ഞാറുമായി സലാം കോട്ടത്തറ പഞ്ചായത്ത് ഓഫീസിനു മുന്നിൽ
കൽപറ്റ: കൃഷിക്ക് പ്രോൽസാഹനം, സ്വയംപര്യാപ്ത എന്ന സർക്കാർ കസർത്തുകൾക്കുമുന്നിൽ വയനാട് കോട്ടത്തറ കരിഞ്ഞകുന്നിലെ പാലക്കൽ സലാമിെൻറ അനുഭവം മറിച്ചാണ്.
കൃഷിയെക്കുറിച്ച് പറയാൻ കൃഷി വകുപ്പിന് ആയിരം നാവാണ്. എന്നാൽ സലാം കൃഷിയിടത്തിൽ നിന്ന് പരാതി പറയാൻ എത്തിയത് കുറേ ഞാറുമായാണ്. അതൊരു ഒറ്റയാൾ പോരാട്ടമായി.
കൃഷിയുടെ പേരിൽ വാചകമടി സലാമും കുേറ കേട്ടതാണ്. എന്നാൽ വയലിൽ ഞാറ് പറിക്കാനും നടാനും ആളെ കിട്ടുന്നില്ല; പിന്നെ എങ്ങനെ നെല്ല് വിളയും ? കന്നുകാലി സംരക്ഷണത്തിന് പിന്തുണ കിട്ടുന്നില്ലെന്നും പരാതി.
സലാം മാതൃക കർഷകനാണ്. അഞ്ച് ഏക്കർ കരഭൂമിയിൽ നട്ടുപിടിപ്പിക്കാത്തതായി ഒന്നുമില്ല. കാപ്പി, കുരുമുളക്, കവുങ്ങ്, തെങ്ങ്, വാഴ, ചേമ്പ്, ചേന ഇങ്ങനെ എല്ലാ വിളകളും കൃഷിചെയ്യുന്നുണ്ട്. ജൈവകൃഷിയിലാണ് താൽപര്യം. പശുക്കളെയും വളർത്തുന്നുന്നുണ്ട്. ഒന്നര ഏക്കറിലാണ് നെൽകൃഷി.
എന്നാൽ, ഇത്തവണ പ്രതീക്ഷ കരിയുമെന്നായപ്പോഴാണ് സലാം സമരവുമായി വെള്ളിയാഴ്ച രാവിലെ വെണ്ണിയോട് ടൗണിലെത്തിയത്. സാധാരണ സമരം ചെയ്ത് സമയം കളഞ്ഞ ശീലമില്ല. എല്ലാവരും തൊഴിലുറപ്പിനു പിന്നാലെയാണ്. ആ തൊഴിലാളികളെ കൃഷിയിടങ്ങളിലേക്ക് തിരിച്ചുവിടണമെന്ന് സലാം അധികൃതരോട് പറഞ്ഞെങ്കിലും ഫലമില്ല.
അടിയന്തര സമയങ്ങളിൽ മൃഗാശുപത്രിയിൽ പോയി മരുന്ന് ചോദിച്ചാൽ നല്ല മറുപടിപോലും കിട്ടാറില്ലെന്ന് സലാം പറഞ്ഞു.
കോട്ടത്തറ വില്ലേജ് പരിസരത്ത് നിന്ന് പ്ലക്കാർഡും ഞാറും കൈയിലേന്തി ഗ്രാമപഞ്ചായത്ത് ഓഫീസ്പടിക്കൽ പോയി പ്രതിഷേധം പ്രകടിപ്പിച്ചു. ഇവിടെയും അധികൃതർക്ക് ഇളക്കമില്ല. കുറേ നേരം നിന്നു. പിന്നെ സലാം കൃഷിയിടത്തിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.