റോഡ് പ്രവൃത്തിയിൽ വീഴ്ച; കരാറുകാരനെ ഒഴിവാക്കി

കല്‍പറ്റ: റോഡ് നിര്‍മാണം പൂർത്തീകരിക്കുന്നതിൽ വീഴ്ചവരുത്തിയ കരാർ കമ്പനിയെ ഒഴിവാക്കി. കൽപറ്റ നിയോജക മണ്ഡലത്തിൽക്കൂടി കടന്നുപോകുന്ന മലയോര ഹൈവേയുടെ നിർമാണം ഏറ്റെടുത്ത തമിഴ്‌നാട് ഈ റോഡിലുള്ള ആർ.എസ്. ഡെവലപേഴ്‌സ് ആൻഡ് കൺസ്ട്രക്ഷൻ കമ്പനിയെയാണ് കേരള റോഡ് ഫണ്ട് ബോർഡ് ഒഴിവാക്കിയത്. കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

മലയോര ഹൈവേ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നവീകരിക്കുന്ന റോഡിന്റെ നിർമാണത്തിലാണ് കരാറെടുത്ത കമ്പനി വീഴ്ചവരുത്തിയത്. മലയോര ഹൈവേയുടെ ഭാഗമായി നിര്‍മാണം ആരംഭിച്ച മാനന്തവാടി-കൽപറ്റ റോഡിലെ പച്ചിലക്കാടുനിന്നും തുടങ്ങി കൈനാട്ടി-കൽപറ്റ ബൈപാസ്- മേപ്പാടി- ചൂരൽമല- അരുണപ്പുഴ റോഡിന്റെ നിർമാണമാണ് മൂന്നുവർഷമായിട്ടും എങ്ങുമെത്താതെ നിൽക്കുന്നത്. നാലുതവണ കരാര്‍ നീട്ടി നല്‍കിയിട്ടും 30 ശതമാനം നിര്‍മാണം പോലും പൂര്‍ത്തിയാക്കിയില്ലെന്നാണ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉത്തരവിലുള്ളത്. പച്ചിലക്കാടുനിന്ന് കൈനാട്ടിവരെ 6.2 കിലോമീറ്ററും കൽപറ്റ ബൈപാസിൽ 3.8 കിലോമീറ്ററും മേപ്പാടിയിൽനിന്ന് അരുണപ്പുഴവരെ 2.25 കിലോമീറ്ററും ദൂരമാണുള്ളത്. ആകെ 12.25 കിലോമീറ്റർ നീളമുള്ള റോഡിന്റെ പണി പൂർത്തിയാക്കാനായിരുന്നു കരാർ.

2019 ജൂൺ 29നാണ് കരാർ നൽകിയത്. ഒന്നര വർഷം കൊണ്ട് പണി പൂർത്തിയാക്കുന്ന രീതിയിലായിരുന്നു ഉടമ്പടി. എന്നാൽ, ഇതുണ്ടായില്ല. കരാറുകാരൻ ആവശ്യപ്പെട്ട പ്രകാരം റോഡ്‌പണി പൂർത്തിയാക്കാൻ നാലുതവണ അധികൃതർ സമയം നീട്ടി നൽകിയെങ്കിലും പൂർത്തിയായില്ല.

Tags:    
News Summary - Failure in road works; Contractor excluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.