കൽപറ്റ: ജില്ലയിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടും ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ ജാഗ്രത നിർദേശങ്ങളുമായി ഭരണകൂടം. അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അതിതീവ്ര മഴ അപകടങ്ങൾ സൃഷ്ടിക്കും. കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവേ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാമെന്നും ജനം ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ഇത്തവണ അധികമായി 200 മഴമാപിനികള്‍
കൽപറ്റ: കാലവർഷം തൊട്ടടുത്ത് നിൽക്കവേ മഴയുടെ അളവ് കൃത്യമായി അറിയാൻ ജില്ലയിൽ ഇത്തവണ കൂടുതലായി സ്ഥാപിച്ചത് 180നും 200നുമിടയിൽ മഴമാപിനികൾ. ഇതോടെ ജില്ലയിൽ ആകെയുള്ള മഴമാപിനികളുടെ എണ്ണം 250 ആയി. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിലും തൊട്ടടുത്ത സ്ഥലങ്ങളിൽതന്നെ തീർത്തും വ്യത്യസ്ത അളവിൽ മഴ ലഭിക്കുന്നു എന്ന കാരണത്താലും സൂക്ഷ്മതലത്തിൽ മഴയുടെ പ്രാദേശിക ലഭ്യത കണക്കാക്കി കുറ്റമറ്റ പ്രതിരോധ നടപടികൾക്ക് തയാറെടുക്കുകയാണ് ലക്ഷ്യം. ജില്ല ദുരന്തനിവാരണ അതോറിറ്റിയും ഹ്യൂമും (ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി) സംയുക്തമായാണ് മഴമാപിനികള്‍ സ്ഥാപിച്ചത്.
മഴമാപിനികള്‍ മുഖേന ഓരോ പ്രദേശത്തും നിശ്ചിത സമയത്ത് ലഭിക്കുന്ന മഴയുടെ അളവ് ഡി.എം സ്യൂട്ട് വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേന കൈമാറും. ഹ്യൂമിന്റെ സാങ്കേതിക സഹായത്തോടെ ദിനേനയുള്ള മഴ, താപനില എന്നിവയുടെ പ്രവചനവും വിശകലനവും ലഭ്യമാക്കും. ഓരോ പ്രദേശത്തെയും മഴയുടെ അളവ്, കാലാവസ്ഥ എന്നിവക്ക് അനുസൃതമായി നിർമിതബുദ്ധിയുടെ സഹായത്തോടെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കാനും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും കഴിയും. ഇതുവഴി ഗ്രാമപഞ്ചായത്തുകള്‍ക്ക് ജാഗ്രത നിർദേശങ്ങളും മഴ മുന്നറിയിപ്പുകളും നല്‍കാം. തുടര്‍ച്ചയായി 600 മില്ലിമീറ്ററിലധികം മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും സാധ്യതയുള്ള ദുര്‍ബല പ്രദേശങ്ങളായി കണക്കാക്കുന്നുണ്ട്. ഇത്തരം വിവരങ്ങള്‍ മുന്‍കൂട്ടി ലഭിക്കുന്നത് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും പ്രാപ്തമാക്കും. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലും മഴമാപിനി സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലാണ്- 20. മേപ്പാടി, ബ്രഹ്മഗിരി, മക്കിമല, ബാണാസുര, സുഗന്ധഗിരി, ലക്കിടി തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലും മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പോലെ താരതമ്യേന മഴ കുറവുള്ള പ്രദേശങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.
മുന്നൊരുക്കവുമായി പൊതുമരാമത്ത് വകുപ്പ്
കൽപറ്റ: ജില്ലയിൽ മഴക്കാല മുന്നൊരുക്കങ്ങൾ ത്വരിതപ്പെടുത്തി പൊതുമരാമത്ത് വകുപ്പ് (റോഡ്) വിഭാഗം. 70 ശതമാനത്തോളം മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തീകരിച്ചതായും ബാക്കി പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അസി. എൻജിനീയർ വിന്നി ജോൺ വ്യക്തമാക്കി. അടയാള ബോർഡ് സ്ഥാപിക്കൽ, കാട് വെട്ടൽ എന്നിവ മുഴുവനായും പൂർത്തിയാക്കി. ഓവുചാൽ വൃത്തിയാക്കൽ, മരച്ചില്ല മുറിക്കൽ, റോഡിനോടും നടപ്പാതയോടും ചേർന്ന ഭാഗം വൃത്തിയാക്കൽ തുടങ്ങിയവ പുരോഗമിക്കുകയാണ്.
റണ്ണിങ് കോൺട്രാക്റ്റ് (ആർ.സി) പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങൾ നടത്തുന്നത്. വകുപ്പിന് കീഴിലുള്ള കൽപറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി എന്നീ മൂന്ന് സബ് ഡിവിഷനുകളിലും മഴക്കാല മുന്നൊരുക്കപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മഴസമയത്ത് ഉണ്ടാകുന്ന പരാതികൾ അന്നു തന്നെ തീർപ്പാക്കുന്ന രീതിയിൽ പ്രീ-മൺസൂൺ കരാറുകാരെ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
റോഡിലെ കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കുന്ന പ്രവൃത്തി 80 ശതമാനം പൂർത്തിയായി. ജല അതോറിറ്റിയുടെ പൈപ്പിലെ ചോർച്ച മൂലമുണ്ടാകുന്ന കുഴികൾ പൂർവസ്ഥിതിയിലാക്കാനുള്ള നടപടികളും തുടങ്ങി. റണ്ണിങ് കോൺട്രാക്റ്റ് സംവിധാനം നടപ്പാക്കാത്ത റോഡുകളിൽ പ്രീ-മൺസൂൺ പ്രവൃത്തി മുഖേന റോഡ് സംരക്ഷിക്കാനും നിർദേശിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
മുന്നറിയിപ്പ് നല്കാന് വാട്സ്ആപ് ഗ്രൂപ്
മഴമാപിനികളില്‍നിന്ന് ലഭിക്കുന്ന തത്സമയ വിവരങ്ങള്‍ ആളുകളിലേക്കെത്തിച്ച് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് വാട്സ്ആപ് കൂട്ടായ്മ രൂപവത്കരിച്ചു. വെതര്‍ ഫോര്‍കാസ്റ്റ് എന്ന പേരില്‍ 225 അംഗങ്ങളുള്ള വാട്സ്ആപ് കൂട്ടായ്മയിലൂടെ അറിയിപ്പുകള് കൈമാറും.
എല്ലാ ദിവസവും രാവിലെ എട്ടിന് മഴമാപിനി വിവരങ്ങളും മറ്റു കാലാവസ്ഥ പ്രവചനങ്ങളും ഗ്രൂപ്പില്‍ ലഭ്യമാക്കും. ചുവപ്പ് മുന്നറിയിപ്പ് പ്രഖ്യാപിച്ചാല്‍ ദുരന്ത നിവാരണ അതോറിറ്റി പ്രാദേശിക ഭരണകൂടങ്ങളുമായും പൊലീസ്, അഗ്നിരക്ഷ സേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുമായും ചേർന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.