കൽപറ്റ: സ്ഥലം വ്യാജ രേഖകൾ സമർപ്പിച്ചു സ്വന്തം പേരിലാക്കുകയും വ്യാജ പട്ടയവും ആധാരവും നിർമിച്ച് 14.20 ലക്ഷം രൂപ ലോണെടുക്കുകയും ചെയ്തയാൾക്കു കെ.എസ്.എഫ്.ഇയുടെ ജപ്തി നോട്ടീസ്. ലക്കിടി സ്വദേശി അബൂബക്കറിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. നികുതിയടക്കാതെ കിടന്ന അയൽവാസിയുടെ സ്ഥലത്തിന് റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ എട്ടു വർഷം മുമ്പ് സ്വന്തം പേരിൽ പട്ടയവും ആധാരവും ഉണ്ടാക്കുകയും നികുതിശീട്ട് ശരിപ്പെടുത്തുകയും ഈ രേഖകൾ സമർപ്പിച്ച് കെ.എസ്.എഫ്.ഇയിൽ നിന്നും ലോണെടുത്തെന്നുമാണ് പരാതി.
ഇതിനിടെ സ്ഥലത്തിന്റെ യഥാർഥ ഉടമകൾ വിവരാവകാശ നിയമമനുസരിച്ചു രേഖകൾ ശേഖരിച്ച് പരാതി നൽകുകയും വിശദമായ അന്വേഷണത്തിന് ശേഷം സ്ഥലത്തിന് നികുതിയടക്കുകയും ചെയ്തു. 2010ലാണ് സംഭവങ്ങളുടെ തുടക്കം. ഏറെക്കാലം നികുതിയടക്കാതിരുന്ന ലക്കിടി അറമലയിലെ സ്ഥലത്തിന്റെ യഥാർഥ ഉടമകൾ നികുതിയടക്കാൻ വില്ലേജ് ഓഫിസിലെത്തിയപ്പോൾ സ്ഥലം കേസിലാണെന്നും മറ്റും പറഞ്ഞു നികുതിയെടുക്കാതെ ഓഫിസിൽനിന്ന് തിരിച്ചയക്കുകയായിരുന്നു.
നികുതിയടക്കാതെ കിടന്ന സ്ഥലത്തിന് സൈറ്റ് പ്ലാൻ ഉണ്ടാക്കി പട്ടയം ഉണ്ടാക്കുകയും പിന്നീട് പ്രതിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇതിനു വില്ലേജ് ഓഫിസിലെ ചില ഉദ്യോഗസ്ഥർ സഹായം ചെയ്തെന്നും ആരോപണമുണ്ട്. പുതിയ നികുതി അടച്ച രശീത് കെ.എസ്.എഫ്.ഇ അധികൃതർ ആവശ്യപ്പെട്ടതോടെയാണ് സ്ഥലത്തിന്റെ രേഖകൾ വ്യാജമായി ഉണ്ടാക്കിയതെന്ന് തെളിഞ്ഞത്.
തുടർന്ന് കെ.എസ്.എഫ്.ഇ അധികൃതർ വീണ്ടും പൊലീസിൽ പരാതി നൽകുകയും സ്ഥാപനത്തിന്റെ കോഴിക്കോട് റീജനൽ ഓഫിസ് റവന്യൂ റിക്കവറി വിഭാഗം പ്രതിയുടെ വീടും സ്ഥലവും ജപ്തി ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകാനിടയുണ്ട്. നിലവിൽ കൽപറ്റ ഡി.വൈ.എസ്പി ഓഫിസിനു കീഴിലാണ് അന്വേഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.