കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ചിത്രയുടെ
മക്കളായ അമൽ, രാഹുൽ
കൽപറ്റ: ഈ ഓണത്തിന് വീടു നിറയെ ആളുകളുണ്ട്. പതിവിലും കൂടുതൽ പേർ ഇത്തവണ വീട്ടിലെത്തിയതിന്റെ പൊരുളൊന്നുമറിയില്ലെങ്കിലും രാഹുലും അമലും ആ ആൾക്കൂട്ടത്തിൽ പരതും, തങ്ങൾക്ക് പ്രിയപ്പെട്ടവരുടെ മുഖം. പതുക്കെ അവർ തിരിച്ചറിയുകയാണ്, മടിയിലിരുത്തി കൊഞ്ചിക്കാനും ചോറു വാരിനൽകാനും അവർക്കിനി അമ്മയും അമ്മമ്മയുമില്ലെന്ന സത്യം.
കണ്ണോത്തുമല ജീപ്പ് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ മക്കിമല ആറാം നമ്പർ കോളനിയിലെ ചിത്രയുടെ മക്കളാണ് രാഹുലും അമലും. തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മയും അമ്മമ്മ ശാന്തയും ഇനി തിരിച്ചുവരില്ലെന്ന് ഈ കുരുന്നുകൾക്കറിയാം. അതുകൊണ്ടാകണം, ദുരന്തത്തിനുശേഷം ഇന്നുവരെ അമ്മയെവിടെയെന്ന് അവർ ആരോടും ചോദിച്ചിട്ടില്ല. പകരം ഒറ്റമുറി വീടിന്റെ നിലത്ത് നിശ്ശബ്ദരായി കുത്തിയിരുന്ന് കണ്ണുനീർ വാർക്കും. മിക്ക സമയത്തും ആ വീടിന്റെ മൂലയിൽ നിശ്ശബ്ദരാണവർ. വയനാട് തലപ്പുഴ കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിൽ മറിഞ്ഞ് പൊലിഞ്ഞത് ഒമ്പത് അമ്മമാരുടെ ജീവനാണ്. ഇതിൽ ചിത്രയൊഴികെ മറ്റെല്ലാവർക്കും അമ്പതിനും അതിന് മുകളിലുമാണ് പ്രായം. പലർക്കും പേരക്കുട്ടികളുമായി. എന്നാൽ, 33കാരിയായ ചിത്രക്ക് മാത്രമാണ് പറക്കമുറ്റാത്ത കുട്ടികളുള്ളത്. തലപ്പുഴ സ്കൂളിൽ അഞ്ചിലും ആറിലും പഠിക്കുന്ന കുട്ടികളെ കാണുമ്പോൾ ഉള്ളിൽ വിലാപമുയരും.
പുതിയ വീട് ലഭിക്കുമെന്ന പ്രതീക്ഷയിൽ കുടുംബം കാലപ്പഴക്കത്താൽ തകർന്ന വീട് പൊളിച്ചുമാറ്റി. പകരം താൽക്കാലികമായി കെട്ടിയ ഷെഡിലാണ് താമസം. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽനിന്ന് വയനാട്ടിലേക്ക് കുടിയേറിയതാണ് ശാന്തയുടെ ഭർത്താവ് പത്മനാഭൻ. ശാന്തയും പത്മനാഭനും വീടെന്ന സ്വപ്നവുമായി കയറിയിറങ്ങാത്ത ഓഫിസുകളില്ല. സാങ്കേതിക കാരണം പറഞ്ഞ് അധികൃതർ കൈയൊഴിഞ്ഞതോടെ വീടുനിർമാണം നീണ്ടു. ഇവരുടെ മൂന്നു മക്കളിൽ ഏകമകളാണ് ചിത്ര. മാതാപിതാക്കളുടെ കൂടെയാണ് ചിത്രയും ഭർത്താവ് കാർത്തികേയനും മക്കളും താമസിക്കുന്നത്. ചിത്രയുടെ അനുജൻ ശിവനും പത്മനാഭന്റെ അമ്മയും ഇവർക്കൊപ്പമാണ്. പത്മനാഭന്റെ മൂത്തമകൻ രവിചന്ദ്രൻ കുടുംബത്തോടൊപ്പം ചെറുകരയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.