡ് എഫ്.സിയിൽ ജില്ല എ ഡിവിഷൻ ചാമ്പ്യൻഷിപ്പിലടക്കം നടത്തിയ പ്രകടന മികവിലൂടെ ശ്രീനാഥ് ജില്ല ടീമിലേക്കെത്തി.

തൃശൂരിൽ നടന്ന ചാമ്പ്യന്‍ഷിപ്പിൽ ജില്ല ടീമിനായി ശ്രീനാഥ് നടത്തിയ മികച്ച പ്രകടനമാണ് സന്തോഷ് ട്രോഫി ക്യാമ്പിലെത്തിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ സ്‌റ്റോപ്പര്‍ ബാക്ക് പൊസിഷനില്‍ എതിരാളികളുടെ ആക്രമണങ്ങളുടെ മുനെയാടിച്ച ശ്രീനാഥ് പിന്നീടുള്ള മത്സരങ്ങളില്‍ മുന്നേറ്റത്തിലേക്ക് മാറുകയായിരുന്നു. മുൻ കായികതാരമായ നിത്യയാണ് ശ്രീനാഥിന്‍റെ സഹോദരി. 

Tags:    
News Summary - Santhosh Trophy Camp-Srinath selected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.