നിയമ പരിരക്ഷയുണ്ടായിട്ടും ആനുകൂല്യങ്ങൾ ലഭിക്കാതെ ഭിന്നശേഷി ജീവനക്കാർ

കൽപറ്റ: അവകാശ സംരക്ഷണത്തിന് നിയമ പരിരക്ഷയുണ്ടായിട്ടും അര്‍ഹമായ അനൂകുല്യങ്ങൾ സർക്കാർ സർവിസിലെ ഭിന്നശേഷി ജീവനക്കാർക്ക് ഇപ്പോഴും അകലെ. ലോക ഭിന്നശേഷി ദിനം ആചരിക്കുമ്പോഴും ഭിന്നശേഷി സൗഹൃദമാകാതെ സർക്കാർ ഓഫിസുകളിൽ ഇവർ ഇപ്പോഴും പലതരത്തിലുള്ള വിവേചനങ്ങൾ നേരിടുകയാണ്.

ഇതോടൊപ്പം ഇവർക്ക് നിയമം ഉറപ്പാക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരുതരത്തിലുള്ള ഇടപെടലും സർക്കാർ തലത്തിൽ ഉണ്ടാകുന്നില്ലെന്നും ഭിന്നശേഷി ജീവനക്കാർ ആരോപിക്കുന്നു. വിവിധ കാരണങ്ങളാല്‍ സര്‍ക്കാര്‍ ജീവനക്കാരന് ലഭിക്കേണ്ട ഗ്രേഡും വാര്‍ഷിക ഇന്‍ക്രിമെന്റും സ്ഥാനക്കയറ്റവും ലഭിക്കാതെ നിരവധി പേരാണ് വര്‍ഷങ്ങളായി ഒരേ തസ്തികയില്‍ തുടരുന്നത്.

ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെയുള്ള പരാതികളില്‍ തുടര്‍നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. സര്‍വിസിലെത്തുന്നതോടെ ഭിന്നശേഷിക്കാര്‍ക്കുള്ള മറ്റു ആനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും സര്‍വിസ് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്യുന്നു. കലക്ടറുടെ പ്രത്യേക ഉത്തരവ് പ്രകാരമോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയോ വളരെ വൈകിയാണ് മിക്കപ്പോഴും ഭിന്നശേഷിക്കാര്‍ക്ക് നിയമനം ലഭിക്കുന്നത്.

ഇതോടെ കുറഞ്ഞ സര്‍വിസ് കാലാവധി മാത്രമുള്ള ഇവര്‍ക്ക് പെന്‍ഷനായും നാമമാത്ര തുകയാണ് ലഭിക്കുന്നത്. ഭിന്നശേഷിക്കാര്‍ക്ക് 1600 രൂപ വരെയാണ് പെന്‍ഷന്‍ ലഭിക്കുന്നത്. എന്നാല്‍, സര്‍വിസിലുള്ളവര്‍ക്ക് ഇത് 350 മുതല്‍ 535 രൂപ വരെയാണ്. പെന്‍ഷനുള്ള മിനിമം സര്‍വിസില്ലെന്ന കാരണത്താലാണ് കുറഞ്ഞ പെന്‍ഷന്‍ ലഭിക്കുന്നത്.

ജോലി സ്ഥിരപ്പെടുന്ന സമയത്ത് പുതിയ തസ്തിക സൃഷ്ടിക്കുമെന്ന് പറഞ്ഞാണ് ജോലി നല്‍കുന്നതെന്നും പിന്നീട് ഈ തസ്തിക ഇല്ലാതായാലും പുനഃക്രമീകരണത്തിന് സംവിധാനമില്ലെന്നും ഭിന്നശേഷി ജീവനക്കാര്‍ പറയുന്നു. സ്ഥാനക്കയറ്റത്തിലെ സംവരണം നടപ്പാക്കാത്തതിന് പുറമെ സ്ഥലമാറ്റത്തിലും ഭിന്നശേഷിക്കാര്‍ക്ക് പരിഗണന ലഭിക്കുന്നില്ല.

സ്ഥലംമാറ്റ ഉത്തരവില്‍ പ്രഥമ പരിഗണന ഭിന്നശേഷിക്കാര്‍ക്ക് നല്‍കണമെന്നാണെങ്കിലും ഇത് നല്‍കാത്തത് കാരണം സ്വന്തം ജില്ലക്ക് പുറത്തുപോയി ജോലി ചെയ്യേണ്ട സാഹചര്യവും നിലവിലുണ്ട്. സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായും ഭിന്നശേഷി സൗഹൃദമാകാത്തതും ഇവര്‍ക്ക് വെല്ലുവിളിയാണ്.

മൂന്നാം നിലയിലെ ഓഫിസിലെത്താനുള്ള പ്രയാസം കാരണം സ്ഥാനക്കയറ്റം വേണ്ടെന്ന് വെക്കേണ്ട അവസ്ഥയുണ്ടായതായും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അവകാശ, ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ജീവനക്കാര്‍.

ഭിന്നശേഷി ജീവനക്കാരുടെ ഉപവാസ സമരം ഇന്ന് 

കല്‍പറ്റ: ആനുകൂല്യ നിഷേധങ്ങള്‍ക്കെതിരെ ലോകഭിന്നശേഷി ദിനമായ ശനിയാഴ്ച രാവിലെ കലക്ടറേറ്റ് പടിക്കല്‍ ഉപവാസ സമരം നടത്തുമെന്ന് ഡിഫ്രന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഡി.എ.ഇ.എ) ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

സൂപ്പര്‍ ന്യൂമററി തസ്തിക ഏകീകരണം നടപ്പാക്കുക, ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിലെ അവ്യക്തത നീക്കുക, സ്ഥലം മാറ്റ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ഭിന്നശേഷിക്കാരെ സ്റ്റാറ്റ്യൂട്ടറി പെന്‍ഷനില്‍ നിര്‍ത്തുക, ലീവ് സറണ്ടര്‍ സമയബന്ധിതമായി അനുവദിക്കുക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് മിനിമം സര്‍വിസ് ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

രാവിലെ 10.30 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് ഉപവാസം അനുഷ്ഠിക്കുക. സമരം അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.എ.ഇ.എ സംസ്ഥാന സെക്രട്ടറി എം. സുനില്‍കുമാര്‍, ജില്ല പ്രസിഡന്റ് ഷിജി ജോണി, സെക്രട്ടറി പി.ആര്‍. ജയപ്രകാശ്, സംസ്ഥാന കമ്മിറ്റിയംഗം കെ.എന്‍. റഹ്മത്തുല്ല എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Disabled employees without benefits despite legal protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.