ശനിയാഴ്ച പുലർച്ചെ പുഴമുടി പാലത്തിന് സമീപം അപകടത്തിൽപ്പെട്ട ജീപ്പ് വീട്ടുമുറ്റത്ത് മറിഞ്ഞനിലയിൽ, തിങ്കളാഴ്ച ഞെർളേരി പള്ളിക്ക് സമീപം കടയിൽ പാഞ്ഞുകയറി വീട്ടുമുറ്റത്ത് മറിഞ്ഞ കാർ
കൽപറ്റ: അഞ്ചുവർഷമായിട്ടും പ്രവൃത്തി പൂർത്തീകരിക്കാത്ത കൽപറ്റ -വാരാമ്പറ്റ റോഡിൽ അപകടം തുടർക്കഥയാവുന്നു. പുഴമുടി പാലത്തിന് സമീപം ശനിയാഴ്ച പുലർച്ചെ നിയന്ത്രണംവിട്ട ജീപ്പ് വീടിന് മുറ്റത്തേക്ക് മറിഞ്ഞു.
കൊടുവള്ളി സ്വദേശികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന് കേടുപാടുണ്ടെങ്കിലും യാത്രകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡാണിത്. 17 കി.മീ. ദൂരമുള്ള റോഡിൽ ഒന്നാംഘട്ട ടാറിങ് മാത്രമാണ് പൂർത്തിയാക്കിയത്. അശാസ്ത്രീയ നിർമാണവും പ്രവൃത്തി മന്ദഗതിയിലായതും കാരണം ദിനംപ്രതി നിരവധി അപകടങ്ങളാണ് റോഡിൽ നടക്കുന്നത്. ഗതാഗത നിയന്ത്രണത്തിനുള്ള മുന്നറിയിപ്പ് ബോർഡുകളില്ല. റോഡിൽ മറ്റ് സുരക്ഷ സംവിധാനങ്ങളുമില്ല.
അശാസ്ത്രീയമായാണ് റോഡരികിലെ ഓവുച്ചാൽ നിർമാണവും നടക്കുന്നത്. മഴ പെയ്താൽ റോഡരികിലെ വീടുകളിലേക്ക് ചളിവെള്ളം ഒലിച്ചെത്തും. മലിനജലം റോഡിൽ പരന്നൊഴുകുന്നത് കാൽനടക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ദുരിതമാകുന്നു.
സംരക്ഷണഭിത്തി നിർമിക്കാത്തതിനാൽ റോഡിന് താഴെ ഭാഗത്തുള്ള വീട്ടുകാർ ഭീതിയിലാണ്. നിയന്ത്രണംവിട്ട് വാഹനങ്ങൾ വീട്ടുമുറ്റത്ത് വീഴുന്ന നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. നിർമാണം കഴിഞ്ഞ സംരക്ഷണഭിത്തിക്ക് റോഡിന് ആനുപാതികമായി ഉയരം ഇല്ലാത്തതും അപകടം വർധിപ്പിക്കുന്നു. പുഴമുടി, ടീച്ചർ മുക്ക്, എടഗുനി, പുഴമുടി പാലം, ഞെർളേരി പള്ളിക്ക് സമീപം തുടങ്ങി വിവിധ ഇടങ്ങളിൽ ഇത്തരത്തിൽ അപകടഭീഷണിയുണ്ട്.
ഇതുവരെ റോഡിൽ പൊലിഞ്ഞത് നാലുപേരുടെ ജീവനാണ്. വെങ്ങപ്പള്ളി സ്വദേശിക്കും മൂന്നു സഞ്ചാരികളായ വിദ്യാർഥികൾക്കുമാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച കാർ കടയിലേക്ക് പാഞ്ഞു കയറി 14കാരന് പരിക്കേറ്റിരുന്നു. മണ്ടോക്കര റഫീക്കിന്റെ മകൻ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. ഞെർളേരി പള്ളിക്ക് സമീപം തിങ്കളാഴ്ച ഉച്ചക്കാണ് അപകടുണ്ടായത്.
മകനെ കടയിൽനിർത്തി റഫീക്ക് ഭക്ഷണം കഴിക്കാൻ പോയ നേരത്താണ് അപകടം. നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി സമീപത്തെ വീട്ടുമുറ്റത്ത് മറിയുകയായിരുന്നു. കടയുടെ മുൻഭാഗമടക്കം തകർന്നു. കാർ ഭാഗികമായി തകർന്നെങ്കിലും യാത്രകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.