കൽപറ്റ നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ എ.ഐ.സി.സി
ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു
കൽപറ്റ: ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രമാണ് മോദി രാജ്യത്ത് നടപ്പാക്കുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. നിയോജക മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം ഇൻഡ്യ മുന്നണിയെ ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പിന് മാത്രമാണ്. മോദിയെ കുറിച്ച് പിണറായി ഒന്നും മിണ്ടുന്നില്ല. പിണറായിക്ക് മോദിയെ പേടിയാണ്. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങിലേക്ക് എല്ലാ പ്രതിപക്ഷ പാർട്ടികളെയും ക്ഷണിച്ചിരുന്നു. എന്നാൽ,സി.പി.എം പങ്കെടുത്തില്ല.
രാഹുൽ ഗാന്ധി ആദ്യമായിട്ടല്ല വയനാട്ടിൽ മത്സരിക്കുന്നത്. രാജ്യത്തെ പല മണ്ഡലങ്ങളിലും മത്സരിക്കാൻ പറഞ്ഞെങ്കിലും വയനാടുമായുള്ള അഞ്ചുവർഷത്തെ അടുപ്പവും അനുഭവവും കൊണ്ടാണ് വീണ്ടും ഇവിടെ തന്നെ മത്സരിക്കാൻ അദ്ദേഹം എത്തുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. യു.ഡി.എഫ് ചെയർമാൻ ടി. ഹംസ അധ്യക്ഷത വഹിച്ചു. അബ്ബാസലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ അഡ്വ. ടി. സിദ്ദീഖ്, എ.പി. അനിൽകുമാർ, മാത്യു കുഴൽനാടൻ, ഡി.സി.സി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, ജില്ല യു.ഡി.എഫ് ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി, പി.ടി. മാത്യു എന്നിവർ പങ്കെടുത്തു. ടി. ഹംസ ചെയർമാനായും, പി.പി. ആലി ജനറൽ കൺവീനറായും അഡ്വ. ടി. ജെ. ഐസക് ട്രഷററായും തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.