അട്ടമല എറാട്ടറക്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണനെ കാട്ടാന കൊന്ന സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പ്രതിഷേധിക്കുന്ന നാട്ടുകാർ
കൽപറ്റ: എട്ടര ലക്ഷം ജനങ്ങളുള്ള വയനാട് ജില്ലയിൽ മനുഷ്യനു നേരെ വന്യജീവി ആക്രമണങ്ങൾ നടക്കാത്ത ദിവസങ്ങളില്ല. ഏറ്റവുമൊടുവിൽ നൂൽപുഴയിലും അട്ടമലയിലും രണ്ട് ആദിവാസി യുവാക്കളെയാണ് കാട്ടാന കൊമ്പിൽ കോർത്തത്. കാട്ടാനയും കടുവയും കരടിയും പുലിയുമെല്ലാം ദിനേനെ ജനവാസ കേന്ദ്രങ്ങളിലെത്തി താണ്ഡവമാടുമ്പോഴും പ്രതിഷേധങ്ങൾ കനക്കുമ്പോൾ നടത്തുന്ന വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും പിന്നീട് ജലരേഖയായി മാറുകയാണ് വയനാട്ടുകാർക്ക്. അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ജാഗരൂഗരാകുന്ന സർക്കാറും വനംവകുപ്പും ജില്ല ഭരണകൂടവുമെല്ലാം പ്രശ്നം കെട്ടടങ്ങുന്നതോടെ ഉൾവലിയും.
43 വർഷത്തിനിടെ വയനാട്ടിൽ വന്യമൃഗ ആക്രമണത്തിൽ 160 ഓളം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ജീവനു പുറമെ കോടികളുടെ കാർഷിക വിളയാണ് ഒാരോ വർഷവും വന്യമൃഗങ്ങൾ നശിപ്പിക്കുന്നത്. കിടങ്ങുകളും ഫെൻസിങ്ങുകളും തകർന്നതിനാൽ കൂടുതൽ വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്നു. വനാതിര്ത്തികളില് താമസിക്കുന്നവരുടെ ഉൾപ്പെടെ നൂറുകണക്കിന് വീടുകളാണ് വന്യമൃഗങ്ങൾ തകർത്തത്. ന്യായമായ നഷ്ടപരിഹാരം പോലും പലപ്പോഴും ലഭിക്കുന്നില്ല.
കാട്ടാനശല്യം തടയാനായി ജില്ലയിലാദ്യമായി നടപ്പാക്കുന്ന ക്രാഷ്ഗാർഡ് ഫെൻസിങ് സംവിധാനം പാതിവഴിയിലാണ്. കൂടൽക്കടവ് മുതൽ പാൽവെളിച്ചം വരെയുള്ള 4.6 മീറ്റർ നീളത്തിലാണ് ക്രാഷ്ഗാർഡ് ഫെൻസിങ് നിർമിക്കുന്നത്. 2023 ആഗസ്റ്റിൽ നിർമാണം തുടങ്ങിയെങ്കിലും തൂണുകൾ സ്ഥാപിച്ചതല്ലാതെ മറ്റൊരു പ്രവൃത്തിയും പിന്നീട് നടന്നിട്ടില്ല.
വയനാട്ടിൽ വന്യജീവികളുടെ എണ്ണം വർധിച്ചതായി കണക്കെടുപ്പിൽ വ്യക്തമായെന്ന് വനം മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. 1993ലെ സെൻസസിൽ 4300 ആനകളാണ് കേരളത്തിലെ വനങ്ങളിലുണ്ടായിരുന്നത്. 2011ൽ ഇത് 7400 ആയി. ഇത്തരത്തിൽ ആനകൾ പെരുകുമ്പോൾ വനത്തിന് ഇവയെ ഉൾക്കൊള്ളാനുള്ള വാഹക ശേഷിയില്ല. കൂടാതെ വനം കുറയുന്നതും വനത്തിനുള്ളിലെ അധിനിവേശ സസ്യങ്ങളുടെ വ്യാപനവും കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാകുന്നു.
വന്യജീവി സംരക്ഷണ നിയമം സെക്ഷൻ 11 (1) എ പ്രകാരം മനുഷ്യന്റെ ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന ഏതു മൃഗത്തെയും വെടിവെച്ചു കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ടെന്നാണ് സംഘടനകൾ പറയുന്നത്. അതല്ലെങ്കിൽ മജിസ്ട്രേട്ട് എന്ന നിലയിൽ കലക്ടർക്ക് സി.ആർ.പി.സി 133-1 എഫ് പ്രകാരം വെടിവെച്ചു കൊല്ലാൻ ഉത്തരവിടാൻ അധികാരമുണ്ട്. എന്നാൽ, ഇതെല്ലാം പ്രയോഗിക്കുന്നതിൽ ഏറെ മാനദണ്ഡങ്ങളുമുണ്ട്. മാരാപാണ്ഡ്യൻ എന്ന ഉദ്യോഗസ്ഥൻ 1987ൽ ഈ വകുപ്പുപയോഗിച്ച് മാനന്തവാടിയിൽ ആനയെ വെടിവെച്ചു കൊല്ലാൻ ഉത്തരവിട്ടിരുന്നു.
മേപ്പാടി: രണ്ട് ദിവസത്തിനിടെ ജില്ലയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് അട്ടമല എറാട്ടറക്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണൻ (27). ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം കോളനിയിലുള്ളവരെ എസ്റ്റേറ്റ് പാടികളിലേക്ക് മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഉരുൾ ദുരന്തത്തിന് ശേഷം മുണ്ടക്കൈ, അട്ടമല മേഖലകളിൽ പൊതുവിഭാഗത്തിലെ ആരും താമസിക്കുന്നില്ല. ഇതിനാൽതന്നെ ബുധനാഴ്ച നേരം പുലർന്ന ശേഷമാണ് സംഭവം നാട്ടുകാർ അറിഞ്ഞത്.
ഉരുൾപൊട്ടലിന് ശേഷം ആറുമാസം പിന്നിടുമ്പോഴും മുണ്ടക്കൈ, അട്ടമല പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചിട്ടില്ല. ആൾതാമസമില്ലാത്തതിനാൽ കാട്ടാനകൾ വിഹരിക്കുക പതിവാണ്. എന്നാൽ, വനംവകുപ്പ് പ്രതിരോധ നടപടികളൊന്നും കാര്യക്ഷമമായി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. ബാലകൃഷ്ണന്റെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കാതെ വൻപ്രതിഷേധമാണ് നാട്ടുകാരും ബന്ധുക്കളും ഉയർത്തിയത്. ശേഷം ഉന്നത ഉദ്യോഗസ്ഥർ എത്തി ചർച്ച നടത്തിയതിന് ശേഷമാണ് മൃതദേഹം സ്ഥലത്തു നിന്ന് മാറ്റാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.