സദാശിവൻ
മാസ്റ്റർ
കൽപറ്റ: വയനാട്ടിലെ ആദിവാസി-മനുഷ്യാവകാശ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുകയും അതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു ബുധനാഴ്ച നിര്യാതനായ കെ.ആർ. സദാശിവൻ എന്ന സദാശിവൻ മാസ്റ്റർ. മീനങ്ങാടി പോളിയിലും ദ്വാരക ടെക്നിക്കൽ ഹൈസ്കൂളിലും ദീർഘകാലം അധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ മുൻകൈയിലാണ് ‘വയനാട് മനുഷ്യാവകാശ സാംസ്കാരിക വേദി’ എന്ന സംഘടന രൂപവത്കരിച്ചത്. ഇടത്-നക്സലൈറ്റ് പ്രസ്ഥാനങ്ങളുമായും സഹകരിച്ചു.
സുൽത്താൻ ബത്തേരി കുപ്പാടിയിൽ വൈദികന്റെ വീട്ടിൽ കയറി ഭക്ഷണം കഴിച്ച ആദിവാസി കുട്ടികൾക്കെതിരെ കേസെടുത്ത സംഭവം ഏറെ പ്രമാദമായിരുന്നു.
തന്റെ വീട്ടിൽ ഭക്ഷണം കഴിക്കാനാണ് കുപ്പാടി പണിയ കോളനിയിലെ ആദിവാസി കുട്ടികൾ കയറിയതെങ്കിലും വൈദികന്റെ പരാതി പ്രകാരം പൊലീസ് ഗുരുതരമായ കുറ്റങ്ങൾ ചാർത്തി കേസെടുത്തിരുന്നു. ഈ സംഭവത്തിലടക്കം പൊലീസ് നടപടികൾക്കെതിരെ സദാശിവൻ മാസ്റ്റർ ശക്തമായ നിലപാടെടുത്തിരുന്നു. കേസിൽ ഉൾപ്പെട്ട കുട്ടികൾ നാടുവിട്ടു.
പിന്നീട് 13 വർഷങ്ങൾക്ക് ശേഷം ഇതിലെ ഒരാളെ പൊലീസ് പിടികൂടി ജയിലിടച്ചു. അന്ന് ആദിവാസി സമര സംഘത്തിന്റെ നേതൃത്വത്തിൽ വൈദികന്റെ വീടിനുമുമ്പിൽ സമരം നടത്തിയിരുന്നു. ‘ആദിവാസി കുട്ടികൾ ജയിലുറങ്ങൂമ്പോൾ നീ കൊട്ടാരത്തിൽ ഉറങ്ങേണ്ട’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു സമരം. സമരത്തിൽ പങ്കില്ലായിരുന്നുവെങ്കിലും സദാശിവൻ മാസ്റ്ററെ പൊലീസ് അറസ്സ് ചെയ്ത് ജയിലിലടച്ചു.
സർക്കാർ ജോലിയിലായിരിക്കേത്തന്നെ മനുഷ്യാവകാശപ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം അധികൃതരുടെ കണ്ണിലെ കരടായിരുന്നു. വിരമിച്ചതിനുശേഷം അദ്ദേഹം പനമരത്തെ സ്വത്തുവകകൾ വിൽക്കുകയും സ്വദേശമായ കൊടുങ്ങല്ലൂരിലേക്ക് പോവുകയുമായിരുന്നു. രോഗബാധിതനായപ്പോഴും പൊതുകാര്യങ്ങളിൽ സജീവമായിരുന്നു. എറണാകുത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.