കൽപറ്റ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധനേടിയ വയനാട് മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പ്രഖ്യാപിച്ചതോടെ മണ്ഡല ചിത്രം തെളിഞ്ഞു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കിയതോടെ മണ്ഡലം കൂടുതൽ ശ്രദ്ധകൈവരിക്കും. ബി.ജെ.പിക്കെതിരെ മത്സരിക്കേണ്ടതിന് പകരം ഇൻഡ്യ മുന്നണിയുടെ ഏറ്റവും വലിയ നേതാവ് വയനാട്ടിൽ മത്സരിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരെ പ്രതിരോധിക്കാൻ കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വം പരിധിവരെ കോൺഗ്രസിന് സഹായകരമാകും.
രാഹുലിനെ നേരിടാൻ പ്രമുഖ നേതാവ് തന്നെ വേണമെന്ന ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാണ് ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ച സുരേന്ദ്രനെതന്നെ കളത്തിലിറക്കിയതിന് പിന്നിലെന്ന് പറയപ്പെടുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുൽ ഗാന്ധിയും എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.ഐ ദേശീയ സെക്രട്ടറിയറ്റ് അംഗം ആനി രാജയും മാറ്റുരക്കുന്ന വയനാട് മണ്ഡലത്തിലേക്കാണ് ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് ഏറ്റെടുത്ത് ബി.ജെ.പി സ്ഥാനാർഥിയായി സുരേന്ദ്രൻ എത്തുന്നത്.
അതേസമയം, ബി.ജെ.പിക്ക് കാര്യമായ സ്വാധീനമില്ലാത്ത വയനാട്ടിൽ സുരേന്ദ്രനെ കളത്തിലിറക്കിയത് എന്തിനാണെന്ന ചോദ്യം പ്രവർത്തകർതന്നെ ഉന്നയിക്കുന്നുണ്ട്. രാഹുൽ ഗാന്ധി അടുത്തയാഴ്ച മണ്ഡലത്തിൽ എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ സജീവമാകും.
ആനി രാജയാകട്ടെ നേരത്തേ തന്നെ പ്രചാരണം തുടങ്ങിയിരുന്നു. രാഹുൽ ഗാന്ധി കുറഞ്ഞ ദിവസം മാത്രമേ മണ്ഡലത്തിൽ പ്രചാരണത്തിന് ഉണ്ടാവുകയുള്ളൂവെങ്കിലും കോൺഗ്രസിന്റെ പ്രമുഖ ദേശീയ നേതാക്കളെല്ലാം മണ്ഡലത്തിലെത്തുമെന്നാണ് അറിയുന്നത്.
കൽപറ്റ: രാജ്യത്താകമാനമുള്ള വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും ലഭിക്കാന്‍ സഹായകമാവുന്ന ആപ്ലിക്കേഷനാണ് വോട്ടര്‍ ഹെല്പ് ലൈന്‍. തെരഞ്ഞെടുപ്പ് കമീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍നിന്ന് തത്സമയ ഡേറ്റ ഈ ആപ് വഴി ലഭ്യമാക്കും.
വോട്ടര്‍ പട്ടികയില്‍ പേര് തിരയാന്‍, വോട്ടര്‍ രജിസ്ട്രേഷന്, ഫോമുകള്‍ സമര്‍പ്പിക്കല്‍, ഡിജിറ്റല്‍ ഫോട്ടോ, വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യല്‍, പരാതികള്‍ നല്കല് തുടങ്ങി വിവിധ സേവനങ്ങള്‍ക്കുള്ള സമഗ്ര ആപ്ലിക്കേഷനാണിത്. സ്ഥാനാര്‍ഥികളുടെ വിവരങ്ങളും വോട്ടര്‍മാര്‍ക്കുള്ള മറ്റ് അത്യാവശ്യ സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്.
ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ് സ്റ്റോറില്‍നിന്ന് വോട്ടര്‍ ഹെല്പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ഫോണിൽ വരുന്ന ഒ.ടി.പി രജിസ്ട്രേഷന് ഉപയോഗിച്ച് ലോഗിന്‍ രജിസ്ട്രേഷന് നടത്താം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി, ജനന തീയതി, വിലാസം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ് ലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.