എന്റെ കേരളം പ്രദർശന വിപണന മേള കാണാനെത്തിയവർ
കൽപറ്റ: ഇരുന്നൂറോളം സ്റ്റാളുകളും സാംസ്കാരിക പരിപാടികളും സെമിനാറുകളും നൂതന സാങ്കേതിക സംവിധാനങ്ങളും കോര്‍ത്തിണക്കിയ ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേള എന്റെ കേരളത്തിന് തിരക്കേറുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കല്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ മൈതാനത്ത് നടക്കുന്ന മേളയില്‍ കുട്ടികള്‍ മുതൽ മുതിര്‍ന്നവര്‍ വരെയുള്ള വിവിധ ഉദ്ദേശ സ്റ്റാളുകളാണ് സജീവമായത്.
വയനാടന്‍ മലനിരകളും ഏറുമാടങ്ങളും ചേര്‍ന്നൊരുക്കുന്ന പ്രധാന കവാടം കടന്നാല്‍ വിശാലമായ പ്രദര്‍ശന സ്റ്റാളുകളായി. എന്റെ കേരളം, കേരളം ഒന്നാമത് എന്ന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാളാണ് ഒന്നാമതായി സജ്ജീകരിച്ചിരിക്കുന്നത്.
കേരളം കൈവരിച്ച നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെ നേര്‍ചിത്രമാണ് ഇവിടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ കാണാനുള്ളത്. ഇതേ സ്റ്റാളില്‍ 360 ഡിഗ്രി ഫോട്ടോ റൊട്ടേറ്റിങ്ങ് സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാമതായി ടൂറിസം വകുപ്പ് നൂതനമായി വിപുലമായ സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കാസര്‍കോട് സുരങ്ക കിണറും ഏലമലക്കാടും പ്രദര്‍ശനമേളയില്‍ കാണാം.
പൊലീസ് തുടങ്ങി വിവിധ വകുപ്പുകളുടെ സ്റ്റാളുകളും വിവിധ വകുപ്പുകളുടെ അമ്പതിലധികം സ്റ്റാളുകളും സൂഷ്മ ഇടത്തരം സംരംഭങ്ങളുടെയും വ്യവസായ വകുപ്പിന്റെ നൂറ്റിപതിനൊന്നോളം സ്റ്റാളുകളും ഒന്നിനൊന്ന് ജനശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
നാടന്‍പാട്ടുകള്‍ക്ക് പുതിയതാളവും വേഗവും നല്കിയ പാലാപ്പള്ളി.... തിരുപ്പള്ളി ഫെയിം അതുല്‍ നറുകര ബുധനാഴ്ച എന്റെ കേരളം വേദിയിലെത്തും. കലാസ്വാദകര്‍ക്ക് വേറിട്ട അനുഭവം തീര്‍ക്കാന്‍ കല്പറ്റ എസ്. കെ.എം.ജെ ഹൈസ്കൂള്‍ മൈതാനത്ത് വൈകീട്ട് 6.30 നാണ് അതുല്‍ നറുകരയുടെയും സംഘത്തിന്റെയും സോള്‍ ഓഫ് ഫോക്സ് നാടന്‍ പാട്ടുകള്‍ അരങ്ങേറുക.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന മേളയുടെ മൂന്നാം ദിനമായ ബുധനാഴ്ച രാവിലെ പത്തിന് മധുരമീ ബാല്യം കുരുത്തോല കളരിയില്‍ കുട്ടികള്‍ക്കായി തെങ്ങോലകള്‍ കൊണ്ടുളള കളിപ്പാട്ടങ്ങളും അലങ്കാരങ്ങളും പരിചയപ്പെടുത്തും.
ആഷോ സമം ആണ് എന്റെ കേരളം വേദിയിലെ കുട്ടികളുടെ ഏരിയയില്‍ കുരുത്തോല കളരി പരിചയപ്പെടുത്തുന്നത്. ഇതോടൊപ്പം കുടുംബശ്രീയുടെയും ഹോമിയോപ്പതി വകുപ്പിന്റെ സെമിനാറുകളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.