കല്പറ്റ: കേരള കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ എട്ടാമത് അന്താരാഷ്ട്ര പുഷ്പോത്സവം(പൂപ്പൊലി-2024) ജനുവരി ഒന്നു മുതല്‍ 15 വരെ നടത്തുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒന്നിന് ഉച്ചക്കുശേഷം മൂന്നരക്ക് അമ്പലവയല്‍ പഞ്ചായത്ത് ഓഫിസ് പരിസരത്ത് ആരംഭിക്കുന്ന വിളംബര ജാഥ പൂപ്പൊലി ഗ്രൗണ്ടില്‍ എത്തുന്നതോടെ വയനാടിന്റെ വസന്തോത്സവത്തിനു തുടക്കമാകും.
ഔദ്യോഗിക ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് കൃഷിമന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. ഇറക്കുമതി ചെയ്തതടക്കം പൂക്കളുടെ പ്രദര്‍ശനമായിരിക്കും പൂപ്പൊലിയുടെ മുഖ്യ ആകര്‍ഷണം. കര്‍ഷകര്‍ക്കും കാര്‍ഷിക മേഖലയില്‍ സേവനം ചെയ്യുന്നവര്‍ക്കും വിജ്ഞാനം പകരുന്നതിനുള്ള സെമിനാറുകള്‍ പൂപ്പൊലിയുടെ ഭാഗമാണ്.
കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയിലെ വിദഗ്ധരുടെ പാനല്‍ പങ്കെടുക്കുന്ന കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖവും സംഘടിപ്പിക്കും. കര്‍ഷക ഉൽപാദക സംഘങ്ങള്‍ക്കുള്ള വികസന പദ്ധതികള്‍ എന്ന വിഷയത്തില്‍ നബാര്‍ഡിന്റെ സഹായത്തോടെ സെമിനാര്‍ നടത്തും.
12 ഏക്കര്‍ വരുന്ന പുഷ്പോത്സവ നഗരിയില്‍ കാര്‍ഷിക സര്‍വകലാശാല, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍, വിവിധ ഗവേഷണ-വിജ്ഞാന വ്യാപന സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടേതായി 200ല്‍പരം സ്റ്റാളുകൾ ഉണ്ടാകും.വടംവലി, പുഷ്പാലങ്കാരം, പച്ചക്കറികളിലെ കൊത്തുപണി, ജലച്ചായം, പെന്‍സില്‍ ഡ്രോയിങ്, ഫ്ലവര്‍ ബോയ് ആന്‍ഡ് ഫ്ലവര്‍ ഗേള്‍ മത്സരങ്ങള്‍, കാര്‍ഷിക പ്രശ്നോത്തരി, കുക്കറി ഷോ, പെറ്റ് ഷോ എന്നിവ പുഷ്പോത്സവത്തിന്റെ ഭാഗമായി നടത്തും.
ദിവസവും വൈകീട്ട് കലാപരിപാടികളും ഉണ്ടാകും. ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങിനും സൗകര്യമുണ്ട്. ഇതര ജില്ലകളില്‍നിന്ന് പൂപ്പൊലി നഗരിയിലേക്കും തിരിച്ചും കെ.എസ്.ആര്‍ടി.സി പ്രത്യേക സര്‍വിസ് നടത്തും. കഴിഞ്ഞ വര്‍ഷം അഞ്ചുലക്ഷം ആളുകളാണ് പൂപ്പൊലി ആസ്വദിക്കാനെത്തിയത്. 1 കോടി 70 ലക്ഷം രൂപയുടെ ലാഭമുണ്ടായി.
കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി പ്രഫ. സി.കെ. യാമിനി വര്‍മ, അസിസ്റ്റന്റ് പ്രഫസര്‍മാരായ ഡോ. പി. ഷജേഷ് ജാന്‍, ഡോ. വി. ശ്രീറാം എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.