കനത്ത മഴയിൽ ചൂരൽമല പുന്നപ്പുഴയിൽ മലവെള്ളം കുത്തിയൊലിക്കുന്നു
കൽപറ്റ: പത്തുമാസം മുമ്പ് 298 പേരെ മരണത്തിലേക്ക് കൊണ്ടുപോയ ചൂരൽമല-മുണ്ടക്കൈ ഉരുൾഭൂമിയിൽ ഈ വർഷകാലത്തും ഭീതി. പുഞ്ചിരിമട്ടമടക്കമുള്ള മേപ്പാടി പഞ്ചായത്തിലെ ഉരുൾപൊട്ടൽ മേഖലയിൽ നിലവിൽ കനത്തമഴയാണ്. ഇവിടെ ജലസേചന വകുപ്പിന്റെ ഹൈഡ്രോളജി വിഭാഗത്തിന്റെ മഴമാപിനിയുള്ളത് പുത്തുമല പച്ചക്കാടാണ്. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത് 89 മി.മീറ്റർ മഴയാണ്. തിങ്കളാഴ്ച 201.2ഉം ചൊവ്വാഴ്ച 140 മില്ലി മീറ്റർ മഴ കിട്ടി. 24 മണിക്കൂറിനുള്ളിൽ 115 മി. മീറ്ററിനും 204 മി. മീറ്ററിനും ഇടയിലായാൽ തീവ്രമഴയുടെ വിഭാഗത്തിലാകും. ഉരുൾദുരന്തമുണ്ടായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവ ഉൾപ്പെടുന്ന മലമ്പ്രദേശത്ത് കഴിഞ്ഞ അഞ്ചുദിവസം (മേയ് 24 മുതൽ 28) കിട്ടിയത് 683.2 മി.മീറ്റർ മഴയാണ്.
ഉരുൾപൊട്ടൽ ഭൂമിയിൽ നിലവിൽ ആരും താമസിക്കുന്നില്ല. ദുരന്തബാധിതർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ ഒരുക്കിയ വാടകവീടുകളിലാണ് കഴിയുന്നത്. എന്നാൽ സർക്കാർ നിയോഗിച്ച ജോൺമത്തായി കമ്മിറ്റി വാസയോഗ്യമെന്ന് പ്രഖ്യാപിച്ച സ്ഥലങ്ങൾപോലും നിലവിൽ മലവെള്ളപ്പാച്ചിൽ ഭീതിയിലാണ്. ചൂരൽമല പുന്നപുഴയിൽ അടിഞ്ഞുകൂടിയ മരങ്ങളും കല്ലും മണ്ണും അടക്കമുള്ള 50 ലക്ഷം ടൺ ഉരുൾ അവിശിഷ്ടങ്ങൾ ഇനിയും നീക്കിയിട്ടില്ല. ഇവ നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കാൻ 195.55 കോടി രൂപയുടെ പ്രവൃത്തിക്ക് ഊരാളുങ്കൽ സൊസൈറ്റി കരാർ എടുത്തിരുന്നു. പുഴയുടെ ഒഴുക്ക് ശരിയായ ഗതിയിലാക്കൽ, നദീതീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കല്‍, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പില്‍നിന്ന് സംരക്ഷിക്കല്‍, നദീ തീരസംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണിത്. മഴക്കാലത്തിന് മുമ്പ് തീർക്കാൻ കഴിഞ്ഞ ഏപ്രിൽ 10നാണ് പ്രവൃത്തി തുടങ്ങിയത്.
എട്ട് കിലോമീറ്റർ ദൂരത്തിൽ ഒഴുകിയിരുന്ന പുഴ ഉരുൾപൊട്ടലിന് ശേഷം 6.9 കിലോമീറ്ററോളം ഗതിമാറിയാണ് ഒഴുകുന്നത്. സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാൽ ഉരുൾപൊട്ടൽ കാലത്തിന് സമാനമായാണ് നിലവിൽ പുഴയിലൂടെയുള്ള മലവെള്ളപ്പാച്ചിൽ. ചൂരൽമല ടൗണിനോട് ചേർന്ന നീലിക്കാപ്പ്, പുതിയ വില്ലേജ് റോഡ്, പഴയ വില്ലേജ് റോഡ് എന്നിവിടങ്ങളിലായി 200ഓളം കുടുംബങ്ങൾ നിലവിൽ താമസിക്കുന്നുണ്ട്. മഴയുടെ ശക്തി കൂടുമ്പോൾ ആധിയോടെയാണ് ഇവർ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.