കല്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ നിന്ന് അനധികൃതമായി മരംമുറിച്ച സംഭവത്തിൽ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നാലുവർഷമാകാറായിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ല. അനധികൃത മരംമുറിക്ക് മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തിയാണ് പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി നിയമപ്രകാരം മീനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് കേസുകളില്‍ 2023 ഡിസംബര്‍ നാലിനു സുല്‍ത്താന്‍ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചിച്ചതിനടക്കമുള്ള കേസുകള്‍ ഒറ്റക്കേസായാണ് പൊലീസന്വേഷിച്ചത്.
2021ല്‍ സൗത്ത് വയനാട് ഡി.എഫ്.ഒ അനുവദിച്ച ഫോം ഏഴ് പെര്‍മിറ്റിന്റെ മറവിൽ എറണാകുളത്തേക്ക് ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന 54 കഷണം ഈട്ടി കയറ്റിയിരുന്നു. ഈ തടികള്‍ വനത്തില്‍നിന്നു അനധികൃതമായി മുറിച്ച് കടത്തിയതാണെന്ന് കാണിച്ച് വനംവകുപ്പ് പിടികൂടി.ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ വനംവകുപ്പ് നടപടിക്കെതിരെ മരംമുറിക്കേസ് പ്രതികളില്‍ ചിലര്‍ ജില്ല കോടതിയില്‍നിന്നു സ്റ്റേ നേടിയിരുന്നു. എന്നാൽ, തടികള്‍ കണ്ടുകെട്ടുന്നതിന് എതിരായ ഹര്‍ജികളെ വനംവകുപ്പ് എതിര്‍ത്തു. തടികള്‍ ഭൂവുടമകളില്‍നിന്നു വിലക്കുവാങ്ങിയതാണെന്നാണ് വനംവകുപ്പ് കോടതിയെ അറിയിച്ചത്.
വനംവകുപ്പിന്റെ കസ്റ്റഡിയിലുള്ള തടികള്‍ വിട്ടു കിട്ടുന്നതിന് പ്രതികള്‍ 2022 മെയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇതുവരെയും തീര്‍പ്പായിട്ടില്ല. കഴിഞ്ഞ ദിവസം പരിഗണിച്ച ഹര്‍ജികള്‍ കോടതി കേസ് മാര്‍ച്ച് 15ലേക്ക് മാറ്റി. മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് കുപ്പാടി ഡിപ്പോയിലുള്ളത്. സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്നില്‍നിന്നു മുറിച്ച 18.75 മീറ്റര്‍ തേക്കും ഇതേ ഡിപ്പോയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഈ തടികള്‍ കേടുവരാതെ സംരക്ഷിക്കുന്നതിന് 2023 ജനുവരിയില്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. വനംവകുപ്പിന്റെ കസ്റ്റഡിയിലെ തടികള്‍ ലേലം ചെയ്യുന്നതിനു അനുമതി തേടി സൗത്ത് വയനാട് ഡി.എഫ്.ഒ കോടതിയെ സമീപിച്ചെങ്കിലും തീരുമാനമായിട്ടില്ല. റവന്യു പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു. ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയ ഭൂമികളില്‍ നിന്ന് ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.