ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിപാറ്റ് അടക്കമുള്ള യന്ത്രങ്ങളുടെ പരിശോധന ജില്ല കലക്ടറുടെ
നേതൃത്വത്തിൽ നടത്തുന്നു
കൽപറ്റ: ലോക്സഭ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് പ്രധാന റോഡുകളിലും ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലും ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നതിനായി സ്റ്റാറ്റിക് സര്‍വയ്ലന്‍സ് ടീം വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തമാരംഭിക്കും. അനധികൃത മദ്യം, ഡ്രഗ്സ്, സമ്മാനങ്ങള്‍, പണം, ആയുധങ്ങള്‍, വെടിമരുന്ന് എന്നിവയുടെ നീക്കം നിരീക്ഷിക്കുകയും പിടിച്ചെടുക്കുകയും ചെയ്യും. പ്രദേശത്തെ സാമൂഹിക വിരുദ്ധരുടെ നീക്കങ്ങള്‍ എന്നിവയും ടീം നിരീക്ഷിക്കും. സ്ഥാനാർഥികളുടെയും പാര്‍ട്ടികളുടെയും പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കുന്നതിന് എക്സ്പെൻഡീച്ചര്‍ മോണിറ്ററിങ് ടീം, വിഡിയോ സര്‍വയ്ലന്‍സ് ടീം, വിഡിയോ വ്യൂവിങ് ടീമുകളുടെ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാർഥികളുടെ പ്രചാരണ പരിപാടികള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയാണ് വിഡിയോ സര്‍വയ്ലന്‍സ് ടീമിന്റെ ചുമതല. പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാർഥികളുടെ കട്ടൗട്ട്, ബാനര്‍, പ്രസംഗ പീഠത്തിന്റെ വലുപ്പം, പ്രചാരണ വാഹനങ്ങള്‍ എന്നിവ റെക്കോഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാർഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. വിഡിയോ സര്‍വയ്ലന്‍സ് ടീം റെക്കോഡ് ചെയ്ത് നല്കുന്ന വിഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ കണ്ടെത്തുകയുമാണ് വിഡിയോ വ്യൂവിങ് ടീമിന്റെ ചുമതല.
ലോക്സഭാ തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് ജില്ലയില്‍ ഫ്ലയിങ് സ്ക്വാഡും ആന്റി ഡിഫേസ്മെന്റ് സ്ക്വാഡും നടത്തിയ പരിശോധനയില്‍ 906 പോസ്റ്ററുകളും ബാനറുകളും കൊടി തോരണങ്ങളും ചുവരെഴുത്തും നീക്കം ചെയ്തു. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 601 പോസ്റ്ററുകള്‍, 264 ബാനറുകള്‍, 41 കൊടികളുമാണ് മൂന്ന് നിയമസഭാ മണ്ഡലങ്ങളിലുമായി നീക്കം ചെയ്തത്. വരും ദിവസങ്ങളിലും പരിശോധന തുടരും.
സുൽത്താൻ ബത്തേരി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാന അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കി. മുത്തങ്ങ തകരപ്പാടിയിൽ പൊലീസും എക്സൈസും വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്. കള്ളപ്പണം, ലഹരി വസ്തുക്കൾ എന്നിവ സംസ്ഥാനത്തേക്ക് എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന. തകരപ്പാടിയിൽ പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനക്ക് വിധേയമായി മാത്രമേ യാത്ര, ചരക്കുവാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റൂ. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങളെ കർശന പരിശോധന നടത്താൻ കൂടുതൽ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപന ദിനമായ വ്യാഴാഴ്ച ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് നോട്ടീസ് (ഫോറം1) പ്രസിദ്ധപ്പെടുത്തണം.
സെക്രട്ടറിയോ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ രാവിലെ ഒമ്പതു മുതല്‍ ഓഫിസില്‍ ഉണ്ടായിരിക്കണമെന്ന് ജില്ല കലക്ടര്‍ നിർദേശം നല്കി.
അമ്പതിനായിരം രൂപയില്‍ കൂടുതല്‍ പണമായി വാഹനങ്ങളിലോ മറ്റോ കൊണ്ടു പോകരുത്. അനിവാര്യ സാഹചര്യങ്ങളില്‍ കൊണ്ടുപോകേണ്ട ആളുകള്‍ പണം ലഭിച്ചതിന്റേയോ പിന്വലിച്ചതിന്റേയോ രേഖകള്‍ കരുതണം. രേഖകള്‍ ഇല്ലാത്ത പണം കണ്ടുകെട്ടും. പത്ത് ലക്ഷത്തില്‍ കൂടുതലുള്ള തുക പിടികൂടുന്ന പക്ഷം നികുതി വകുപ്പിനെ അറിയിക്കും. വോട്ടു യന്ത്രങ്ങളുടെ ആദ്യഘട്ട റാന്ഡമൈസേഷന് നടത്തി. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്ഡമൈസേഷന് പൂര്‍ത്തിയായി.
രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ നടന്ന റാന്ഡമൈസേഷന് സംബന്ധിച്ച് ജില്ല കലക്ടര്‍ ഡോ. രേണുരാജ് വിശദീകരിച്ചു. ഓരോ നിയോജക മണ്ഡലത്തിലും ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും സീരിയല്‍ നമ്പറുള്ള പട്ടിക അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ക്കും കൈമാറി. ജില്ലയിലെ പോളിങ് സ്റ്റേഷനുകളിലേക്കായി 875 ബാലറ്റ് യൂനിറ്റുകളും 744 കണ്ട്രോള് യൂനിറ്റുകളും 787 വിവിപാറ്റ് മെഷീനുകളുമാണുള്ളത്. നിയോജക മണ്ഡലങ്ങളിലെ മെഷീനുകള്‍ മാര്‍ച്ച് 30ന് അതത് നിയോജക മണ്ഡലങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.