കൽപറ്റ: കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടത് എട്ടു പേർ. ചൊവ്വാഴ്ച നൂൽപുഴ ഇരുമ്പുപാലത്തിനു സമീപം കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട നൂൽപുഴയിലെ മാനുവും ബുധനാഴ്ച അട്ടമല സ്വദേശി ഏറാക്കുണ്ട് ഉന്നതിയിലെ ബാല കൃഷ്ണനുമാണ് ഒടുവിലെ ഇരകൾ. ഇക്കാലയളവിൽ കൊല്ലപ്പെട്ടവരിൽ എട്ടു പേരെയും കാട്ടാനകളാണ് ആക്രമിച്ചത്.
കഴിഞ്ഞ 34 ദിവസത്തിനിടെ ജില്ലയിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേരാണ്. 2024 ഫെബ്രുവരി 10ന് മാനന്തവാടി ചാലിഗദ്ധ പടമല പനച്ചിയിൽ അജീഷാണ് കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞവർഷം ആദ്യം കൊല്ലപ്പെട്ടത്. അജീഷിന്റെ മരണ വാർഷിക ദിനത്തിന്റെ പിറ്റേന്നാണ് നൂൽപുഴയിൽ മാനുവും കാട്ടാനക്കലിയിൽ കൊല്ലപ്പെടുന്നത്. ബേലൂർ മഖ്നയെന്ന കാട്ടാന അജീഷിനെ പിന്തുടർന്നെത്തി ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ പ്രതിഷേധമണയുന്നതിനു മുമ്പേ ഫെബ്രുവരി 16നു വീണ്ടും കാട്ടാന മനുഷ്യജീവനെടുത്തു.
കുറുവ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ (52) ആണു കൊല്ലപ്പെട്ടത്. ജനുവരി എട്ടിന് രാത്രി പുൽപള്ളി ചേകാടിയിലായിരുന്നു മനുഷ്യജീവനെടുത്ത ഈ വർഷത്തെ ആദ്യ വന്യജീവി ആക്രമണം. കർണാടക കുട്ട സ്വദേശി വിഷ്ണുവാണ് (22) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോൾ മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കാപ്പി പറിക്കാൻ പോയ രാധയെ (45) കടുവ കൊന്നുതിന്നു. ഇതിന്റെ പ്രതിഷേധങ്ങളും അലയൊലികളും അടങ്ങും മുമ്പേയാണ് മാനുവും ബാലകൃഷണനും കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഏഴു വർഷത്തിനിടെ മേപ്പാടി പ്രദേശത്ത് മാത്രം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഒമ്പത് പേരാണ്. അതിൽ ഭൂരിഭാഗവും കാട്ടാനയാണ് വില്ലൻ.
◆ 2024 ജനുവരി 31 -തോൽപെട്ടി ബാർഗിരി എസ്റ്റേറ്റ് പാടിയിലെ ലക്ഷ്മണൻ
◆ ഫെബ്രുവരി 10 -പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയിൽ അജീഷ്
◆ ഫെബ്രുവരി 16 -വനസംരക്ഷണസമിതി ജീവനക്കാരൻ പുൽപള്ളി പാക്കം പോൾ
◆ മാർച്ച് 28 -വയനാട്-മലപ്പുറം അതിർത്തിയായ പരപ്പൻപാറയിൽ മിനി
◆ ജൂലൈ 16 -കല്ലൂർ കല്ലുമുക്ക് രാജു
◆ 2025 ജനുവരി എട്ട് -ചേകാടിയിൽ കർണാടക കുട്ട സ്വദേശി വിഷ്ണു
◆ ഫെബ്രുവരി 11 -നൂൽപുഴ ഉന്നതിയിലെ മാനു
◆ ഫെബ്രുവരി 12 -അട്ടമല ഏറാക്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.