കൽപറ്റ: എച്ച്.എസ്.ടി (മലയാളം) റാങ്ക് ലിസ്റ്റ് നിലവിൽ വന്ന് ഒന്നര വർഷമായിട്ടും നിയമനം ലഭിച്ചത് എട്ട് പേർക്ക്. 2023 ഓഗസ്റ്റ് എട്ടിന് നിലവിൽ വന്ന ലിസ്റ്റിൽ 50 പേരാണ് മെയിൻ ലിസ്റ്റിലുള്ളത്. ഓപ്പൺ കാറ്റഗറിയിൽ നിന്ന് രണ്ട് പേർക്ക് മാത്രമാണ് ഇതുവരെ നിയമനം ലഭിച്ചത്.
റിസർവേഷൻ കാറ്റഗറിയിൽ എസ്.സി-ഒന്ന്, ഇ.ഡബ്ല്യു.എസ്-ഒന്ന്, ഈഴവ-ഒന്ന്, എൻ.സി.എ-മൂന്ന് എന്നിങ്ങനെ ആറ് പേർക്കും നിയമനം ലഭിച്ചു. സുപ്രീംകോടതി വിധിയിലൂടെ 2020 ജൂൺ 19ന് കാലഹരണപ്പെട്ട ലിസ്റ്റിൽ നിന്നും നാല് ഒഴിവുകളിലേക്ക് നിയമനം നടത്തിയിരുന്നു. ഇത് നിലവിലെ റാങ്ക് പട്ടികയിൽപ്പെട്ടവരെ കൂടുതൽ നിയമക്കിന്നതിന് തടസമായി. നിയമനങ്ങൾ നടത്താത്തത് ഉയർന്ന മാർക്ക് വാങ്ങി ആദ്യ റാങ്കുകളിൽ എത്തിയ ഉദ്യോഗാർഥികൾക്കു പോലും ജോലി ലഭിക്കാത്ത അവസ്ഥയാണ് സൃഷ്ടിക്കുന്നത്.
കേരളത്തിലെ മറ്റെല്ലാ ജില്ലകളിലും പി.എസ്.സി ലിസ്റ്റുകളിൽ നിന്നും കാര്യമായ നിയമനങ്ങൾ നടക്കുമ്പോൾ വയനാട് ജില്ലയിൽ നിയമനത്തിന്റെ കാര്യത്തിൽ മെല്ലെപ്പോക്കാണെന്ന് ഉദ്യോഗാർഥികൾ പറയുന്നു. മറ്റു ജില്ലകളിൽ നിയമനം 20ഉം 25ഉം റാങ്കുകളിൽ എത്തി നിൽക്കുമ്പോൾ വയനാട് ജില്ലയിൽ ഓപ്പൺ കാറ്റഗറിയിൽ രണ്ടാം റാങ്കിലാണ് എത്തി നിൽക്കുന്നത്.
പുതുതായി വരുന്ന പല ഒഴിവുകളും ഡിവിഷന് ആവശ്യമായതിനേക്കാളും ഒന്നോ രണ്ടോ കുട്ടികൾ കുറയുമ്പോൾ തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരുടെ പുനർ വിന്യസനത്തിനാണ് ഉപയോഗിക്കുന്നത്. ഒന്നും മൂന്നും കുട്ടികളുടെ കുറവു മൂലം ഈ വർഷം എച്ച്.എസ്.ടി മലയാളത്തിന് മാത്രം നഷ്ടപ്പെട്ടത് മൂന്ന് തസ്തികകളാണ്. മുൻ വർഷങ്ങളിലും ഇത്തരത്തിൽ തസ്തികകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നോ രണ്ടോ കുട്ടികളുടെ കുറവുമൂലം തസ്തിക ഇല്ലാതാകുന്നത് പിന്നാക്ക ജില്ലയായ വയനാടിന്റെ വിദ്യാഭ്യാസ നിലവാരത്തെതന്നെ തകിടം മറിക്കുമെന്ന ആശങ്കയുമുണ്ട്.
വയനാട്ടിലെ വിദ്യാലയങ്ങളിലെ ബഹുഭൂരിപക്ഷം കുട്ടികളും പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരാണ്. അവർക്ക് പ്രത്യേക പരിഗണന ലഭിക്കേണ്ടത് അത്യാവശ്യമാണെങ്കിലും സർക്കാരും വകുപ്പും കണ്ണടക്കുകയാണെന്ന് ആരോപണമുണ്ട്.
തസ്തിക നഷ്ടം വിദ്യാർഥികളുടെ പഠനത്തെ ബാധിക്കുമെന്നതിനാൽ പിന്നാക്ക ജില്ലകളെ പ്രത്യേകമായി പരിഗണിച്ച് അധ്യാപക -വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തി തസ്തിക നഷ്ടം തടയണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. റിട്ടയർമെന്റ്, അന്തർ ജില്ല സ്ഥലംമാറ്റം, എച്ച്.എം പ്രമോഷൻ എന്നിവയിലൂടെ ലഭിക്കുന്ന നാമമാത്രമായ ഒഴിവുകൾ മാത്രമേ ലിസ്റ്റിലെ ആദ്യ റാങ്കുകാർക്ക് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിയൂ എന്ന അവസ്ഥയാണുള്ളത്.
2025ലെ വിരമിക്കലിൽ ഏഴ് ഒഴിവുകളാണ് എച്ച്.എസ്.ടി മലയാളത്തിന് വരാനുള്ളത്. ഇതിൽ നാലെണ്ണം മാത്രമേ പ്രതീക്ഷിത ഒഴിവുകൾ ആയി പി.എസ്.സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
കാലാവധിയിൽ ബാക്കിയുള്ള ഒന്നര വർഷത്തിനുള്ളിൽ എത്രപേർക്ക് നിയമനം ലഭിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗാർഥികൾ. നിലവിലുള്ള ലിസ്റ്റിലെ ആദ്യ റാങ്കുകാരിൽ പലരും ഇനിയൊരു പി.എസ്.സി പരീക്ഷ എഴുതുന്നതിനുള്ള പ്രായപരിധി കഴിഞ്ഞവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.