കൽപറ്റ: കബനിക്കായി വയനാട് കാമ്പയിനിന്റെ ഭാഗമായി വൈത്തിരി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. നവകേരളം കര്‍മപദ്ധതിയില്‍ ഹരിത കേരളം മിഷൻ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന നദിയായ കബനിയുടെയും കൈവഴികളുടെയും പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന കാമ്പയിനാണ് 'കബനിക്കായ് വയനാട്'. ആദ്യഘട്ടത്തില്‍ 15 തദ്ദേശ സ്ഥാപനങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരിശീലനം ലഭിച്ച നവകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സൻമാരാണ് ജില്ലയിലെ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈത്തിരിയില്‍ 46ഉം പൊഴുതനയില്‍ 35ഉം നീര്‍ച്ചാലുകൾ കണ്ടുപിടിച്ച് ഇതിനകം അടയാളപ്പെടുത്തി.
കബനി നദിയുടെ സുസ്ഥിര നിലനില്‍പ് ഉറപ്പു വരുത്തുക, കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ലഘൂകരിക്കുക, കബനി നദിയെയും ചെറിയ നീര്‍ച്ചാലുകളെയും ശാസ്ത്രീയ മാപ്പിങിലൂടെ രേഖപ്പെടുത്തി അവതരിപ്പിക്കുക, നദിയുടെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് ആസൂത്രണം നടത്തുക, നദീപുനരുജ്ജീവവനത്തിന്റെ ഫലമായി കൃഷി ടൂറിസം മേഖലകളില്‍ വരുത്താവുന്ന മാറ്റങ്ങള്‍ കണ്ടെത്തുകയും അത് ജനങ്ങളുടെ ഉപജീവനത്തിന് ഉതകുന്നതാക്കി മാറ്റുകയും ചെയ്യുക, നിലവിലുള്ള സ്രോതസ്സുകള്‍ നിലനിര്‍ത്തുകയും പുതിയവ കണ്ടെത്തുകയും ചെയ്യുക, നദിയുടെ സുസ്ഥിര നിലനില്‍പിന് ശാസ്ത്രീയമായ മാലിന്യസംസ്‌കരണ രീതികള്‍ അവലംബിക്കുക എന്നിവയെല്ലാമാണ് പദ്ധതി ഉദ്ദേശലക്ഷ്യങ്ങള്‍.
ട്രെയ്‌സ് ചെയ്ത് അടയാളപ്പെടുത്തിയ തോടുകളുടേയും നീര്‍ച്ചാലുകളുടേയും അവതരണം അതാത് തദ്ദേശസ്ഥാപനങ്ങളില്‍ നടത്തും. അതിനാൽ, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജലസംരക്ഷണ മേഖലയില്‍ കൃത്യമായ ആസൂത്രണവും നിർവഹണവും നടത്താൻ കഴിയുകയും പ്രദേശത്തെ തോടുകളുടെ സ്ഥിരതയുള്ളതും കൃത്യതയുള്ളതുമായ ഡിജിറ്റല്‍ ഡോക്യുമെന്റേഷൻ സാധ്യമാകുകയും ചെയ്യും.
കൽപറ്റ: പഞ്ചായത്തിലെ തോടുകളും നീര്‍ച്ചാലുകളും കണ്ടെത്തി കേരള ഐ.ടി മിഷന്റെ സാങ്കേതിക സഹായത്തോടെ ഒ.എസ്.എം ട്രാക്കര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ട്രേയ്സിംഗ് എടുക്കുന്നു. റിസോഴ്‌സ് പേഴ്‌സൻമാർ നേരിട്ടെത്തി നീര്‍ച്ചാലുകളുടെ അരികില്‍കൂടി നടന്നാണ് ഇവ ട്രേയ്സ് ചെയ്യുന്നത്. 'ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ്' എന്ന ബ്രൗസിങ് സംവിധാനത്തിലൂടെ ട്രെയിസ് ചെയ്ത തോടുകള്‍ 'ആം ചെയര്‍ മാപ്പിങ്' എന്ന സംവിധാനത്തിലൂടെ ഡിജിറ്റലായി വരക്കുന്നു.
ഓരോ തദ്ദേശ സ്ഥാപനത്തിലേയും പ്രധാന തോടുകളും നീര്‍ച്ചാലുകളും ഗ്രിഡുകളായി ഉള്‍പ്പെടുത്തിയ ക്യു.ജി.ഐ.എസ് മാപ്പ് ഐ.ടി മിഷന്‍ ലഭ്യമാക്കി ഓരോ പ്രദേശത്തുമുളള തോടുകള്‍ കണ്ടെത്താന്‍ സഹായകരമാക്കുന്നു. ആംചെയര്‍ മാപ്പിങ് ചെയ്ത തോടുകള്‍ ഐ.ടി മിഷന്‍ പരിശോധിക്കുകയും ആവശ്യമായ തിരുത്തലുകള്‍ നിർദേശിക്കുകയും ചെയ്യും. തുടർന്ന് റിസോഴ്സ്ഴസ്പേഴ്സൻമാർ തെറ്റുകൾ തിരുത്തി മാപ്പിങ് പൂർത്തിയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.