കൽപറ്റ: ദേശീയപാത 766ലെ രാത്രിയാത്ര നിരോധനം പരിഹരിക്കാൻ വേണ്ടി കോഴിക്കോട്-മൈസൂരു ദേശീയപാതക്ക് കുട്ട-ഗോണിക്കുപ്പ വഴി ബദൽ പാത വികസിപ്പിക്കാൻ പദ്ധതിരേഖ നിർണയിക്കുന്ന പ്രവൃത്തിയിൽനിന്ന് ദേശീയപാത അതോറിറ്റി പിൻവാങ്ങണമെന്ന് നീലഗിരി-വയനാട് എൻ.എച്ച് ആൻഡ് െറയിൽവേ ആക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.
ബദൽപാത ദേശീയപാത 766ലെ രാത്രിയാത്രാ നിരോധനത്തിന് പരിഹാരമാവില്ല. എൻ.എച്ച് 766 വഴിതിരിച്ചുവിടാനുള്ള ചില തൽപരകക്ഷികളുടെ ഗൂഢാലോചനയും അവിഹിത സ്വാധീനവുമാണ് ഈ നീക്കത്തിനു പിന്നിൽ. രാത്രിയാത്രാ നിരോധന പ്രശ്നത്തിന് പരിഹാരം കാണാനുള്ള എല്ലാ നീക്കങ്ങളെയും ഈ ഗൂഢസംഘം അട്ടിമറിക്കുകയാണ്.കുട്ട-ഗോണിക്കുപ്പ പാത വയനാട് വന്യജീവി സങ്കേതത്തിലും നാഗർഹോള രാജീവ് ഗാന്ധി ദേശീയ ഉദ്യാനത്തിലും കുടകിലെ അതീവ പരിസ്ഥിതി ദുർബല മേഖലകളിലും കൂടി കടന്നുപോകുന്ന പാതയാണ്.
എന്നാൽ, ഇത് മറച്ചുവെക്കാനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അവിഹിതമായി സ്വാധീനിച്ച്, കർണാടക ഹൈകോടതിയെയും സുപ്രീം കോടതിയേയുംപോലും തെറ്റിദ്ധരിപ്പിച്ചാണ് ഈ തൽപര കക്ഷികൾ അനുകൂല ഉത്തരവുകൾ നേടിയെടുക്കുന്നത്.ഈ ഗൂഢനീക്കങ്ങൾ ചെറുക്കാൻ കേരളസർക്കാർ ജാഗ്രത പുലർത്തണം. രാത്രിയാത്രാ നിരോധനപ്രശ്നം പരിഹരിക്കുന്നതിന് മേൽപാലങ്ങൾ നിർമിച്ച് പെഞ്ച് മാതൃകയിലുള്ള പരിഹാരം കണ്ടെത്തുന്നതിന് ശക്തമായ ഇടപെടൽ കേരളസർക്കാറിെൻറ ഭാഗത്തുനിന്ന് ഉണ്ടാവണം.
ബദൽപാത മാത്രമേ പരിഗണിക്കൂ എന്ന നിലപാടിൽ കേന്ദ്ര, കർണാടക സർക്കാറുകൾ ഉറച്ചുനിൽക്കുന്നതിനാൽ പ്രായോഗിക പരിഹാരം എന്ന നിലയിൽ സുൽത്താൻ ബത്തേരി -ചിക്കബർഗി പാത ബദൽ പാതയായി നിർദേശിക്കാൻ സർക്കാർ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കൺവീനർ അഡ്വ. ടി.എം. റഷീദ്, വിനയകുമാർ അഴിപ്പുറത്ത്, വി. മോഹനൻ, എം.എം. അസൈനാർ, പി.വൈ. മത്തായി, മോഹൻ നവരംഗ്, സംഷാദ്, സി. അബ്ദുൽ റസാഖ്, എൽദോ കുര്യാക്കോസ്, ജോസ് കപ്യാർമല, ജേക്കബ് ബത്തേരി, നാസർ കാസിം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.