representational image

ആരോഗ്യമന്ത്രി വീണ്ടും വയനാട്ടുകാരെ വഞ്ചിക്കുന്നു - ആക്ഷൻ കമ്മിറ്റി

കൽപറ്റ: മെഡിക്കൽ കോളജ് വിഷയത്തിൽ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രഖ്യാപനം വയനാട്ടുകാരെ വീണ്ടും വഞ്ചിക്കാനാണെന്ന് വയനാട് ഗവ. മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

ബോയ്സ് ടൗണിലെ ഗ്ലെൻലെവൻ എസ്റ്റേറ്റിലെ സ്ഥലത്തിന്‍റെ ഭൂവില നൽകി ഏറ്റെടുക്കണമെന്ന കേരള ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയശേഷം ഇതേ സ്ഥലത്ത് മെഡിക്കൽ കോളജ് കെട്ടിടം നിർമിക്കുന്നതിന്‍റെ നടപടികൾ വേഗത്തിലാക്കാൻ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രത്യേക സംഘം രൂപവത്കരിക്കുമെന്നാണ് ആരോഗ്യ മന്ത്രി വീണ ജോർജ് പ്രഖ്യാപിച്ചത്.

സുപ്രീം കോടതിയിൽ അപ്പീൽ നൽകിയ സ്ഥലത്ത് കേസ് പൂർത്തിയാകുന്നതിന് മുമ്പ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയില്ലെന്നിരിക്കെ അതേക്കുറിച്ച് ഒന്നുംപറയാതെ മന്ത്രി നടത്തിയ പ്രഖ്യാപനം വഞ്ചനാപരമാണ്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച കേസിൽ അന്തിമ വിധി വരുന്നതുവരെ ഗ്ലെൻ ലെവൻ എസ്റ്റേറ്റ് ഭൂമിയിൽ യാതൊരു പ്രവൃത്തിയും നടത്താനാകില്ല.

മെഡിക്കൽ കോളജായി ഉയർത്തിയ ജില്ല ആശുപത്രിക്ക് സമീപത്തെ മറ്റു വകുപ്പുകളുടെ സ്ഥലം ഏറ്റെടുക്കലും എളുപ്പത്തിൽ പൂർത്തിയാക്കാനാകില്ല. അക്കാദമിക് ബ്ലോക്ക് ഉൾപ്പെടെ പൂർത്തീകരിക്കാതെ ദേശീയ മെഡിക്കൽ കൗൺസിലിന് അപേക്ഷ നൽകിയാൽ മെഡിക്കൽ കോളജിനുള്ള അനുമതിയും ലഭിക്കില്ല.

അഞ്ചു വർഷമായിട്ടും ജില്ല ആശുപത്രിയിൽ കാത്ത് ലാബ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. അനാവശ്യവിവാദമുണ്ടാക്കി മെഡിക്കൽ കോളജ് നിർമാണം അനന്തമായി നീട്ടികൊണ്ടുപോയി സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. മടക്കിമലയിലെ മെഡിക്കൽ കോളജിന്‍റെ ശിലാസ്ഥാപനത്തിൽ അധ്യക്ഷത വഹിച്ച അന്നത്തെ മന്ത്രി പി.കെ. ജയലക്ഷ്മി ഇപ്പോൾ ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയതിനെ സ്വാഗതം ചെയ്യുന്നത് വിലകുറഞ്ഞ നടപടിയാണ്.

മെഡിക്കൽ കോളജ് വിഷയത്തിൽ പ്രതിപക്ഷമായ കോൺഗ്രസിന്‍റെ നിലപാടില്ലായ്മയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മെഡിക്കൽ കോളജ് ആക്ഷൻ കമ്മിറ്റി ആറാംഘട്ട സമരത്തിന്റെ ഭാഗമായി കിടപ്പ് സത്യാഗ്രഹ സമരം നവംബർ 23ന് രാവിലെ പത്തു മുതൽ 11.30വരെ ജില്ല കലക്ടറേറ്റിനു മുന്നിലെ നടപ്പാതയിൽ നടക്കും. ഇ.പി. ഫിലിപ്പ്കുട്ടി, വിജയൻ മടക്കിമല, വി.പി. അബ്ദുൽ ഷുക്കൂർ, സുലോചന രാമകൃഷ്ണൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - medical college issue-Health Minister is again deceiving the people of Wayanad - Action Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.