കൽപറ്റ മസ്ജിദ് മുബാറക്കിൽ സംഘടിപ്പിച്ച സൗഹൃദ ജുമുഅ സംഗമത്തിൽ അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ സംസാരിക്കുന്നു
കൽപറ്റ: മുഖംമൂടികൾ അണിഞ്ഞ് ജീവിക്കേണ്ടിവരുന്ന കാലത്ത് മനുഷ്യർക്കിടയിൽ മറയും വിദ്വേഷവും വേണ്ടെന്ന സന്ദേശവുമായി കൽപറ്റ മസ്ജിദ് മുബാറക്കിൽ നടന്ന സൗഹൃദ ജുമുഅ സംഗമം ശ്രദ്ധേയമായി. വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം ശ്രവിക്കാനും ആരാധനാരീതികൾ മനസ്സിലാക്കാനും സമൂഹത്തിെൻറ നാനാതുറകളിലുള്ളവരും വിവിധ മതവിശ്വാസികളും പള്ളിയിലെത്തിയത് ജില്ലയിലെതന്നെ ആദ്യ അനുഭവമായി മാറി.
ഇസ്ലാമും അതിെൻറ ആരാധനകളും ആരാധനാലയങ്ങളും സുതാര്യമാണെന്ന സന്ദേശമുയർത്തിപ്പിടിച്ച് പരസ്പരമുള്ള തെറ്റിദ്ധാരണകൾ അകറ്റുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ ക്ഷണിക്കപ്പെട്ട വ്യക്തികളാണ് സംബന്ധിച്ചത്.
ജീവിതത്തിൽ ആദ്യമായി മസ്ജിദിനകത്ത് പ്രവേശിക്കാനും ആരാധനകൾക്ക് സാക്ഷ്യംവഹിക്കാനും സാധിച്ചതിെൻറ സന്തോഷം ജുമുഅ നമസ്കാരാനന്തരം നടന്ന സൗഹൃദ സദസ്സിൽ സംസാരിച്ചവർ പങ്കുവെച്ചു. സാമൂഹിക അകലമെന്നത് മാനസിക അകലമാക്കി മാറ്റാനുള്ള ബോധപൂർവ ശ്രമങ്ങൾക്കുള്ള മറുപടിയാണ് ഈ സംഗമമെന്ന് ചടങ്ങിൽ സംസാരിച്ച അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ പറഞ്ഞു. വിവിധ കോണുകളിൽനിന്ന് മതധ്രുവീകരണം ഭയാനകമായ തോതിൽ സൃഷ്ടിക്കപ്പെടുന്നതിനെ പ്രതിരോധിക്കാൻ എല്ലാവരും ജാഗ്രതപുലർത്തണമെന്ന് റിട്ട. ഐ.എ.എസ് ഓഫിസർ ബാലഗോപാലൻ ആഹ്വാനം ചെയ്തു.
ജോലി സംബന്ധമായി പല ദേവാലയങ്ങളിലും പോവേണ്ടി വന്നപ്പോൾ എന്തിനാണ് ഇവിടെ വന്നത്, പുണ്യസ്ഥലമല്ലേ എന്നുപറഞ്ഞ് ഇറക്കിവിട്ട അനുഭവമുണ്ടായിട്ടുണ്ടെന്ന് ജോൺ മാത പറഞ്ഞു. ജാതി-മത ഭേദമില്ലാതെ തന്നെ ഒരുമിച്ചുകൂടാൻ കഴിയുന്ന മനസ്സുള്ളവരാവുകയും ഇതര മതങ്ങളിൽ ആരും കൈകടത്താതിരിക്കുകയും ചെയ്യുേമ്പാൾ ഉത്തമ സമൂഹം സൃഷ്ടിക്കപ്പെടുമെന്ന് പ്രസന്നകുമാർ അഭിപ്രായപ്പെട്ടു. അറിയാനും അറിയിക്കാനുമുള്ള വേദികളാണ് ഇത്തരം സംഗമങ്ങളെന്നും മനുഷ്യത്വത്തിന് മതമില്ലെന്നും മതേതരത്വം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്നും വിജയൻ കുരിക്കൾ വ്യക്തമാക്കി.
കൽപറ്റ നഗരസഭ കൗൺസിലർ വിനോദ്, കെ.കെ.എസ്. നായർ, രഞ്ജിത്ത്, വേലായുധൻ (എസ്.ബി.ഐ), പി.ടി. പ്രകാശൻ, ഡോ. ദുഷ്യന്തൻ, ജയൻ, സിജീഷ് പാൽവെളിച്ചം, അശോകൻ, ശങ്കരൻ, പി.ടി. വർഗീസ്, ശിവദാസൻ എന്നിവരും സംസാരിച്ചു. കൽപറ്റ മസ്ജിദ് മുബാറക് ഖത്തീബ് ടി.പി. യൂനുസ് നേതൃത്വം നൽകി. മസ്ജിദ് കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിരായിൻ ഹാജി അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് സ്വാഗതവും മസ്ജിദ് കമ്മിറ്റി സെക്രട്ടറി ഫാറൂഖ് സലീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.