കല്പറ്റ: മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവായതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍നിന്ന് ആറു വര്‍ഷത്തേക്കു സസ്പെന്‍ഡ് ചെയ്ത ഡി.സി.സി പ്രസിഡന്റിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് മുട്ടില്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ നിഷ സുധാകരന് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
ജൂലൈ 26ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശ്രീദേവി ബാബുവിന് വോട്ട് ചെയ്തില്ലെന്ന് പറഞ്ഞാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കാണ് വോട്ട് ചെയ്തത്. ബാലറ്റ് പേപ്പറില്‍ പേര് എഴുതിയെങ്കിലും ഒപ്പിടാതെ പെട്ടിയില്‍ നിക്ഷേപിച്ചതാണ് വോട്ട് അസാധുവാകാന്‍ കാരണമായത്. ബോധപൂര്‍വം വരുത്തിയ പിഴവല്ല.
ഇതേ തെരഞ്ഞെടുപ്പില്‍ പേര് തെറ്റിച്ചെഴുതിയ കോണ്‍ഗ്രസ് അംഗം കെ.എസ്. സ്കറിയയുടെ വോട്ടും അസാധുവായിരുന്നു. എന്നാല്‍, സ്കറിയയ്ക്കെതിരേ പാര്‍ട്ടി നടപടി ഉണ്ടായില്ല. തന്നെ പാര്‍ട്ടിയില്‍നിന്നു സസ്പെന്‍ഡ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് അറിയിച്ചിട്ടില്ല. മാധ്യമങ്ങള്‍ മുഖേനയാണ് സസ്പെന്ഷന് വിവരം അറിഞ്ഞതെന്നും ഇവർ പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിച്ചു. മഹിള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ വീടുകള്‍ കയറിയിറങ്ങി തനിക്കെതിരേ പ്രചാരണം നടത്തി.
എങ്കിലും മെച്ചപ്പെട്ട ഭൂരിപക്ഷത്തിന് വിജയിച്ചു. തെരഞ്ഞെടുപ്പില്‍ എതിര് പ്രചാരണം നടത്തിയതിന് മഹിള കോണ്‍ഗ്രസ് നേതാവിനെതിരേ യു.ഡി.എഫ് വാര്‍ഡ് ചെയര്‍മാനും കണ്‍വീനറും ഉള്‍പ്പെടെ 25 പേര് ഒപ്പിട്ട പരാതി ഡി.സി.സി പ്രസിഡന്റിന് നല്‍കിയിരുന്നു.
ഈ പരാതിയില്‍ ഇതുവരെ നടപടി ഉണ്ടായില്ല. ഹിന്ദു ഈഴവ വിഭാഗത്തില്‍പ്പെട്ട തന്നെ ഒറ്റപ്പെടുത്താനും ഒതുക്കാനും മുട്ടില്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ മുമ്പേ ശ്രമിച്ചിരുന്നു. പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുന്നതിനും അനാവശ്യ അച്ചടക്ക നടപടിക്കുമെതിരേ കെ.പി.സി.സി പ്രസിഡന്റിന് പരാതി നല്‍കിയതായും നിഷ സുധാകരന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.